2010-09-18 19:54:25

വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍
ആത്മീയതയുടെ നിത്യപ്രകാശം


 ആത്മീയതലത്തില്‍ ബ്രിട്ടണെ മാത്രമല്ല ലോകത്തെ മുഴുവനും സ്വാധീനിച്ചിട്ടുള്ള ഒരു മഹാപണ്ഡിതനും ആത്മീയാചാര്യനും ഗ്രന്ഥകാരനുമായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാന്‍. 20-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിന്‍റെ മതാത്മക ജീവിതത്തില്‍ നിറഞ്ഞുനിന്ന്, ആഗോള കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലേയ്ക്ക് 1845-ല്‍ പുനരൈക്യപ്പെട്ടു കടന്നുവന്ന ആത്മീയ ഗൂരുവാണ് അദ്ദേഹം.

ജീവിതം (1801 – 1890)
വിഭാഗീയതയും സ്വാര്‍ത്ഥതാല്പര്യങ്ങളും സഭാഗാത്രത്തില്‍ ഉളവാക്കിയ മുറിവുകളില്‍, ഐക്യത്തിന്‍റെ ഔഷധക്കൂട്ടുകള്‍ വച്ചുകെട്ടി, ദൈവകരങ്ങളില്‍ സൗഖ്യദാനത്തിന്‍റെ ഉപകരണമാകുവാന്‍ പരിശുദ്ധാത്മാവിനാല്‍ നിയുക്തനായിത്തീര്‍ന്ന കര്‍ദ്ദിനാള്‍ ന്യൂമാന്‍, സഭൈക്യ-പ്രസഥാനത്തിന്‍റെ ശക്തനായ പ്രവാചകന്‍, ദാര്‍ശനികന്‍, Oxford പ്രസ്ഥാനത്തിന്‍റെ ശക്തനായ സാരഥി, എഴുത്തുകാരന്‍, കവി എന്നിങ്ങനെ ലോകം അറിയപ്പെട്ട ഒരു ആത്മീയാചാര്യനാണ്...

ജോണ്‍ ഹെന്‍ററി ന്യൂമാനെന്നാണ് അദ്ദേഹത്തന്‍റെ മുഴുവന്‍ പേര്. ജോണ്‍ ന്യൂമാന്‍റെയും ജെമീനായുടെയും പുത്രനായി 1801 ഫെബ്രുവരി 21-ാം തിയതി ലണ്ടനില്‍ ജനിച്ചു. 7-ാം വയസ്സില്‍ Great Earling School-ല്‍ തന്‍റെ പ്രാധമിക വിദ്യാഭ്യാസമാരംഭിച്ചു. കുട്ടിക്കാലത്ത് പൊതുവെ ശാന്തനും പതുങ്ങിയതുമായ പ്രകൃതക്കാരനായ ജോണ്‍ ഹെന്‍ററിയുടെ ഇഷ്ടവിനോദം ബൈബിള്‍ പാരായണമായിരുന്നു. ഹെന്‍ററിയെ വാള്‍ട്ടര്‍ സ്കോട്ടിന്‍റെ നോവലുകള്‍, Pine, Hume എന്നിവരുടെ രചനകളും സ്വാധീനിച്ചിട്ടുണ്ട്. കാല്‍വനിസത്തിന്‍റെ ശ്കതമായ വേരോട്ടമുള്ള ഇംഗ്ളണ്ടിന്‍റെ മണ്ണില്‍ വളര്‍ന്ന ജോണ്‍ ഹെന്‍ററി, ക്യാല്‍വിന്‍‍ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടമായി എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. വിശാലവും സമഗ്രവുമായി പഠനത്തിനായി അവസരം കിട്ടിയ അദ്ദേഹം, Oxford, Trinity College-ല്‍ ചേര്‍ന്നു.
ഉന്നതവിജയം നേടാനുള്ള അതിരുകവിഞ്ഞ ആകുലതയും വ്യഗ്രതയും ജോണിന് സമ്മാനിച്ചത് ഒരു ശാരാശരി വിജയം മാത്രമായിരുന്നു. പിന്നീട് അദ്ദേഹം ആംഗ്ലിക്കന്‍ സെമിനാരിയില്‍ ചേര്‍ന്നു. 1824 ജൂണ്‍ 13-ന് ഡീക്കനായും 1825 മെയ് 25-ന് ഒരു ആംഗ്ളിക്കന്‍ വൈദികനായും അഭിഷിക്തനായ ഹെന്‍ററി ന്യൂമാന്‍ ശക്തമായ ദര്‍ശനങ്ങളും കര്‍മ്മശേഷിയുമുള്ള ഒരു അജപാലകനായി ആംഗ്ലിക്കന്‍ സഭയില്‍ പതിനഞ്ചു വര്‍ഷക്കാലം ശുശ്രൂഷചെയ്തു. അജപാലന ശുശ്രൂഷയില്‍ ഊന്നിനിന്നുകൊണ്ട് പിന്നെയും തുടര്‍ന്ന പഠനങ്ങള്‍ അദ്ദേഹത്തിന് ആനുകാലിക ആത്മീയ ചിന്തകളിലേയ്ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്കി.

