2010-08-25 12:26:32

സുവിശേഷ പരിചിന്തനം ആഗസ്റ്റ് 15
മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍


എവിടെ മനസ്സ് ഭയത്തില്‍നിന്നു വിമുക്തമായിരിക്കുന്നവോ,
ശിരസ്സ് ഉയര്‍ന്നു നില്ക്കുന്നവോ, എവിടെ ജ്ഞാനം സ്വതന്ത്രമായിരിക്കുന്നുവോ, എവിടെ ലോകം ഇടുങ്ങിയ ഭിത്തികളാല്‍ വിഭജിക്കപ്പെടാതിരിക്കുന്നുവോ, എവിടെ വിശാല ചിന്തയാലും കര്‍മ്മത്താലും
മനസ്സ് അവിരാമം മുന്നോട്ടു ചരിക്കുന്നുവോ അവിടെയാണ് സ്വാതന്ത്ര്യം.
മേലുദ്ധരിച്ച വളരെ പ്രശസ്തമായ രവീന്ദ്രനാഥ് ടാഗോറിന്‍റെ വരികള്‍ക്ക് ക്രിസ്തീയ പരിവേഷം നല്കിയാല്‍ മാതാവിന്‍റെ സ്വര്‍ഗ്ഗോരോപണ തിരുനാളിനോടൊപ്പം നാം ആഘോഷിക്കുന്ന ഭാരതസ്വതന്ത്ര്യത്തിന്‍റെയും ഉള്‍പ്പൊരുളിലേയ്ക്ക് നമ്മെ നയിക്കാനാവും, ഇറങ്ങിച്ചെല്ലാനാകും.

സ്വാതന്ത്യത്തിന്‍റെ രണ്ടു മഹോത്സവങ്ങളാണ് ആഗസ്റ്റ് 15-ാം തിയതി നാം ഒരുമിച്ച് ആഘോഷിക്കുന്നത്. പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍‍ഗ്ഗാരോപണത്തിരുനാളും ഭാരതത്തന്‍റെ 63-ാമത്തെ സ്വാതന്ത്യദിനവും.
ഒന്ന് ആത്മീയ തലത്തിലെ സ്വാതന്ത്ര്യ ലബ്ദിയായപ്പോള്‍, രണ്ടാമത്തേത് ഭൗമികതലത്തിലുള്ളതാണ്. ലോകരക്ഷകനായ യേശുവിന്‍റെ അമ്മ, തന്‍റെ ഐഹിക ജീവിതത്തിന്‍റെ അന്ത്യത്തില്‍ സ്വര്‍ഗ്ഗാരോപിതയായി എന്ന കത്തോലിക്കാ സഭയുടെ വിശ്വാസസത്യമാണ് ഈ തിരുനാളില്‍ പ്രഘോഷിക്കുന്നത്. ഭാരതം വിദേശ ഭരണത്തിന്‍ കീഴില്‍നിന്നും സ്വാതന്ത്യം നേടി ഒരു ജനാധിപത്യ രാഷ്ട്രമായി ഉയര്‍ന്നതിന്‍റെയും ഓര്‍മ്മയാണിത്. ഈ രണ്ടു മഹോത്സവങ്ങളും ഒരേ ദിവസം വന്നുചേര്‍ന്നു എന്നുള്ളതിനാല്‍ ഭാരതീയരായ നമുക്ക് ഈ ദിവസം അവിസ്മരണീയമാണ്.
ഇത് കര്‍ത്താവു നല്കിയ ദിവസമാണ്, നമുക്കു സന്തോഷിക്കാം.

