2010-09-08 18:46:46

ഫാദര്‍ റെയ്മണ്ട്
പണിക്കര്‍ അന്തരിച്ചു


8 സെപ്തംമ്പര്‍ 2010
വത്തിക്കാന്‍ സൂനഹദോസിനുശേഷം ഹൈന്ദവ-ബുദ്ധമതങ്ങളുമായുള്ള മതാന്തരസംവാദത്തിന് ൊരു നൂതനപാത തുറന്ന കത്തോലിക്കാ ദൈവശാസ്ത്ര പണ്ഡിതന്‍ ഫാദര്‍ റെയ്മണ്ട് പണിക്കര്‍ സ്പെയ്നില്‍ അന്തരിച്ചു.
ആഗസ്റ്റ് 28-ാം തിയതി, ശനിയാഴ്ച സ്പെയിനിലെ തവേര്‍ത്തിലുള്ള പിതൃവസതിയില്‍ 91-ാമത്തെ വയസ്സില്‍ മരണമടഞ്ഞ ഫാദര്‍ പണിക്കരുടെ വെബ് സൈറ്റാണ് മരണവാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സ്പെയിനിലെ മാദ്രിദിലുള്ള കത്തോലിക്കാ സര്‍വ്വകലായശാലയില്‍ പ്രഫസറായിരിക്കുമ്പോഴാണ് 1954-ല്‍ അദ്ദേഹം ഇന്ത്യയില്‍ വരുന്നത്.
ഒരു ക്രൈസ്തവനായി ഇന്ത്യയിലെത്തിയ താന്‍ ഹിന്ദുമതത്തിന്‍റെ ആത്മീയ വിശാലത മനസ്സിലാക്കുകയും തന്‍റെ ക്രൈസ്തവീകത നഷ്ടപ്പെടുത്താതെ ഒരു ബുദ്ധമത ദര്‍ശിയായി യൂറോപ്പിലേയ്ക്കു മടങ്ങിയെന്നുമാണ്, 20 വര്‍ഷത്തിലേറെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഒരു രചനയില്‍ പറയുന്നത്. ക്രിസ്തീയതയെ ഇതര പൗരസ്ത്യ മതങ്ങള്‍ക്ക് തുറന്നുകൊടുത്തവരില്‍ അഗ്രഗണ്യനും മുന്നോടിയുമായിരുന്നു ഫാദര്‍ പണിക്കരെന്ന്, അദ്ദേഹത്തിന്‍റെ സമകാലികനും സുഹൃത്തുമായ കലിഫോണിയാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസര്‍, ജോസഫ് പ്രഭു വിശേഷിപ്പിച്ചു. 21-ാം നൂറ്റാണ്ടില്‍ ക്രിസ്തീയതയുടെ നൂതന തരംഗങ്ങള്‍ യൂറോപ്പിനു പുറത്തേയ്ക്കു പ്രവഹിച്ചത് റെയ്മണ്ട് പണിക്കരിലൂടെയാണെന്നും, ആഗോളതലത്തിലുണ്ടായ മതാന്തര സംവാദപ്രസ്ഥാനങ്ങള്‍ക്ക് ഫാദര്‍ പണിക്കര്‍ ഒരു നൂതന ശ്രേണി തുറന്നുവെന്നും പ്രഫര്‍ പ്രഭു ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.
യൂറോപ്പിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്ന് ഉന്നതബിരുദങ്ങള്‍ കര്സ്ഥമാക്കിയിട്ടുള്ള ഫാദര്‍ പണിക്കര്‍ ആദിശങ്കരയുടെ ബ്രഹ്മസൂത്ര, തോമസ് അക്വീനാസിന്‍റെ താത്വിക ചിന്തകളുമായി സമാന്തര പഠനം നടത്തി. ഇന്ത്യയിലെ വിവിധ കത്തോലിക്കാ ദൈവശാസ്ത്ര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാദര്‍ റെയ്മണ്ട് പണിക്കര്‍, ബനാറസ്, മൈസൂര്‍ യൂണിവേഴ്സിറ്റികളിലും അദ്ധ്യായനം നടത്തിയിട്ടുണ്ട്. കേരളത്തിലെ പാലക്കാടു സ്വദേശിയായ പണിക്കരുടെയും സ്പെയിന്‍കാരി ആന്നായുടെയും മകനായി 1918-ല്‍ ബാര്‍സിലോണായില്‍ ജനിച്ചു. ആഗസ്റ്റ് 28-ന് ചരമമടഞ്ഞ ഫാദര്‍ പണിക്കര്‍ക്ക് സെപ്തംമ്പര്‍ 3-ം തിയതി വെള്ളിയാഴ്ച ബാര്‍സലോണായിലെ മോന്തേസാരത്ത് ആശ്രമത്തില്‍ ഫാദര്‍ പണിക്കരുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്കരിക്കുകയും, ആത്മശാന്തിക്കായി അന്തിമോപചാര ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു.







All the contents on this site are copyrighted ©.