2010-09-16 20:08:43

ഹൃദയം ഹൃദയത്തോടു
മന്ത്രിക്കുന്നു...


(മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്‍റെ ഔദ്യോഗിക ചിഹ്നത്തെക്കുറിച്ചുള്ള വിവരണം)
മാര്‍പാപപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമാണ് Cor ad cor loquitur, Heart speaks unto heart ഹൃദയും ഹൃദയത്തോടു മന്ത്രിക്കുന്നു...
കര്‍ദ്ദിനാള്‍ ന്യൂമാന്‍ തന്‍റെ സ്ഥാനികചിഹ്നത്തില്‍ ഉപയോഗിച്ചിരുന്ന വാക്യമാണിത്. മാര്‍പാപ്പ തന്‍റെ സന്ദര്‍ശനത്തിന്‍റെ അവസാന ദിനത്തില്‍ ദൈവദാസന്‍ കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തുന്ന കര്‍മ്മം നിര്‍വ്വഹിക്കുന്നതുമായി ബന്ധപ്പെടു്ത്തിക്കൊണ്ടാണ് സംഘാടകര്‍ അദ്ദേഹത്തിന്‍റെ ആത്മീയസൂക്തം സന്ദര്‍ശനത്തിന്‍റെ വിഷയമാക്കിയത്. ദൈവീകൈക്യത്തിലുള്ള തന്‍റെ 32 വര്‍ഷക്കാലത്തെ ആത്മീയ ജീവിതത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്, ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്നു എന്ന സൂക്തത്തിലൂടെയാണ്.
ഭൗമിക ജീവിതത്തിന്‍റെ നിശാനിഴലില്‍നിന്നും നിത്യസത്യമായ ദിവ്യപ്രാകാശത്തിലേയ്ക്കു നീങ്ങേണ്ടതാണ് മനുഷ്യജീവിതമെന്നത് കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ ഒരു അടിസ്ഥാന ചിന്തധാരയായിരുന്നു. അത് കവിതാരുപത്തിലാക്കിയതാണ് അദ്ദേഹത്തിന്‍റെ വിശ്വവിഖ്യാതമായ പ്രാര്‍ത്ഥന, Ex umbri set imaginibus in vertatem... Lead kindly light.. നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ... .മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്‍റെ ഔദ്യോഗിക ചിഹ്നത്തില്‍ ഈ ചിന്താശകലംകൂടെ സമന്വയിപ്പിച്ചിട്ടുണ്ട്.

ഇരുളില്‍ തെളിയുന്ന ഒരു ദീപവും, ദീപനാളത്തില്‍ രൂപംകൊള്ളുന്ന ഹൃദയവും അതിന്‍റെ പാര്‍ശ്വത്തില്‍ സന്തുലിതമായി നില്ക്കുന്ന ആപ്തവാക്യവും ചേര്‍ത്ത് മനോഹരമായി ചിത്രസംയോജനം ചെയ്തിരിക്കുന്നതാണ് പൂര്‍ണ്ണമായ ചിഹ്നം. നീലവര്‍ണ്ണപശ്ചാത്തലം ദൈവീകാനന്തതയുടെ നീലാകാശമാണ്. ദീപം പരത്തുന്ന മഞ്ഞയും വെള്ളയും പ്രകാശം പേപ്പല്‍ പാതാകയെയും സൂചിപ്പിക്കുന്നു. ചുവപ്പും നീലയും ബ്രിട്ടീഷ് പതാകാ വര്‍ണ്ണങ്ങളുമാണ്.

