2010-09-08 18:49:23

ആഗോളതലത്തില്‍ മനുഷ്യാന്തസ്സ്
സംരക്ഷിക്കപ്പെടണം


8 സെപ്തംമ്പര്‍ 2010
ഇന്നത്തെ ലോകത്ത് മനുഷ്യാന്തസ്സിന്‍റെയും അവകാശങ്ങളുടെയും ആഗോള പ്രാമാണ്യത സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും സാധിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ യൂറോപ്യന്‍ കൗണ്‍സിലിനോട് ആഹ്വാനംചെയ്തു. സെപ്തംമ്പര്‍ 8-ാം തിയതി ബുധനാഴ്ച രാവിലെ പതിവുള്ള തന്‍റെ പൊതു കൂടുക്കാഴ്ചയ്ക്കുശേഷം വത്തിക്കാനിലുള്ള പോള്‍ ആറാമന്‍ ശാലയോടു ചേര്‍ന്നുള്ള ചെറിയ ഹാളില്‍ യൂറോപ്പിയന്‍ കൗണിസിലിന്‍റെ പാര്‍ലിമെന്‍റെറി അസ്സംബ്ളി അംഗങ്ങളുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
യൂറോപ്യന്‍ കൗണ്‍സിലിന്‍റെ മനുഷ്യാവകാശത്തിനുവേണ്ടിയുള്ള പാര്‍ലിമെന്‍റെറി അസംബ്ളിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ മാര്‍പാപ്പയുമായി കുടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെത്തിയത്. അലംഘനീയമായ മനുഷ്യാന്തസ്സ് ആഗോളതലത്തില്‍ സംരക്ഷിക്കപ്പെടാനും വളര്‍ത്തിയെടുക്കാനുമുള്ള ലക്ഷൃവുമായി യൂറോപ്പിയന്‍ കൗണ്‍സില്‍ സമ്മേളിക്കുമ്പോള്‍, ഇന്ന് മനുഷ്യാന്തസ്സ് ഏറെ ക്രൂരമായ വിധത്തില്‍ ലംഘിക്കപ്പെട്ട സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായ പരിഗണന നല്കേണ്ടതാണെന്ന് മാര്‍പാപ്പ പ്രതിനിധികളെ അനുസ്മരിപ്പിച്ചു. വിവിധ സാഹചര്യങ്ങളില്‍ അംഗവൈകല്യം സംഭവിച്ചവര്‍, അക്രമങ്ങള്‍ക്കിരയായ കുട്ടികള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവര്‍, അടമത്വത്തിന്‍റെ പുതിയ രൂപങ്ങളായ മനുഷ്യക്കടത്ത്, മയക്കുമരുന്നിന്‍റെ ഉപയോഗത്തിനിരയായവര്‍, വേശ്യവൃത്തിയില്‍പ്പെട്ടവര്‍... ഇവരെല്ലാമാണ് തന്‍റെ മനസ്സിലേയ്ക്ക് പ്രധാനമായും മനുഷ്യാന്തസ്സ് അവഗണിക്കപ്പെട്ടവരായി കടന്നുവരുന്നതെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. യൂറോപ്പിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടവരെ സംരക്ഷിക്കുവാനുള്ള കൗണ്‍സിലിന്‍റെ ശ്രമങ്ങളേയും താന്‍ പൂര്‍ണ്ണമായി ശ്ലാഘിക്കുന്നുവെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.