2010-09-27 19:32:19

സാമ്പത്തികമാന്ദ്യത്തിന്‍റെ പേരില്‍
പാവങ്ങളെ അവഗണിക്കരുത്


27 സെപ്തംമ്പര്‍ 2010
പാവങ്ങളെ അവഗണിക്കുവാനുള്ള ഒഴുവികഴിവായി ആഗോള സാമ്പത്തീക പ്രതിസന്ധിയെ രാഷ്ട്രങ്ങള്‍ എടുക്കരുതെന്ന് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍റെ വക്താവ് റോമില്‍ പ്രസ്താവിച്ചു.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലെ, ‘രാഷ്ട്രങ്ങളുടെ സാമ്പത്തിക മാന്ദ്യവും,
തങ്ങളുടെ വന്‍സ്ഥാപനങ്ങളെ തകര്‍ച്ചയില്‍നിന്നും ഉയര്‍ത്തിയെടുക്കാനുള്ള അശ്രാന്ത പരിശ്രമവും...’ എന്ന പ്രയോഗത്തെ പരാമര്‍ശിച്ചുകൊണ്ട്, സെപ്തംമ്പര്‍ 25-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍ ടെലിവിഷന്‍റെ ഒത്താവോ ദിയെസ്, എട്ടാം-ദിനം എന്ന വാരാന്ത്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫാദര്‍ ലൊമ്പാര്‍ഡി, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി. തങ്ങളുടെ സാമ്പത്തിക നിലനില്പിനെ ബാധിക്കുന്നതുകൊണ്ടാണ് രാഷ്ട്രങ്ങള്‍ അവരുടെ വന്‍ സമ്പത്തിക പ്രസ്ഥാനങ്ങളെ തകര്‍ച്ചയുടെ വക്കില്‍നിന്നു ഉയര്‍ത്തിയെടുക്കാന്‍ അശ്രാന്തം പരിശ്രമിക്കുന്നതെന്ന്, നിരീക്ഷിച്ച ഫാദര്‍ ലൊമ്പോര്‍ഡി, ലോകത്ത് ഇനിയും വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്ന ജനസഹസ്രങ്ങളോടുള്ള രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം തള്ളിക്കളയാനാവുന്നതിലേറെ വലുതാണെന്ന് ചൂണട്ടിക്കാട്ടി. ആഗോളതലത്തില്‍ മുന്തിനില്ക്കുന്ന ഈ സാമൂഹ്യപ്രതിസന്ധിയെ, ഐക്യ-രാഷ്ട്ര സംഘട വിഭാവനംചെയ്തിരിക്കുന്ന സഹസ്രാബ്ദ വികസന ലക്ഷൃങ്ങളുടെ വെളിച്ചത്തില്‍ കാണേണ്ടതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ആഗോള വികസനപദ്ധതിയില്‍ രാഷ്ട്രങ്ങളുടെ സഹകരണം മാത്രമല്ല, വികസിതരാജ്യങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും സമൂഹ്യപ്രതിബദ്ധതയുള്ള എല്ലാ പ്രസ്ഥാനങ്ങളുടേയും സഹകരണമുണ്ടെങ്കിലെ ദാരിദ്ര്യ-നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാവൂ എന്നും വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍കൂടിയായ ഫാദര്‍ ലൊമ്പ‍ാര്‍ഡി നിര്‍ദ്ദേശിച്ചു.







All the contents on this site are copyrighted ©.