.കര്‍ദ്ദിനാള്‍ ന്യൂമാന്‍ വെളിപ്പെടുത്തിയതനുസരിച്ച്, ക്രിസ്താനുകരണം എന്ന അത്മീയ ഗ്രന്ഥത്തില്‍നിന്നെടുത്തതാണ്..ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന എന്ന ചിന്ത. എന്നാല്‍ പിന്നീട് അദ്ദേഹംതന്നെ കണ്ടുപിടിച്ചു, വിശുദ്ധ ഫ്രാന്‍സിസ് സാലസ്സിന്‍റെ (1567-1622) ചിന്തയാണിതെന്ന്. വിശുദ്ധ ഫ്രാന്‍സിസ് സാലസ്സിന്‍റെ ഒരു വലിയ ആരാധകനായിരുന്നു ന്യൂമാന്‍. ഫിലിപ്പി നേരിയുടെ നാമത്തിലുള്ള അദ്ദേഹം സ്ഥാപിച്ച ഓറട്ടറകളില്‍ വിശുദ്ധന്‍റെ ഛായാചിത്രം എപ്പോഴും സൂക്ഷിച്ചിരുന്നു. മനുഷ്യസമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ കര്‍ദ്ദിനാള്‍ ന്യൂമാനുണ്ടായിരുന്ന ദര്‍ശനമാണ് ഈ ആപ്തവാക്യത്തില്‍ തിങ്ങിനില്ക്കുന്നത്. ബൗദ്ധികമായ ചിന്തകളെക്കാള്‍ ഹൃദയത്തില്‍നിന്നുയരുന്ന സംഭാഷണമാണ് യഥാര്‍ത്ഥമായ അശയവിനിമയമെന്ന് കര്‍ദ്ദിനാള്‍ ന്യൂമാന്‍ വിശ്വസിച്ചിരുന്നു. വാചാലതയും വാഗ്ധോരണിയും ശാശ്വതമല്ലെന്നും, അവ കുറച്ചുനാള്‍ ഓര്‍മ്മയില്‍ നില്ക്കുമെങ്കിലും, മനുഷ്യഹൃദയങ്ങളില്‍നിന്നും മാഞ്ഞുപോകുന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. എന്നാല്‍ ഹൃദയത്തില്‍നിന്നും ഉയരുന്നു സത്യം ജീവിക്കുന്നു. അതുപോലെ മനുഷ്യഹൃദയത്തില്‍നിന്നും ദൈവത്തിങ്കലേയ്ക്കുയരുന്ന സംവാദമാണ് പ്രാര്‍ത്ഥന. അങ്ങനെ സത്യത്തില്‍ തുറക്കപ്പെടുന്ന ഒരോ ഹൃദയവും സജീവനായ ക്രിസ്തുവിന്‍റെ ദിവ്യപ്രകാശത്തില്‍ ലയിക്കുന്നു. ആധുനിക യുഗത്തില്‍ നാം സാങ്കേതികതയുടെ സഹായത്തോടെ അതിവേഗം ആശയവിനിമയം നടത്തുന്നു. എന്നാല്‍ ഹൃദയത്തില്‍നിന്നുള്ള ഒരു സംവാദത്തിനുമാത്രമേ യഥാര്‍ത്ഥത്തില്‍ ദൈവത്തിങ്കലേയ്ക്കും സഹോദരങ്ങളിലേയ്ക്കും ആഴമായും സത്യസന്ധമായും എത്തിച്ചേരാനാകൂ. അങ്ങനെയുള്ള ആശയവിനിമയത്തില്‍ ദൈവസ്നേഹം നിറയുന്നു.

ജീവിതത്തിന്‍റെ ക്ലേശപൂര്‍ണ്ണമായ സമയങ്ങളില്‍ ദൈവദാസനായ കര്‍ദ്ദിനാള്‍ ന്യൂമാന് ദൈവവുമായി ഉണ്ടായിരുന്ന ആത്മബന്ധവും ഈ അപ്തവാക്യം സൂചിപ്പിക്കുന്നുണ്ട്. തന്‍റെ സഹോദരങ്ങളോടും മനുഷ്യസമൂഹത്തോടുതന്നെയും തന്നില്‍ നിറഞ്ഞുനിന്ന ആര്‍ദ്രമായ ക്രിസ്തു സ്നേഹത്തിന്‍റെ പാരമ്യത്തില്‍ ഹൃദയംകൊണ്ടു സംസാരിക്കുവാനും പെരുമാറുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. തികച്ചും വ്യക്തിപരമായ ബോധ്യങ്ങളില്‍ വളര്‍ന്ന അദ്ദേഹത്തിന്‍റെ വിശ്വാസവും ജീവിതവും വിമര്‍ശനാതീതമായിരുന്നു. അദ്ദേഹത്തിന്‍റ നവമായ ചിന്തകള്‍ അക്കാലത്ത് സ്വതന്ത്രവും അത്യാധുനികവുമാണെന്ന് ചിലര്‍ അരോപിച്ചപ്പോഴും, ന്യൂമാന്‍ സഭാപഠനങ്ങളിലും പാരമ്പര്യത്തിലും ഉറച്ചു നിന്നുകൊണ്ടുതന്നെ വിശ്വാസവും ധാര്‍മ്മികതയും ആധുനിക ലോകത്തിനുവേണ്ടി വ്യാഖാനിക്കുകയും വിവരിക്കുകയും ചെയ്തു. നവമായ താത്വീക-രാഷ്ട്രീയ ചിന്താധാരകളെയും ആധുനിക മാധ്യമങ്ങളിലൂടെയും വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുവാനും പ്രവാചക-ദൃഷ്ടിയോടെ പഠിപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പൊതുവായി തര്‍ക്കങ്ങളിലും വിവാദങ്ങളിലും ഏര്‍പ്പെടുന്നതിനു പകരം വ്യക്തികളുടെ ഹൃദയങ്ങളിലേയ്ക്ക് വിശ്വാസത്തിന്‍റെ വെളിച്ചം വീശുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.







All the contents on this site are copyrighted ©.