2010-09-16 20:26:59

മാര്‍പാപ്പ ബ്രിട്ടണില്‍
പ്രഥമദിനം 16 സെപ്തംമ്പര്‍ റിപ്പോര്‍ട്ട്


മാര്‍പാപ്പയുടെ ബിട്ടണ്‍ സന്ദര്‍ശനം സെപ്തംമ്പര്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. ഒരു വലിയ ചരിത്ര സംഭവത്തിന്‍റെ പ്രഥമ ദിനമാണിത്.
ക്യാസില്‍ ഗണ്‍ണ്ടോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല വസതിയില്‍നിന്ന്
9 കിലോമീറ്റര്‍മാത്രം ദൂരെയുള്ള ചംമ്പീനോ വിമാനത്താവളത്തിലേയ്ക്ക് മാര്‍പാപ്പ കാറില്‍ യാത്രചെയ്തു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി പരിശുദ്ധ പിതാവിനെ സ്കോട്ട്ലണ്ടിലെ എഡിന്‍ബറോ വിമാനത്താവളത്തിലെത്തിക്കേണ്ട അല്‍-ഇത്താലിയ വിമാനം തയ്യാറി ഒന്നാമത്തെ റണ്‍വേയില്‍ നിന്നിരുന്നു. മാര്‍പാപ്പയും പര്യടനത്തിലെ മറ്റു സഹായികളും വിമാനത്തില്‍ പ്രവേശിച്ചു. ഇറ്റലിയിലെ സമയം രാവിലെ
8.10-ന്, മാര്‍പാപ്പയ്ക്കുവേണ്ടി ഒരുക്കിയ അല്‍-ഇത്താലിയാ പ്രത്യേക വിമാനം എഡിന്‍ബറോയിലേയ്ക്ക് യാത്രയായി. ബിട്ടീഷ് തീരങ്ങളിലേയ്ക്ക് 1932 കിലോമീറ്റര്‍ ദൂരം യാത്രചെയ്യുവാന്‍ മൂന്നു മണിക്കൂറും 20 മിനിറ്റും എടുത്ത്,....ഒരു ദീര്‍ഘയാത്രയ്ക്കുശേഷം മാര്‍പാപ്പയുടെ AZA 320 വിമാനം ഇംഗ്ളീഷ് മണ്ണിലേയ്ക്ക് മെല്ലെ പറന്നിറങ്ങി. ബ്രിട്ടണിലെ സമയം ഇറ്റലിയിലെ സമയത്തെക്കാള്‍ ഒരു മണിക്കൂര്‍ പിറകിലാണ്. ബിട്ടീണിലെ പ്രാദേശിക സമയം രാവിലെ 10.30ന്, അതായത് ഭാരതത്തിലെ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മാര്‍പാപ്പാ ബിട്ടീഷ് മണ്ണില്‍ കാലുകുത്തിയത്. ഇത് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രഥമ ബിട്ടണ്‍ സന്ദര്‍ശനവും ഇറ്റലിക്കു പുറത്തുള്ള 17-ാമത് അപ്പസ്തോലിക പര്യടനവുമാണ്.
മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വാഗതമേകുന്ന പരിപാടി എഡിന്‍ബറോയിലുള്ള ഹോളിറൂഡ് രാജകൊട്ടാരത്തില്‍ ഒരുക്കിയിരിക്കുന്നതിനാല്‍ എയര്‍പ്പോര്‍ട്ടില്‍ മറ്റ് ഔപചാരിക പരിപാടികളൊന്നു ഉണ്ടായിരുന്നില്ല.