അപ്പസ്തോലിക സഭയും സഭാപിതാക്കന്മാരും ആദ്യ നൂറ്റാണ്ടിലെ സഭാപണ്ഡിതന്മാരും ന്യൂമാന്‍റെ ചിന്തകളെ ഏറെ അമ്പരപ്പിച്ചിരുന്നു.
വിഭാഗിക ചിന്തകള്‍ക്കപ്പുറം ദൈവീകരഹസ്യങ്ങളില്‍നിന്നു ചുരുളഴിഞ്ഞിരുന്ന ക്രിസ്തീയ ജീവിതത്തിന്‍റെ അന്തസ്സും ആഴവും അദ്ദേഹത്തിനു മനസ്സിലായി. ക്രിസ്തീയ വിശ്വാസം താത്വികമായ തലത്തില്‍ മാത്രം നല്കുന്ന ഒരു പ്രസ്ഥാനമല്ല, മറിച്ച് അത് ജീവല്‍ബന്ധിയാണെന്നും അനുദിനം ജീവിച്ച്, ജീവിതാനുഭവമാക്കി മറ്റേണ്ട സത്യമാണെന്നും അദ്ദേഹം മനസ്സിലാക്കി.
ഉള്ളിലുണര്‍ന്ന തീക്ഷ്ണതയുമായി അദ്ദേഹം 1833-ല്‍ ആംഗ്ളിക്കന്‍ സഭയുടെ നവീകരണത്തിനും അതിന്‍റെ അപ്പസ്തോലിക വിശ്വാസ നവോത്ഥാനത്തിനുമായി പരിശ്രമിച്ചു. അങ്ങിനെ ആംഗ്ലിക്കന്‍ ചര്‍ച്ചിന്‍റെ ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ തലങ്ങളില്‍ കൈമോശം വന്നുപോയ പാരമ്പര്യങ്ങളുടെ പുനര്‍ജ്ജീവനത്തിനായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയോട് ചേര്‍ന്ന് ന്യൂമന്‍ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് Oxford Movement. ഈ പ്രസ്ഥാനം ആംഗ്ലിക്കന്‍ സഭയെ കത്തോലിക്കാ സഭയുടെ മൂന്നു ശാഖകളില്‍ ഒന്നായി കണക്കാക്കി. Branch theory ശാഖാ-തത്വം എന്ന് ന്യൂമാന്‍ തന്നെ അതിനെ വിശേഷിപ്പിക്കുകയും വിവരിക്കുകയും ചെയ്തിരുന്നു. Orthodox, Anglican, Roman Catholic എന്നിവ, ഏകകത്തോലിക്കാ സഭയുടെ മൂന്നു വിഭിന്ന ശാഖകളായി, അദ്ദേഹം വ്യാഖ്യാനിച്ചു. രാജഭരണത്തിന്‍ കീഴിലും അന്നത്തെ പൊതു രാഷ്ട്രീയ കരിപടലത്തിലും മൂടിക്കിടന്ന ജനങ്ങളുടെ ആത്മീയ ജീവിതം അപ്പസ്തോലിക പാരമ്പര്യത്തില്‍ നവോത്ഥരിക്കുന്നതിനുവേണ്ടി
ന്യൂമനും പുതിയ പ്രസ്ഥാനത്തിന്‍റെ അനുയായികളും ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭാധികാരികളെ തങ്ങളുടെ പുതിയ ചിന്താധാര അറിയിച്ചുവെങ്കിലും അതു തിരസ്കരിക്കപ്പെടുകയായിരുന്നു.

