2010-08-26 18:53:07

മദറിന്‍റെ ജന്മശതാബ്ദിക്ക്
പാപ്പായുടെ സന്ദേശം


 മദര്‍ തെരേസാ എന്ന അമൂല്യമായ ദൈവികദാനത്തിന് ലോകംമുഴുവനും ആഗോളസഭയും ദൈവത്തിന് നന്ദിപറയുന്നൊരവസരമാണീ ജന്മശതാബ്ദിയെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ. ആഗസ്റ്റ് 26-ാം തിയതി ആഘോഷിക്കപ്പെട്ട, കോല്‍ക്കോട്ടായിലെ വാഴ്ത്തപ്പെട്ട മദര്‍ തെരീസായുടെ ജന്മശതാബ്ദിദിനത്തില്‍ മദറിന്‍റെ പിന്‍ഗാമി, സിസ്റ്റര്‍ പ്രേമയ്ക്കയച്ച പ്രത്യേക സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. കരുണാദ്രവും നിലയ്ക്കാത്തതുമായ സേവനം, ജീവിതകാലത്തെന്നതുപോലെ, മദര്‍ തെരേസാ ആത്മീയ മക്കളായ തന്‍റെ ഉപവിയുടെ സഹോദരിമാരിലൂടെ ലോകത്ത് ഇന്നും തുടരുകയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ജന്മശതാബ്ദി ദിനമായ ആഗസ്റ്റ് 26-ാം തിയതി, വ്യാഴാഴ്ച രാവിലെ മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ കല്‍ക്കട്ടയിലുള്ള ജനറലേറ്റില്‍ കര്‍ദ്ദിനാള്‍ ടെലിസ്ഫോറോ തോപ്പോ മാര്‍പാപ്പയുടെ സന്ദേശം ദിവ്യബലിമദ്ധ്യേ വായിച്ചു. “ദൈവം നമ്മെ സ്നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല, എന്നാല്‍, നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്‍ണ്ണമാവുകയും ചെയ്യും” എന്ന (1 യോഹന്നാന്‍ 4,12.) വിശുദ്ധ യോഹന്നാന്‍റെ ഒന്നാം ലോഖനഭാഗം ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തവിന്‍റെ ഈ സ്നേഹമാണ് മദര്‍ തെരീസാ ജീവിച്ചതും മാതൃകയാക്കിയതെന്നും പറഞ്ഞ മാര്‍‍പാപ്പ പ്രസ്താവിച്ചു. ഈ സ്നേഹത്തില്‍ ജീവിച്ചുകൊണ്ട് ഉപവികളുടെ സഹോദരികള്‍ എന്നും പാവങ്ങള്‍ക്കായുള്ള നിസ്വാര്‍ത്ഥ സമര്‍പ്പണം തുടരന്‍ ഇടയാകട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു. ആത്മീയമായി കോല്‍ക്കോത്തായിലെ എല്ലാ അഘോഷങ്ങളിലും താന്‍ പങ്കുചേരുന്നു എന്നു മാര്‍പാപ്പ, മദറിന്‍റെ ആത്മീയതയില്‍നിന്നും ജീവിതമാതൃകയില്‍നിന്നു ഉത്തേജനമുള്‍ക്കൊണ്ട്, മുന്നോട്ടു ചരിക്കണമെന്ന് ലോകമെമ്പാടും ആതുരുശുശ്രൂഷ ചെയ്യുന്ന ഉപവികളുടെ സഹോദരിമാരോട് മാര്‍പാപ്പ ആഹ്വാനംചെയ്യുകയും തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.
1910 ആഗസ്റ്റ് 26-നാണ് മദര്‍ തെരീസാ, ആഗ്നസ് ജോണ്‍ ബോജോ, അല്‍ബേനിയായിലെ സ്കോപ്ജെയില്‍ ജനിച്ചു. 1929- ഇന്ത്യയിലെത്തി.
1950-ല്‍ കോല്‍ക്കോട്ടയില്‍ ഉപവികളുടെ സഹോദരിമാര്‍, എന്ന സന്യാസിനി സഭ സ്ഥാപിച്ചു. 1997, സെപ്തംമ്പര്‍‍ 5-ാം തിയതി കല്‍ക്കട്ടയില്‍ മരണമടഞ്ഞു.
2003-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തി.







All the contents on this site are copyrighted ©.