2010-09-19 19:15:07

മാര്‍പാപ്പ പങ്കെടുത്ത
ഹൈഡ് പാര്‍ക്കിലെ ജാഗരപ്രാര്‍ത്ഥന


18 സെപ്തംമ്പര്‍ 2010
ബ്രിട്ടീഷ് ദ്വീപുകള്‍ക്കപ്പുറവും അനേകായിരങ്ങളെ തന്‍റെ ജീവിതംകൊണ്ട് സ്വാധീനിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ന്യൂമാന്‍, തന്‍റെ ജീവിതത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ ജാഗരപ്രാര്‍ത്ഥന മദ്ധ്യേയുള്ള തന്‍റെ പ്രഭാഷണം ആരംഭിച്ചത്. കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് ഒരുക്കമായിരുന്നു ഏറെ യുവജനങ്ങളും പങ്കേടുത്ത ജാഗരപ്രാര്‍ത്ഥന. ദൈവീകപദ്ധതിയുടെ വിശാലമായ ചക്രവാളത്തില്‍ നമ്മുടെ ജീവിതങ്ങളെ വിലയിരുത്തിക്കൊണ്ട് ഓരോ കാലഘട്ടത്തിലും ഓരോ സ്ഥലത്തുമുള്ള സഭാകൂട്ടായ്മയില്‍, കര്‍ദ്ദിനാള്‍ ന്യൂമാന്‍ സ്നഹിക്കുകയും ജീവന്‍ സമര്‍പ്പിക്കുകയും ചെയ്ത അതേ അപ്പസ്തോലിക സഭയില്‍, രക്തസാക്ഷികളുടെ സഭയില്‍, വിശുദ്ധരുടെ സഭയില്‍ ജീവിക്കുവാനും വളരുവാനും അദ്ദേഹം ഇന്നു നമ്മെയും ക്ഷണിക്കുകയാണെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

ഒരു യുവാവായിരുന്നപ്പോള്‍ തന്നിലുണ്ടായ ശക്തമായ ഒരു മാനസാന്തരത്തിന്‍റെ അനുഭവത്തിലൂടെയാണ് തനിക്ക് ഒരു പുതിയ ജീവിതപാത ഉരുത്തിരിഞ്ഞത്, ന്യൂമാന്‍ തന്നെ രേഖപ്പെടുത്തുന്നു.
സത്യമായ ദൈവവചനത്തിന്‍റെ പെട്ടന്നുണ്ടായ വ്യക്തിഗത-അനുഭവവും,
സഭയില്‍ കൈമാറിയിട്ടുള്ള ക്രിസ്തീയ വെളിപാടിന്‍റെ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളുടെയും അനുഭവമാണ് ഈ മാറ്റത്തിനു കാരണം.
ഒരേ സമയത്ത് ബുദ്ധിപരവും ആത്മീയവുമായ ആ അനുഭവം,
ഒരു സുവിശേഷ ശുശ്രൂഷകനാകാനുള്ള പ്രചോദനവും, സഭയുടെ പ്രബോധനാധികാരത്തെക്കുറിച്ചുള്ള വിവേചനവും, അപ്പസ്തോലിക പാരമ്പര്യത്തെ ആധാരമാക്കി സഭാജീവിതത്തെ നവീകരിക്കാനുള്ള തീക്ഷ്ണതയും ന്യൂമാനു നല്കി. ന്യൂമാന്‍റ ജീവിതാന്ത്യത്തില്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്ന ഒരു പ്രതിബദ്ധത, വിശ്വാസത്തെ അല്ലെങ്കില്‍ സഭാജീവിതത്തെ തീര്‍ത്തും ഒരു വ്യക്തിഗതവും സ്വകാര്യവുമായ അഭിപ്രായമാക്കി വെട്ടിച്ചുരുക്കുവാനുള്ള ആധുനികയുഗത്തിന്‍റെ പ്രവണതയെക്കുറിച്ചായിരുന്നു.
വാഴ്ത്തപ്പെട്ട ന്യൂമാന്‍ തരുന്ന പ്രാഥമിക പാഠം ഇതാണ്... ബുദ്ധിപരവും ധാര്‍മ്മികവുമായ ആപേക്ഷികസിദ്ധാന്തം ഇന്നത്തെ സമൂഹത്തിന്‍റെ അടിത്തറയ്ക്കു തുരങ്കംവയ്ക്കുമ്പോള്‍, ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീ-പുരുഷന്മാരെന്ന നിലയില്‍ നാം പരിശ്രമിക്കേണ്ടത്, സത്യം അറിയുന്നതിനും, ആ സത്യത്താല്‍ സ്വതന്ത്രരായി മനുഷ്യാഭിലാഷങ്ങളുടെ ആഴമായ സാഫല്യത്തില്‍ എത്തിച്ചേരുന്നതിനുമാണ്. ചുരുക്കത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നത് ‘വഴിയും സത്യവും ജീവനുമായ’ ക്രിസ്തുവിനെ അറിയുന്നതിനാണ്, ജോണ്‍ 14, 6.
 







All the contents on this site are copyrighted ©.