ഹോളി റൂഡ് ഹൗസിലെ സ്വീകരണച്ചടങ്ങ്
ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയാണ് സ്കോട്ട്ലന്‍റിലുള്ള ഹോളി റൂഡ് ഹൗസ്.
രണ്ടാം എലിസബത്ത് രാജ്ഞിയുടെ സ്വാഗതപ്രഭാഷണം
Queen’s Welcome address
പരിശുദ്ധ പിതാവേ,
മാര്‍പാപ്പ എന്നനിലയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അങ്ങയെ ബ്രിട്ടണിലേയ്ക്ക്, പ്രത്യേകിച്ച് സ്കോട്ട്ലണ്ടിലേയ്ക്ക്
സ്വാഗതംചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. അങ്ങയുടെ മുന്‍ഗാമി, പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1982-ല്‍ ഇന്നാട്ടിലേയ്ക്കു നടത്തിയ അജപാലന സന്ദര്‍ശനം അതിയായ സന്തോഷത്തോടെ ഇപ്പോള്‍ അനുസ്മരിക്കുന്നു. അങ്ങയുടെ മുന്‍ഗാമികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ നാലുതവണ വത്തിക്കാന്‍ സന്ദര്‍ശിച്ച ഓര്‍മ്മകളും ഇത്തിരുണത്തില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞുനില്ക്കുകയാണ്. ഞങ്ങളുടെ കുടുംമ്പത്തെ സ്നേഹപൂര്‍വ്വം സ്വീകരിച്ചതിന് ഏറെ നന്ദിയുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുശേഷമുള്ള ഈ 30 വര്‍ഷക്കാലയളവില്‍ ലോകത്ത് ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് വടക്കെ അയര്‍ലണ്ടിന്‍റെ സാമൂഹ്യവും മതപരവുമായ കാര്യങ്ങളില്‍ വത്തിക്കാന്‍ ഇടപെട്ടത് ഏറെ ഫലപ്രദമായി. അതില്‍ ഞങ്ങള്‍‍ക്ക് അതിയായ നന്ദിയുണ്ട്. അതുപോലെ കിഴക്കന്‍ യൂറോപ്പിലെ ചില ഏകാധിപത്യ ഭരണകൂടങ്ങളിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭ്യമാക്കുന്നതില്‍ വത്തിക്കാന്‍ വഹിച്ചപങ്ക് നന്ദിയോടെ അനുസ്മരിക്കുന്നു. ആഗോളതലത്തില്‍ സമാധാനവും പുരോഗതിയും കൈവരിക്കുന്നതിലും, ദാരിദ്ര്യത്തിന്‍റെയും പരിസ്ഥിതിയുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പരിശുദ്ധസിംഹാസനം ചെയ്യുന്ന നന്മകള്‍ ഇത്തരുണത്തില്‍ ശ്ലാഘിക്കുന്നു.

ഞങ്ങളുടെ മദ്ധ്യേയുള്ള അങ്ങയുടെ സാന്നിദ്ധ്യം നമ്മുടെ പൊതുവായ ക്രിസ്തീയ പൈതൃകത്തിന്‍റെയും, സമാധാനത്തിനും സാമ്പത്തികവും സമൂഹ്യവുമായ പുരോഗതിക്കുംവേണ്ടി, പ്രത്യേകിച്ച് അവികസിത രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള, ആഗോളതലത്തിലുള്ള കൂട്ടായ പരിശ്രമത്തിന്‍റെ പ്രതീകവുമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും, വിദ്യാഭ്യാസ പുരോഗതിക്കും പാര്‍പ്പിടസൗകര്യങ്ങളുണ്ടാക്കുന്നതിലും ആതുരശുശ്രൂഷയിലും ആഗോളവ്യാപകമായി കത്തോലിക്കാ സഭച‍െയ്യുന്ന കാര്യങ്ങള്‍ ഇത്തരുണത്തില്‍ സവിശേഷമായി അനുസ്മരിക്കുന്നു.
മതമൗലികവാദവും മതവിദ്വേഷവും എപ്രാകരം മനുഷ്യകുലത്തെ നശിപ്പിക്കുന്ന എന്ന് മാര്‍പാപ്പ അടുത്തു പ്രഖ്യാപിച്ചത് അനുസ്മരിച്ചുകൊണ്ട്, ബ്രിട്ടണിലെ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്‍റെയും മത-സ്വാതന്ത്ര്യത്തിന്‍റെയും പാതിയില്‍ എന്നും കത്തോലിക്കാ സഭയോടു ചേര്‍ന്നുനില്കും എന്ന വാഗ്ദാനവുമായി എലിസബത്ത് രാജ്ഞി തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചു.

സ്കോട്ട്ലന്‍റിലെ ഹോളിറൂഡി ഹൗസിലെ സ്വീകരണച്ചടങ്ങില്‍ മാര്‍പാപ്പ ബ്രിട്ടണിലെ ഭരണാധികാരികളുമായുള്ള സമ്മേളനത്തില്‍ നടത്തിയ പ്രസംഗം
ബ്രിട്ടീഷ് മണ്ണില്‍ തനിക്ക് ഒരു ഔദ്യോഗിക രാഷ്ട്രസന്ദര്‍ശനം ഒരുക്കിയ രാജ്ഞിക്കും ഭരണകൂടത്തിനും അവിടത്തെ ജനങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ ബ്രിട്ടണിലെ പ്രഥമ പ്രഭാഷണം ആരംഭിച്ചത്.

