2010-09-22 18:54:39

പുനരൈക്യവാര്‍ഷിക
സമ്മേളനം സമാപിച്ചു


22 സെപ്തംമ്പര്‍ 2010
ഭാരതത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന്‍റെയും അഖണ്ഡതയുടെയും കണ്ണികള്‍ പൊട്ടിക്കാന്‍ സ്വാര്‍ത്ഥതകൊണ്ട് ശ്രമിക്കുന്നവരില്‍നിന്ന് അകന്നു നില്ക്കണമെന്ന് കാതോലിക്കാ ബാവാ, മാര്‍ ബസേലിയോസ് ക്ലീമിസ് പുനരൈക്യവാര്‍ഷിക സമാപനസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മലങ്കരസഭയുടെ 80-ാം പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ച് തിരുവന്തപുരത്ത് പട്ടത്തുള്ള, മാര്‍ ഇവാനിയോസ് നഗറില്‍
സെപ്തംമ്പര്‍ 21-ാം തിയതി, ചെവ്വാഴ്ച നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ക്ലീമിസ്. രാജ്യത്തിന്‍റെ ഐക്യവും നന്മയും തകര്‍ക്കുന്ന നേട്ടങ്ങള്‍ സഭയ്ക്കുവേണ്ടെന്നും, സൗഹാര്‍ദ്ദത്തിന്‍റെയും ഐക്യബോധത്തിന്‍റെയും കണ്ണികള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്നും മനസ്സുകൊണ്ടും ശരീരംകൊണ്ടും സഭാംഗങ്ങള്‍ അകന്നു നില്ക്കണമെന്നും കാതോലിക്കാ ബാവാ ഉദ്ബോധിപ്പിച്ചു.
പുണ്യശ്ലോകനായ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്തിലാണ് 1930-ല്‍ മലങ്കരസഭ പുനരൈക്യപ്പെട്ട് ആഗോളകത്തോലിക്കാ സഭയില്‍ ചേര്‍ന്നത്. വാര്‍ഷീകാഘോഷങ്ങളുടെ സമാപനദിനമായിരുന്ന സെപ്തംമ്പര്‍ 21-ാം തിയതി, വൈകുന്നേരം 3 മണിക്ക് നടന്ന സമൂഹദിവ്യബലിമദ്ധ്യേ അമേരിക്കയില്‍ സ്ഥാപിതമായ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റിന്‍റെ പ്രഥമ മെത്രാനായി, ഫാദര്‍ തോമസ് നായ്ക്കംപറമ്പനെ, തോമസ് മാര്‍ യൗസേബിയോസ് മെത്രാനായി ആര്‍ച്ചുബിഷപ്പ് ക്ലീമിസ് ബാവാ അഭിഷേചിക്കുകയും ചെയ്തു. ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം, ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷ്പ്പ് സാല്‍വത്തോര്‍ പിന്നാക്കിയോയുടെ പ്രതിനിധി മോണ്‍സീഞ്ഞോര്‍ ആല്‍മാദേ, തിരുവല്ലാ മെത്രാപ്പോലിത്താ തോമസ് മാര്‍ കൂറിലോസ്, മാവോലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം, തിരുവന്തപുരം ലത്തീന്‍ അതിരൂപതാദ്ധ്യക്ഷന്‍ ഡോ. സൂസാപാക്യവും മറ്റു മെത്രാന്മാര്‍, വൈദികര്‍, സന്യസ്ഥര്‍, അല്‍മായപ്രമുഖര്‍ തുടങ്ങിയവര്‍‍‍‍‍‍ സന്നിഹിതരായിരുന്നു.







All the contents on this site are copyrighted ©.