2010-09-03 18:20:14

ഏഷ്യയില്‍ യേശുവിനെ പ്രഘോഷിക്കുക.
സോളിലെ അല്‍മായ സമ്മേളനത്തിന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയ സന്ദേശം


 ഏഷ്യയിലെ കത്തോലിക്കാ അല്മായര്‍ക്കുവേണ്ടിയുള്ള സമ്മേളനം 2010 ആഗസ്റ്റ് 31-മുതല്‍ സെപ്തംമ്പര്‍ 5-വരെ തിയതികളില്‍ ദക്ഷിണ കൊറിയായിലെ സോളില്‍ നടക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന
ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും, പ്രത്യേകിച്ച് അല്മായ പ്രിതിനിധികള്‍ക്കും എന്‍റെ പ്രാര്‍ത്ഥനാപൂര്‍വ്വമായ ആശംസകള്‍ നേരുന്നു. ഏഷ്യയില്‍ ഇന്ന് യേശുവിനെ പ്രഘോഷിക്കുക, എന്ന സമ്മേളനത്തിന്‍റെ മുഖ്യവിഷയം കാലോചിതമാണ്. ഉത്ഥിതനായ ക്രിസ്തുവിനും അവിടുത്തെ തിരുവചനത്തിന്‍റെ ജീവദായകമായ സത്യത്തിനും സന്തോഷപൂര്‍വ്വം സാക്ഷൃംവഹിക്കുവാന്‍ ഏഷ്യയിലെ അല്‍മായരെ പ്രോത്സാഹിപ്പിക്കാനും നയിക്കാനും ഈ സമ്മേളനം സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന ഏഷ്യാ ഭൂഖണ്ഡം ശ്രേഷ്ഠമതങ്ങളുടെയും ആത്മീയാചാരങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രഭവസ്ഥാനമാണല്ലോ. ഏഷ്യയില്‍ ഇന്ന് മുമ്പൊരിക്കലുമുണ്ടാകാത്ത സാമ്പത്തിക വളര്‍ച്ചയും സാമൂഹിക പരിവര്‍ത്തനവും നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ കത്തോലിക്കര്‍ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും വാഗ്ദാനവും സാക്ഷികളുമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈ ഐക്യം, മനുഷ്യന് ദൈവത്തോടുള്ള ഐക്യവും, മനുഷ്യര്‍ തമ്മില്‍ തമ്മിലുമുള്ള കൂട്ടായ്മയുമാണ്. ക്രിസ്തുവിനുമാത്രം സാധ്യമാകുന്ന ഈ ഐക്യം ആസ്വദിക്കാന്‍ മാനവകുടുംമ്പം ഒന്നാകെ വിളിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ ജനസമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമസ്ഥാനമായ ഏഷ്യാഭൂഖണ്ഡത്തില്‍ മാനവകുലത്തിന്‍റ സാര്‍വ്വത്രിക രക്ഷകനായ ക്രിസ്തുവിന് സാക്ഷൃംനല്കുക എന്ന ശ്രേഷ്ഠമായ ദൗത്യം ഏഷ്യയിലെ അല്‍മായ സഹോദരരില്‍ നിക്ഷിപ്തമാണ്. സഭയ്ക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സേവനവും സമ്മാനവുമാണ് ഈ ക്രിസ്തു-സാക്ഷൃം. സാക്ഷൃമേകുക എന്ന ഉദാത്തമായ കല്‍പന നിറവേറ്റുന്നതിലുള്ള പരിശ്രമത്തില്‍, നവോന്മേഷവും പ്രോത്സാഹനവും പകരാന്‍ ഏഷ്യന്‍ സമ്മേളനത്തിനു സാധിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

“ഏഷ്യയിലെ ജനങ്ങള്‍ക്ക് ക്രിസ്തുവിനോടൊപ്പം അവിടുത്തെ സുവിശേഷവും ആവശ്യമാണ്. യേശുവിനുമാത്രം നല്കാന്‍ കഴിയുന്ന ജീവജലത്തിനായി ഏഷ്യ ദാഹിക്കുന്നുണ്ട്” (Ecclesia Asia 50). ദൈവദാസന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മേലുദ്ധരിച്ച പ്രവാചകശബ്ദം, ഏഷ്യന്‍ സഭയിലെ ഓരോ അംഗത്തെയും മാടിവിളിക്കുകയാണ്. അല്‍മായര്‍ ഈ ദൗത്യം ഏറ്റെടുക്കുമെങ്കില്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന ജ്ഞാനസ്നാനത്തിലുള്ള കൃപാവരത്തെക്കുറിച്ച് പൂര്‍വ്വോപരി അവബോധമുള്ളവരാകുകയും അതുവഴി ലഭിക്കുന്ന സവിശേഷമായ അന്തസ്സ് അവരെ പിതാവായ ദൈവത്തിന്‍റെ പുത്രരും പുത്രിമാരുമാക്കിത്തീര്‍ന്നു. അതുവഴി ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാതനത്തിലും പങ്കുകാരായിത്തീരുന്നവര്‍, പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരായി സഭയാകുന്ന ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ അംഗങ്ങളായിത്തീരുകയും ചെയ്യുന്നു.