തന്‍റെ നവീകരണചിന്തകള്‍ ആംഗ്ലിക്കന്‍ സഭയ്ക്ക് അംഗീകരിക്കാനാവില്ലെന്ന്
സാവാധാനം ന്യൂമന് പൂര്‍ണ്ണമായി മനസ്സിലായി. അദ്ദേഹത്തിന് വെളിപ്പെടുത്തപ്പെട്ടു കിട്ടിയ സത്യം തിരസ്കൃതമായി.

1843-നെ തുടര്‍ന്നുള്ള മൂന്നു വര്‍ഷക്കാലം, ന്യൂമാന്‍റെ ജീവിതത്തിലെ ഒരജ്ഞാതവാസക്കാലമായിരുന്നു. പൊതുവേദികളില്‍നിന്നെല്ലാമകന്ന്, ഓക്സ്ഫോര്‍ഡിനു പുറത്ത് ലിറ്റില്‍ മൂറില്‍ അദ്ദേഹം മൂന്നുവര്‍ഷക്കാലം ഏകാന്തമായ പ്രാര്‍ത്ഥനയിലും പഠനത്തിലും ചെലവഴിച്ചു.
അക്കാലഘട്ടത്തിലെ രചനകള്‍ ഈ പുതിയ ചിന്താധാരയും നവീകരണമനോഭാവവും വളരെ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവില്‍നിന്നും വിശ്വാസം ചരിത്രത്തില്‍ ചുരുളഴിയുന്നത് വളരെ പ്രായോഗികമായി അദ്ദേഹം, ആത്മീയ ഏകാന്തത, ക്രിസ്തുവിന്‍റെ അജഗണം, (Wilderness, The one fold of Christ) എന്നീ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇക്കാലഘട്ടത്തിലാണ് അപ്പസ്തോല വിശ്വാസവും സഭാപിതാക്കന്മാരുടെ പഠനവും റോമിലെ സഭയുടെ അടിത്തറയാണെന്നും, ക്രിസ്തുവിന്‍റെ സഭതന്നെയാണ് റോമിലെ സഭയെന്നും, ന്യൂമാന്‍ തിരിച്ചറിഞ്ഞത്.
ലിറ്റില്‍ മൂറിലെ വാഴ്ത്തപ്പെട്ട ഡോമിനിക്ക് ബാര്‍ബേരി 1845-ല്‍ ഒക്ടോബര്‍
9-ാം തിയതി ന്യൂമാനെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു സ്വീകരിച്ചു.
തുടര്‍ന്ന് റോമില്‍വന്ന് അദ്ദേഹം തന്‍റെ പഠനങ്ങള്‍ തുടര്‍ന്നു.
1847-ല്‍ റോമില്‍വച്ച് ഒമ്പതാം പിയൂസ് മാര്‍പാപ്പായില്‍നിന്നും കത്തോലിക്കാ പൗരോഹിത്യം സ്വീകരിച്ച ന്യൂമാന്‍ ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചു പോയത് വിശുദ്ധ ഫിലിപ്പ് നെരിയുടെ നാമധേയത്തില്‍ ബേര്‍മി‌ങ്ങാമിലും പിന്നീട് ലണ്ടനിലും യുവജനകേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പദ്ധതിയുമായിട്ടാണ്.
മൊത്തമായി ന്യൂമാന്‍റെ ആത്മീയദര്‍ശനവും നവോത്ഥാന പദ്ധതിയും വെളിപ്പെടുത്തുന്നതായിരുന്നു ഈ യുവജനകേന്ദ്രങ്ങള്‍. വൈദികര്‍ ചെറു സമൂഹങ്ങളില്‍ പ്രാര്‍ത്ഥന, ഉപവിപ്രവര്‍ത്തികള്‍, ആരാധനക്രമം, വചനപ്രഘോഷണം, മറ്റു വിഷയങ്ങളുടെ ബുദ്ധിപരവും ശാസ്ത്രീയവുമായ പഠ്യപരിപാടികള്‍ എന്നിവയിലൂടെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ജീവിച്ചിരുന്നു. അദ്ദേഹം ആരംഭിച്ച ഫിലിപ്പ് നേരി യുവജനപ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഡബ്ലിനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി, ബേര്‍മി‌ങ്ഹാമിലെ സ്കൂള്‍ എന്നിവ.