ഹോളിറൂഡ് ഹൗസ് എന്ന പേര്, വിശുദ്ധ കുരിശിനെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് സംസ്കാരത്തിന്‍റെ എല്ലാത്തലങ്ങളിലുമുള്ള ക്രൈസ്തവീകതയാണ് അത് ചൂണ്ടിക്കാണിക്കുന്നത്. ഇംഗ്ളണ്ടിലെയും സ്കോട്ട്ലണ്ടിലെയും രാജാക്കന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ക്രൈസ്തവരായിരുന്നു. സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗ്രറ്റ്, വിശുദ്ധ എഡ്വേര്‍ഡ് തുടങ്ങിയവര്‍ ഈ ക്രിസതീയ പാരമ്പര്യത്തിന്‍റെ ചരിത്രസാക്ഷികളാണ്. രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും നന്മയ്ക്കായി അവരുടെ രാജാധികാരത്തെ സുവിശേഷവെളിച്ചത്തില്‍ രൂപപ്പെടുത്തി. അതുകൊണ്ടുതന്നെ ആംഗല-സാഹിത്യത്തിലും, സംസ്കാരത്തിലും, ചിന്തകളിലുമെല്ലാം ഒരു സഹസ്രാബ്ദ കാലത്തോളം സവിശേഷമായി ക്രിസ്തീയസന്ദേശം നിറഞ്ഞുനിന്നിരുന്നുവെന്ന് കാണാം. രാജ്യത്തെ ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരുപോലെ നന്മപകര്‍ന്ന ബ്രിട്ടീഷ് ജനതയുടെ പൂര്‍വ്വീകന്മാരുടെ സത്യത്തിലും നീതിയിലും കാരുണ്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഭരണം, സാമ്രാജ്യത്തിന്‍റെ ആഴമായ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിനിന്നും വളര്‍ന്നിട്ടുള്ളതാണ്.

ഈ നന്മയുടെ പിന്‍ബലം ദീര്‍ഘകാലത്തെ ബ്രിട്ടീഷ് ചരിത്രത്തില്‍ കാണാവുന്നതാണ്. സമീപ-ഭൂതകാല ലോകചരിത്രത്തില്‍ അടിമക്കച്ചവടം അന്തര്‍ദേശീയ തലത്തില്‍ നിര്‍ത്തലാക്കുന്നതിന് ബ്രിട്ടണ്‍ മുന്‍കൈ എടുത്തപ്പോള്‍ അതിന് നേതൃത്വംനല്കിയവര്‍ ഇന്നാട്ടുകാരായ വില്യം വില്‍ബര്‍ഫോഴ്സും ഡേവിഡ് ലിവിങ്സ്റ്റണുമാണ്. വിശ്വാസത്താല്‍ പ്രേരിതയായി ഫ്ളോറന്‍സ് നൈറ്റിംങ്ഗേള്‍ രോഗീപരിചരണത്തിലും
ആതുര ശുശ്രൂഷയിലും ഉദാത്തമായ സേവന മാതൃക നല്കിക്കൊണ്ട്, ആഗോളതലത്തില്‍ ആരോഗ്യപരിപാലനത്തില്‍ ഏവര്‍ക്കും ഇന്നും അനുകരണീയമായ മാനദണ്ഡമാണ് നല്കിയിട്ടുള്ളത്.

ഈ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ അവസാനദിനത്തില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെടുന്ന കര്‍ദ്ദിനാള്‍ ന്യൂമാന്‍ തന്‍റെ വാക്കാലും പ്രവര്‍ത്തിയാലും നന്മയാലും ഇന്നാട്ടിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള സ്ത്രീ പുരുഷന്മാരെ ആത്മീയ നവധാരയില്‍ ഉത്തേജിപ്പിച്ച ക്രൈസ്തവ നേതാക്കളില്‍ അഗ്രഗണ്യനാണ്. ഇതുപോലെ ഒട്ടനവധിപേര്‍ ബ്രിട്ടന്‍റെ വിവിധ ദ്വീപുകളില്‍നിന്നും, ക്രൈസ്തവ വിശ്വാസത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തികള്‍ സമൂഹ്യനന്മയ്ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചിട്ടുണ്ട്.