വിശ്വാസ പാതയിലൂടെയുള്ള സഞ്ചാരത്തിന്‍റെ ഓരോഘട്ടത്തിലും ശരിയായ ആത്മീയവും മതബോധനപരവുമായ രൂപീകരണം നേടിയ അവര്‍, അവരുടെ ഇടയന്മാരോട് മനസ്സിലും ഹൃദയത്തിലും ഐക്യപ്പെട്ടു ജീവിച്ചുകൊണ്ട് പ്രാദേശിക ക്രൈസ്തവ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുക മാത്രമല്ല, സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സുവിശേഷത്തിന്‍റെ നൂതന സരണികള്‍ തുറക്കാന്‍ സഹകരിക്കുകയും ചെയ്യുന്നു. സുവിശേഷ സത്യത്തിന് സാക്ഷൃംവഹിക്കുവാനുള്ള പുതിയ പരിശ്രമങ്ങളില്‍ ഏഷ്യയിലെ അല്‍മായരായ സ്ത്രീ-പുരുഷന്മാരുടെ മുന്നില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കപ്പെടുകയാണ്. അല്‍മായര്‍ക്കു മാതൃകയാക്കി ജീവിക്കാവുന്ന, എന്‍റെ ചിന്തയില്‍ വരുന്ന, മേഖലകളിവയാണ്; ക്രിസ്തീയ ദാമ്പത്ത്യസ്നേഹവും കുടുംമ്പജീവിതവും, ഗര്‍ഭധാരണം മുതല്‍ അവസാനം മരിക്കുന്ന നാള്‍വരെ ദൈവത്തിന്‍റെ ദാനമായ ജീവന്‍ പരിരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം, പാവങ്ങളോടും നിരാലംമ്പരോടുമുള്ള അനുകമ്പ, ശത്രുക്കളോടും പീഡിപ്പിക്കുന്നവരോടും ക്ഷമിക്കുവാനുള്ള മനോഭാവം, മാതൃകയായി ജീവിക്കേണ്ട നീതിയുടെയും സത്യത്തിന്‍റെയും മൂല്യങ്ങള്‍, തൊഴില്‍ മേഖലയില്‍ കാണിക്കേണ്ട സഹിഷ്ണുത, പൊതുജീവിത മേഖലയിലുള്ളവരുടെ നന്മയുടെ സാന്നിദ്ധ്യം...എന്നിവയാണ്.

പ്രതിജ്ഞാബദ്ധരും, ശിക്ഷണം നേടിയവരുമായി വര്‍ദ്ധിച്ചുവരുന്ന അല‍മായര്‍ ഏഷ്യയിലെ സഭയുടെ ഭാവി പ്രത്യാശയാണ്. ഇത്തരുണത്തില്‍ മതബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സവിശേഷമായ പ്രവര്‍ത്തനങ്ങളെ ഞാന്‍ കൃതജ്ഞതയോടെ അനുസ്മരിക്കുവാനും ചൂണ്ടിക്കാണിക്കുവാനും ആഗ്രഹിക്കുന്നു. കത്തോലിക്കാ വിശ്വാസത്തിന്‍റെ അമൂല്യ സമ്പത്ത് അവരാണ് യുവാക്കളിലേയ്ക്കും മുതിര്‍ന്നവരിലേയ്ക്കും ഒരുപോലെ പകരുവാനും, വ്യക്തികള്‍ക്കും കുടുംമ്പങ്ങള്‍ക്കും ഇടവക സമൂഹങ്ങള്‍ക്കും ഉത്ഥിതനായ കര്‍ത്താവിന്‍റെ ശക്തമായ ആത്മീയാനുഭവം പങ്കുവയ്ക്കാനും പരിശ്രമിക്കുന്നത്. സഭയിലുള്ള പ്രേഷിതപ്രസ്ഥാനങ്ങളും നവീകരണ നീക്കങ്ങളും അരൂപിയുടെ സവിശേഷമായ ദാനങ്ങളാണ്. കാരണം ഇവ അല്‍മായരുടെ രൂപീകരണത്തിന് ഓജസ്സും നവജീവനും പകരുന്നു, പ്രത്യേകിച്ച് കുടുംമ്പങ്ങളുടെയും യുവാക്കളുടെയും രൂപീകരണത്തിന്.

മനുഷ്യാന്തസ്സും നീതിയും പരിപോഷിപ്പിക്കുന്ന സഭയുടെ സംഘടനകളും പ്രസ്താനങ്ങളും സുവിശേഷ സന്ദേശത്തിന്‍റെ സാര്‍വ്വത്രികതയും ക്രൈസ്തവരുടെ ദൈവപുത്രസ്ഥാനവും പ്രകടമാക്കുന്നു. പ്രാര്‍ത്ഥനയ്ക്കും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിതരായ ധാരാളം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമൊപ്പം, ഇടവക സമിതികളും, പ്രാര്‍ത്ഥനയ്ക്കായുള്ള അജപാലന സഖ്യങ്ങളും ഏഷ്യയിലെ സഭാസമൂഹങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും വളര്‍ത്തിയെടുക്കുന്നു.
സുവിശേഷപ്രഘോ‌ഷണ തീക്ഷ്ണതയാല്‍ അല്മായരെ നവീകൃതരാക്കുന്നതുവഴി ആഗോളസഭയുമായുള്ള അവരുടെ ഐക്യം ഊട്ടിയുറപ്പിക്കപ്പെടുകയാണ്.

