2010-09-17 20:55:05

വിദ്യാര്‍ത്ഥികള്‍ വിശുദ്ധിയുള്ള
വ്യക്തികളാകണമെന്ന് മാര്‍പാപ്പ


17 സെപ്തംമ്പര്‍ 2010, ലണ്ടണ്‍
ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു സമ്മേളിച്ച യുവാക്കള്‍ക്ക് മാര്‍പാപ്പ സംവാദിച്ചു. പ്രിയ യുവസുഹൃത്തുക്കളേ, എന്ന അഭിസംബോധനയോടെ തന്‍റെ പ്രഭാഷണം ആരംഭിച്ച മാര്‍പാപ്പ, ലണ്ടണിലെ സെന്‍റ് മേരീസ് കോളെജിന്‍റെ ആഭിമുഖ്യത്തില്‍ തനിക്ക് നല്കിയ ഹൃദ്യമായ വരവേല്പിന് നന്ദിപറയുകയും, അവിടെ സന്നിഹിതനായിരിക്കുന്നതിലുള്ള തന്‍റെ സന്തോഷം അറിയിക്കുകയും ചെയ്തു.
ഇംഗ്ളണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍റ് എന്നിവടങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കാണുക എന്ന അസുലഭമായ അവസരമാണിത്. ഇത്തരുണത്തില്‍ വളരെ പ്രത്യേകമായി ഒരു കാര്യം നിങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുന്നു. 21-ാം നൂറ്റാണ്ടില്‍ വിശുദ്ധരെന്ന് വിളിക്കപ്പെടേണ്ട പലരും ഉള്‍പ്പെടുന്ന ഒരു സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളുടെ വിശുദ്ധിയുള്ള ജീവിതമാണ് ദൈവം ആഗ്രഹിക്കുന്നത്. നമുക്കാര്‍ക്കും സങ്കല്പിക്കാവുന്നതിനുമപ്പുറം നമ്മെ സ്നേഹിക്കുന്ന ദൈവവുമായി വ്യക്തിപരമായി സൗഹൃദംപുലര്‍ത്തുവാന്‍ നിങ്ങള്‍ക്ക് കഴിയണം. അതുവഴി സമൂഹത്തിനും സഭയ്ക്കും രാഷ്ട്രത്തിനും നന്മപ്രദാനംചെയ്യുന്ന വ്യക്തികളായി തീരുവാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ.
ഒരു നല്ല കലാലയം എപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസം നല്കുന്നു. എന്നാല്‍ ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തിന് സമഗ്രമായ വിദ്യാഭ്യസത്തോടൊപ്പം, വിശുദ്ധിയില്‍ ജീവിക്കുവാന്‍ അവരെ സഹായിക്കുക എന്ന ഉത്തരവാദിത്വവും നിര്‍വ്വഹിക്കേണ്ടതുണ്ട്. വിദ്യാലയാന്തരീക്ഷത്തില്‍ കത്തോലിക്കരായ സഹപാഠികള്‍ക്കൊപ്പം മറ്റു വിദ്യാര്‍ത്ഥികളും ദൈവീകമായ സൗഹൃദത്തില്‍ വളര്‍ന്നുവരുവാന്‍ ഇടയാവട്ടെ. തത്സമയും ഇന്‍റെര്‍ നെറ്റ്, കംപ്യൂട്ടര്‍ സൗകര്യങ്ങളിലൂടെയും മാര്‍പാപ്പ യുവാക്കളുമായി ആശയങ്ങള്‍ കൈമാറി.
 







All the contents on this site are copyrighted ©.