2010-09-02 17:32:47

ഇസ്രായേല്‍-പലസ്തീനി സമാധാന-സംവാദങ്ങള്‍
ഇരുജനതകളുടെയും പ്രതീക്ഷകള്‍ക്കൊത്തായിരിക്കണം


2 സെപ്തംമ്പര്‍ 2010
മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ നീതിപൂര്‍വ്വകവും ശാശ്വതവുമായ സമാധാനം കൈവരിക്കാന്‍ ഇടയാവട്ടെയെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇസ്രായേലിന്‍റു മായുള്ള കൂടിക്കാഴ്ചയില്‍ ആശംസിച്ചു. ക്യാസില്‍ ഗണ്ടോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല വസതിയില്‍ സെപ്തംമ്പര്‍ 2-ാം തിയതി, വ്യാഴാഴ്ച രാവിലെ ഒരു കൂടിക്കാഴ്ചയില്‍ ഇസ്രായേലി പ്രസിഡന്‍റ് സീമോണ്‍ പീരെസ്സിനെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തിക്കാന്‍റെ വിദേശബന്ധ-കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
ഈ ദിവസങ്ങളില്‍ വാഷിങ്ട്ടനില്‍ നടക്കുവാന്‍പോകുന്ന ഒബാമാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍-പലസ്തീനി സമാധാന-സംവാദങ്ങള്‍ ഇരുജനതകളുടെയും നീതിനിഷ്ഠവും ആദരപൂര്‍വ്വകവുമായ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്ന്, വിശുദ്ധനാട്ടിലും മദ്ധ്യപൂര്‍വ്വദേശം മുഴുവനിലും സ്ഥായിയായ സമാധാനം കൈവരിക്കാനിടയാവട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. സൗഹൃദ-സംഭാഷണത്തിനിടെ 2009 മെയ് മാസത്തില്‍ വിശുദ്ധ നാട്ടിലേയ്ക്കു താന്‍ നടത്തിയ തീര്‍ത്ഥാടവും പാപ്പ സന്തോഷപൂര്‍വ്വം അനുസ്മരിക്കുകയുണ്ടായി.
വത്തിക്കാനും ഇസ്രായേലും, വിശുദ്ധ നാട്ടിലുള്ള കത്തോലിക്കാ സമൂഹങ്ങള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ അവലോകനംചെയ്യുന്നതിനും കൂടിക്കാഴ്ച ഇടയാക്കി. കത്തോലിക്കരുടെ സാന്നിദ്ധ്യത്തിനും അവരുടെ വിദ്യാഭ്യാസ-ആതുര സേവന സ്ഥാപനങ്ങളിലൂടെ ജനങ്ങള്‍ക്കു ലഭിക്കുന്ന നന്മകളും പ്രസിഡന്‍റ് പീരെസ്സ് നന്ദിയോടെ അനുസ്മരിച്ചു. തുടര്‍ന്ന് ഇസ്രായേലും വത്തിക്കാനും തമ്മിലുള്ള സാമ്പത്തികകാര്യങ്ങള്‍ ക്രമീകരിക്കുന്നതിനു രൂപീകൃതമായിട്ടുള്ള ഇരുപക്ഷ കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
 







All the contents on this site are copyrighted ©.