31 ആഗസ്റ്റ് 2010 കൂടിക്കാഴ്ചകളില്‍നിന്ന് മാര്‍പാപ്പയുടെ അമൂല്യമായ മറ്റൊരു ഗ്രന്ഥം
രൂപമെടുക്കുന്നു. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല
വസതിയില്‍വച്ച് ജൂലൈ 26-മുതല്‍ 31-വരെ തിയതികളിലും, അതിനു മുന്‍പ് വത്തിക്കാനിലുമായി
പീറ്റര്‍ സീവാള്‍ഡ് എന്ന ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന് നല്കിയ അഭിമുഖങ്ങളാണ് ഒരപൂര്‍വ്വഗ്രന്ഥമായി
രൂപപ്പെടുന്നതെന്ന് വത്തിക്കാന്‍റെ പത്രമോഫീസ് മേധാവി, ഫാദര്‍ ഫ്രദിറിക്കോ ലൊമ്പാര്‍ഡി
ആഗസ്റ്റ് 31-ാം തിയതി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു വിജ്ഞാപനത്തില്‍ വെളിപ്പെടുത്തി.
ഈ വര്‍ഷാന്ത്യത്തില്‍ ഇറ്റാലിയന്‍, ജെര്‍മ്മന്‍ എന്നീ ഭാഷകളില്‍ വത്തിക്കാന്‍ പ്രസിദ്ധീകരണശാല
പുറത്തിറക്കുന്ന മാര്‍പാപ്പയുടെ ഈ പുതിയ ഗ്രന്ഥം ഇതര ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെടുമെന്ന്
ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കര്‍ വത്തിക്കാന്‍ വിശ്വാസസംഘത്തിന്‍റെ
പ്രീഫെക്ടായിരുന്ന നാള്‍മുതല്‍ പലതവണയായി, വിവിധ വിഷയങ്ങളെക്കുറിച്ച് പീറ്റര്‍ സീവാള്‍ഡുമായി
നടത്തിയിട്ടുള്ള അഭിമുഖങ്ങളാണ് ഈ ഗ്രന്ഥത്തിന്‍റെ പ്രതിപാദ്യവിഷയമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ
വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.