ബേര്‍മി‌ങ്ങാമിലെ സ്കൂളിലാണ് ന്യൂമാന്‍ തന്‍റെ ജീവിതത്തിന്‍റെ അവസാനത്തെ വിലപ്പെട്ട വര്‍ഷങ്ങള്‍ ചിലവഴിച്ചത്. വിശ്വാസ ജീവിതത്തില്‍ പതറിപ്പോയവരെയും വഴിതെറ്റിപ്പോയവരെയും തിരികെ കൊണ്ടുവരുവാന്‍ അവിടെ ജീവിച്ചുകൊണ്ട് അദ്ദേഹം നിരന്തരമായി എഴുതുകയും, വ്യക്തിപരമായി കത്തിടപാടുകള്‍ നടത്തുകയും ചെയ്തുപോന്നു.
അദ്ദേഹത്തിന്‍റെ വിലപ്പെട്ട പല രചനകളും പ്രാര്‍ത്ഥനകളും പുറത്തുവരുന്നതും ഇവിടെനിന്നാണ്. ന്യൂമാന്‍റെ വിശ്വാസ തീക്ഷ്ണതയുടെ അടയാളമാണ് റോമിലെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമഥേയത്തിലുള്ള ദേവാലയവും മേരിവില്‍ ഓറട്ടറിയും. ലോകമെമ്പുടുമുള്ള യുവാക്കള്‍ക്കുവേണ്ടി ഒരു വലിയ വിശ്വാസ പഠനകേന്ദ്രമായി ഇന്നും അത് റോമില്‍ നിലകൊള്ളുന്നു.


വിശ്വാസത്തിനുവേണ്ടിയുള്ള ന്യൂമാന്‍റെ ധീരമായ ജീവിതസാക്ഷൃവും,
വിലപ്പെട്ട രചനകളും, പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും പരിഗണിച്ചുകൊണ്ട് 1879-ല്‍ ലിയോ 23-ാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി നല്കി. തികച്ചും വ്യക്തിപരമായ ബോധ്യങ്ങളില്‍ വളര്‍ന്ന അദ്ദേഹത്തിന്‍റെ വിശ്വാസവും ജീവിതവും വിമര്‍ശനാതീതമായിരുന്നു. ന്യൂമാന്‍റ നവമായ ചിന്തകള്‍ അക്കാലത്ത് സ്വതന്ത്രവും അത്യാധുനികവുമാണെന്ന് ചിലര്‍ അരോപിച്ചപ്പോഴും, ന്യൂമാന്‍ സഭാപഠനങ്ങളിലും പാരമ്പര്യത്തിലും ഉറച്ചു നിന്നുകൊണ്ട് വിശ്വാസവും ധാര്‍മ്മികതയും ആധുനിക ലോകത്തിനുവേണ്ടി വ്യാഖാനിക്കുകയും വിവരിക്കുകയും ചെയ്തു. നവമായ താത്വീക-രാഷ്ട്രീയ ചിന്താധാരകളെ ആധുനിക മാധ്യമങ്ങളിലൂടെയും വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുവാനും പ്രവാചക-ദൃഷ്ടിയോടെ പഠിപ്പിക്കുവാനും പങ്കുവയ്ക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പൊതുവായി തര്‍ക്കങ്ങളിലും വിവാദങ്ങളിലും ഏര്‍പ്പെടുന്നതിനു പകരം വ്യക്തികളുടെ മനസ്സാക്ഷിയിലേയ്ക്ക് വിശ്വാസത്തിന്‍റെ വെളിച്ചം വീശുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.