മനുഷ്യജീവിതത്തില്‍നിന്നും ദൈവത്തെ പിഴുതെറിയാനും, ചിലര്‍ക്ക് പ്രത്യേകിച്ചും യഹൂദ-വംശജര്‍ക്ക് മനുഷ്യത്വവും ജീവിക്കാനുള്ള അവകാശവും നിഷേധിച്ചുകൊണ്ട്, ഒരു മരണ-സംസ്കാരവുമായി ഇറങ്ങിപ്പുറപ്പെട്ട നാസി മേല്‍ക്കോയ്മയെ പിടിച്ചുകെട്ടാന്‍ ബ്രിട്ടന്‍റെ നേതാക്കള്‍ മുന്‍കൈ എടുത്തുവെന്നത്, ഇവിടെ കൂടിയിരിക്കുന്ന തലമുറക്കാര്‍ ഏറെ നന്നായി അനുസ്മരിക്കുമല്ലോ. സത്യം സ്നേഹപൂര്‍വ്വം പ്രഘോഷിച്ചുകൊണ്ട്,
നാസി-ഭരണത്തെ എതിര്‍ക്കുകുയും തങ്ങളുടെ ജീവന്‍ ബലികഴിക്കുകയും ചെയ്ത ഇവിടത്തെ സമര്‍പ്പിതരായ ധാരളം പാസ്റ്റര്‍മാരെയും സന്യസ്തരെയും ഇത്തരുണത്തില്‍ അനുസ്മരിക്കുകയാണ്. 20-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന നിരീശ്വരവാദത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍, ഒരു രാഷ്ട്രം പ്രായോഗിക നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചിലപ്പോള്‍ അടിച്ചേല്പ്പിക്കുകുയം ചെയ്യുമ്പോള്‍ സമഗ്രമായ മാനവിക വികസനം ഉണ്ടാകുന്നതിന് അവശ്യംവേണ്ട സദാചാരപരവും ആത്മീയവുമായ ശക്തി അതിന്‍റെ പൗരന്മാര്‍ക്ക് നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഇത് മനുഷ്യനേയും അവന്‍റെ ലക്ഷൃങ്ങളെയും കുറിച്ചുള്ള അപൂര്‍ണ്ണമായ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ വളര്‍ത്തും. .........................................
ദേശഭാഷാന്തരങ്ങള്‍ക്കപ്പുറം, അന്താരാഷ്ട്രതലങ്ങളില്‍, രാഷ്ട്രീയമായും സാമ്പത്തികമായും ഒരു പ്രധാന ശക്തിയായി ബ്രിട്ടണ്‍ നിലകൊള്ളുന്നു. ബ്രിട്ടീഷ് രാഷ്ട്രാതിര്‍ത്തികള്‍ക്കുമപ്പുറം, ഇന്നും സ്വാധീനം പുലര്‍ത്തുന്ന ആശയാവിഷ്ക്കാരങ്ങളുടെ വക്താക്കളാകാന്‍ ഈ നാടിന്‍റെ ഭരണ നേതൃത്വത്തിനും ജനതയ്ക്കും കഴിഞ്ഞിട്ടുണ്ട്. തന്മൂലം ജനതകളുടെ പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക, എന്ന വലിയ ഉത്തരവാദിത്വം നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു. അതുപോലെതന്നെ ബഹുജനസ്വാധീനശേഷിയുള്ള മാധ്യമ സംസ്കാരത്തിന്‍റെ അമരക്കാര്‍ എന്ന നിലയില്‍ സമാധാനസംസ്ഥാപനത്തിനും, ആധികാരികമായി മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുമുള്ള ഇന്നാടിന്‍റെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നോര്‍പ്പിക്കുന്നു. വൈവിധ്യങ്ങളായ സംസ്കാരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു ആധുനിക രാഷ്ട്രമായി മുന്നേറുന്നതിനുള്ള അക്ഷീണ പരിശ്രമത്തില്‍ ഈ നാടിന്‍റെ പരമ്പരാഗത മൂല്യങ്ങളും സംസ്കാരത്തനിമയും കൈമോശംവന്നു പോകാതിരിക്കുവാനും, എക്കാലത്തും ഈ രാജ്യത്തെ ശക്തമായി നിലനിര്‍ത്തിയ ക്രിസ്തീയ അടിസ്ഥാനവും പൈതൃകവും കാത്തുസൂക്ഷിക്കുവാനും സാധിക്കണം, എന്ന് ആഹ്വാനംചെയ്ത പരിശുദ്ധ പിതാവ് എലിസബത്ത് രാജ്ഞിക്കും, ഇംഗ്ളണ്ടിലെ ജനതയ്ക്കും ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ട് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.

Papal visit UK the first day upto the welcome in the Holyrood House only.







All the contents on this site are copyrighted ©.