ഇക്കാരണത്താല്‍ സോളില്‍ നടക്കുന്ന ഈ സമ്മേളനം സഭയുടെ പ്രേഷിതദൗത്യത്തിലുള്ള അല്മായ സഹോദരങ്ങളുടെ അത്യന്താപേക്ഷിതമായ പങ്കുവെളിപ്പെടുത്തുകയും, “ഏഷ്യയില്‍ ഇക്കാലഘട്ടത്തില്‍ യേശുവിനെ പ്രഘോഷിക്കുക” എന്ന ദൗത്യനിര്‍വ്വഹണത്തിനായി പ്രത്യേക ഭാവിപദ്ധതികള്‍ ഒരുക്കുന്നതിന് മുന്‍കൈ എടുക്കുന്നതിന് സഹായകമായിത്തീരുമെന്ന്
എനിക്കുറപ്പുണ്ട്. ഈ സമ്മേളനത്തിന്‍റെ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ക്രൈസ്തവ ജീവിതവും വിളിയും, മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട ഉദാത്തമായ സന്തോഷത്തിന്‍റെ ഉറവയും ദാനവുമായി കാണാന്‍ സാധിക്കട്ടെ എന്നതാണ്. “എനിക്കിനിമേല്‍ ജീവിതം ക്രിസ്തുവാണ്,” (ഫിലിപ്പിയര്‍ 1,21) എന്നു പറഞ്ഞു പൗലോസ് അപ്പസ്തോലനോടൊപ്പം ഓരോ കത്തോലിക്കനും ഏറ്റുപറയുവാന്‍ സാധിക്കട്ടെ. തങ്ങളുടെ ജീവിതത്തിന്‍റെ ദിശയും അര്‍ത്ഥവും, സത്യത്തിന്‍റെയും സന്തോഷത്തിന്‍റെയും പൂര്‍ണ്ണതയായ യേശുവില്‍ കണ്ടെത്തിയ എല്ലാവരും സ്വാഭാവികമായും ഈ കൃപ മറ്റുള്ളവരിലേയ്ക്ക് പകരുവാന്‍ ആഗ്രഹിക്കുന്നു. ജീവിത ക്ലേശങ്ങളാലോ പ്രാപിക്കേണ്ട ലക്ഷൃത്തിന്‍റെ വലുപ്പംകൊണ്ടോ പതറിപ്പോകാതെ, വ്യക്തി ഹൃദയങ്ങളിലും പാരമ്പര്യങ്ങളിലും സംസ്കാരങ്ങളിലും എപ്പോഴും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്‍റെ നിശ്ശബ്ദസാന്നിദ്ധ്യത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് ജീവിക്കുമ്പോള്‍, വളരെ നിഗൂഢമായ വിധത്തില്‍ മനുഷ്യന്‍റെ പ്രത്യാശകളുടെ പൂര്‍ത്തീകരണവും, വഴിയും സത്യവും ജീവനുമായ Jn.14, 6. ക്രിസ്തുവിലേയ്ക്കുള്ള വാതിലുകള്‍ തുറക്കപ്പെടും.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവരിലും പരിശുദ്ധാത്മചൈതന്യം നവമായി വര്‍ഷിക്കപ്പെടട്ടെയെന്ന്, ഞാന്‍ ആശംസിക്കുന്നു. നിങ്ങളുടെ പഠനത്തിന്‍റേയും പരിചിന്തനത്തിന്‍റേയും ഈ ദിവസങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രാര്‍ത്ഥനയില്‍ അനുഗമിക്കാം. അന്യൂനമായ ക്രൈസ്തവ പൂര്‍ണ്ണതയ്ക്കും മനോഹാരിതയ്ക്കും സാക്ഷൃംവഹിച്ചുകൊണ്ട്, ക്രിസ്തുവിനെ ലോകരക്ഷകനായി പ്രഘോഷിക്കുവാന്‍ ഏഷ്യയിലെ സഭയ്ക്ക് സാധിക്കട്ടെ. സമ്മേളനത്തില്‍ സന്നിഹിതരായിരിക്കുന്ന എല്ലാവരെയും തിരുസഭയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്നേഹമസൃണമായ മാദ്ധ്യസ്ഥ്യത്തിന് ഞാന്‍ സമര്‍പ്പിക്കുന്നു.
കര്‍ത്താവിലുള്ള സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതീകമായി ഞാന്‍ നിങ്ങള്‍‍ക്കേവര്‍ക്കും എന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കുന്നു.

10 ആഗസ്റ്റ് 2010, വത്തിക്കാന്‍
+ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
Translation of the Message of the Holy Father
to the Laity Congress in Seol, Korea







All the contents on this site are copyrighted ©.