അന്ത്യം
ആഴമായ ആത്മീയ ചിന്തകളില്‍ മുഴുകി ജീവിക്കുന്ന കാലത്തുതന്നെ വലിയ യാതനകളോ വേദനകളോ ഇല്ലാതെ 1890 ആഗസ്റ്റ 11-ാം തിയതി കര്‍ദ്ദിനാള്‍‍ ന്യൂമാന്‍, (അദ്ദേഹത്തിന്‍റെ ശവകുടീരത്തിലെ സ്മാരക ഫലകം ഇന്നും ഓര്‍പ്പിക്കുന്നതുപോലെ,) ഭൗമിക ജീവിതത്തിന്‍റെ നിശാനിഴലില്‍നിന്നും നിത്യസത്യമായ ദിവ്യപ്രാകാശത്തിലേയ്ക്കു നീങ്ങി. Ex umbri set imaginibus in veritatem ദൈവീകൈക്യത്തിലുള്ള തന്‍റെ മുപ്പത്തിരണ്ട് വര്‍ഷക്കാലത്തെ ആത്മീയ ജീവിതത്തെ അദ്ദേഹംതന്നെ വിശേഷിപ്പിച്ചിരിക്കുന്നത്, ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്നു… cor ad cor loquitur...... Heart speaks unto heart…എന്നായിരുന്നു. ഇത് ന്യൂമാന്‍ കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ചപ്പോള്‍ എടുത്ത ജീവിതത്തിന്‍റെ ആപ്തവാക്യമായിരുന്നു. അനുദിനജീവിതത്തില്‍, വിശിഷ്യ ജീവിതത്തിന്‍റെ ക്ലേശപൂര്‍ണ്ണമായ സമയങ്ങളില്‍ അദ്ദേഹത്തിന് ദൈവവുമായി ഉണ്ടായിരുന്ന ആത്മബന്ധമാണ് ഈ അപ്തവാക്യം സൂചിപ്പിക്കുന്നത്. അതുപോലെതന്നെ തന്‍റെ സഹോദരങ്ങളോടും മനുഷ്യസമൂഹത്തോടുതന്നെയും അദ്ദേഹത്തിനുണ്ടായിരുന്നു ആര്‍ദ്രമായ ക്രിസ്തു സ്നേഹത്തിന്‍റെ പാരമ്യത്തില്‍ ഹൃദയപൂര്‍വ്വം സംസാരിക്കുവാനും പെരുമാറുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു..

ഇംഗ്ലണ്ട് വീക്ഷിച്ച ഏറ്റവും ബൃഹ്ത്തായ ഒരു അന്തിമോപചാര ശുശ്രൂഷയായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാന്‍റേത്.

20-ാം നൂറ്റാണ്ടിലെ മഹാരഥന്മാരായ മാര്‍പാപ്പമാര്‍, പിയൂസ്
12-ാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയവര്‍ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ രചനകളെയും ജീവിത വിശുദ്ധിയെയും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 1991-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധി അംഗീകരിച്ചുകൊണട് ന്യൂമാനെ ദൈവദാസരുടെ പദവിയിലേയ്ക്കുയര്‍ത്തി. ദൈവദാസന്‍ കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂമാനെ ആധുനിക സഭാപണ്ഡതന്മാരില്‍ ഒരാളായിട്ടാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കു ഉയര്‍ത്തിയ ബനഡിക്ട് 16-ാന്‍ മാര്‍പാപ്പ പ്രഖ്യാപനത്തില്‍ വിശേഷിപ്പിച്ചത്.

മരണശേഷവും ലോക മനസ്സാക്ഷിയിലും ജനഹൃദയങ്ങളിലും തന്‍റ‍െ രചനകളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ചിന്താധാരകളിലൂടെയും ഈ ആത്മീയാചാര്യന്‍ ഇന്നും ജീവിക്കുന്നു. 2001-ല്‍ അദ്ദേഹത്തിന്‍റെ ജന്മത്തിന്‍റെ
രണ്ടാം ശതാബ്ദി ആഘോഷിക്കുമ്പോഴേയ്ക്കും കര്‍ദ്ദിനാള്‍ ന്യൂമാന്‍ ലോകജനതയ്ക്ക് ഒരു ആത്മീയ സുഹൃത്തും വിശ്വാസസംരക്ഷകനുമായി ഉയര്‍ന്നിരുന്നു. ഇന്ന് അനേകര്‍ ദൈവദാസനായ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ മാനസാന്തരപ്പെടുകയും രോഗസൗഖ്യം പ്രാപിക്കുകയും ചെയ്യുന്നു.

നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിനുവേണ്ടി അങ്ങ് എനിക്കു നല്കിയിരിക്കുന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്കുന്നു,
യോഹന്നാന്‍ 17, 22. ക്രിസ്തു പ്രാര്‍ത്ഥിച്ചതുപോലുള്ള ഒരു വിശ്വസാഹോദര്യ ഐക്യത്തിനായി ദൈവദാസന്‍ കര്‍ദ്ദിനാള്‍ ന്യൂമാനും നമുക്കുവേണ്ടി സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം വഹിക്കുന്നു. ക്രിസ്തുവിന്‍റെ മഹത്വം പിതാവിന്‍റെ മഹത്വമാണ്. അത് സ്വര്‍ഗ്ഗീയ തേജ്ജസ്സാണ്. ആ ദിവ്യതേജസ്സില്‍ ലോകം പ്രശോഭിതമാകാന്‍ ഇടയാവട്ടെ.







All the contents on this site are copyrighted ©.