സ്വര്‍ഗ്ഗാരോപണമെന്ന വലിയ യാഥാര്‍ത്ഥ്യത്തെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ അതിനു പരിശുദ്ധ കന്യകാമറിയത്തെ ഒരുക്കിയ വസ്തുതയെക്കുറിച്ച് വിചിന്തനംചെയ്യുന്നത് തീര്‍ച്ചയായും ഈ തിരുനാളില്‍ പ്രസക്തമാണ്. തന്‍റെ വ്യക്തിത്വത്തിന്‍റെ ഏകാന്തതയില്‍നിന്നും മോചനംനേടി മറ്റുള്ളവരിലേയ്ക്കും ദൈവത്തിങ്കലേയ്ക്കുമുളള കടന്നുചെല്ലലാണ് യഥാര്‍ത്ഥ സ്വാതന്ത്യമെന്ന് താത്വികനായ ഗബ്രിയേല്‍ മാര്‍സല്‍ പ്രസ്താവിക്കുന്നു.
ദൈവത്തിലേയ്ക്കെത്തിയവര്‍ക്ക് മനുഷ്യരിലേയ്ക്ക് എത്താതിരിക്കാനാവില്ലല്ലോ.
നസ്രത്തിലെ മറിയം ഈ ജീവിതത്തില്‍ മനുഷ്യരോടൊപ്പം ജീവിച്ചുകൊണ്ടു പ്രാപിച്ച അത്മീയ സ്വാതന്ത്ര്യമാണ് അവളെ സ്വര്‍ഗ്ഗാരോപിതയാക്കുന്നത്.
മറിയത്തിന്‍റെ ജീവിതത്തിലെ നാം അറിയുന്നത്ര സംഭവങ്ങള്‍ എത്രത്തോളം മനുഷ്യരോട് പരിശുദ്ധ അമ്മ അടുത്തിരിക്കുന്നുവെന്നു വ്യക്തമാക്കുന്നു. ചാര്‍ച്ചക്കാരിയായ എലിസബത്തിന്‍റെ പക്കലും, ബതലഹേമിലെ കാലിക്കൂട്ടിലും, നസറത്തിലെ കൊച്ചുവീട്ടിലും... കാനായിലും, കാല്‍വരിയിലുമെല്ലാം... ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിച്ചവള്‍, എത്രത്തോളം സഹോദരങ്ങളോടും അടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നു.

ദൈവശാസ്ത്രപരമായ മറ്റു വ്യാഖ്യാനങ്ങളും ഈ തിരുനാളിനുണ്ട്. ദൈവപുത്രന് ഈ ഭൂമിയില്‍ ജന്മരുളിയ മറിയത്തിന്‍റെ ഭൗതിക ശരീരം, മറ്റുള്ളവരുടേതുപോലെ ഈ ഭൂമിയില്‍ അഴുത്തുപോകയില്ല, എന്ന തത്വമാണ് ഇതില്‍ അന്തര്‍ലീനമായിരിക്കുന്നത്. പരിശുദ്ധ മറിയത്തിന്‍റെ ജീവിതാന്ത്യത്തില്‍ ദൈവംതന്നെ തന്‍റെ വിനീത ദാസിയെ വിശ്വസ്തയുടെയും സമര്‍പ്പണത്തിന്‍റെയും വിജയകരീടം അണിയിക്കുകയാണ്.
ഈ തിരുനാള്‍ നമുക്കു നല്കുന്ന ദര്‍ശനവും ഇതുതന്നെയാണ്,നമ്മുടെ ജീവിതാന്ത്യത്തില്‍ നാം ദൈവത്തിങ്കലേയ്ക്ക് എത്തിച്ചേരേണ്ടതാണ്.
നമ്മുടെ ജീവിത വിശ്വസ്തതയും സമര്‍പ്പണവുമാണ് നമ്മുടെയും സ്വര്‍ഗ്ഗീയ മഹത്വത്തിന്നാധാരമെന്ന് ഈ തിരുനാള്‍ അനുസ്മരിപ്പിക്കുന്നു.

ഇന്നത്തെ സുവിശേഷഭാഗവും ഈ ആശയംതന്നെയാണ് വെളിപ്പെടുത്തുന്നത്. ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഈശോയെ കാണുവാന്‍ അവിടുത്തെ അമ്മയും സഹോദരന്മാരും വന്നിട്ടുണ്ടെന്നു ജനക്കുട്ടത്തില്‍നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു. അപ്പോള്‍ അവിടുന്ന് വ്യക്തമായി പ്രസ്താവിച്ചു,
സ്വര്‍ഗ്ഗത്തിലുള്ള എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാരോ അവരാണ് എന്‍റെ അമ്മയും സഹോദരനും സഹോദരിയും. ... ഈ വാക്കുകള്‍ പരിശുദ്ധ ദൈവമാതാവിനോടുള്ള അവഗണനയാണെന്നു മുഖഭാവില്‍ തോന്നാമെങ്കിലും, അവഗണനയല്ല, മറിച്ച് ആദരവാണ് സൂചിപ്പിക്കുന്നത് എന്ന് തുടര്‍ന്നു ചിന്തിക്കുമ്പോള്‍ മനസ്സിലാകും. ഇവിടെ ദൈവഹിതം നിര്‍വ്വഹിച്ചുകൊണ്ട് മറിയം യേശുവിന്‍റെ അമ്മയായി എന്ന വലിയ സത്യം അവിടുന്ന് വെളിപ്പെടുത്തുകയായിരുന്നു. ഒപ്പം ദൈവഹിതാനുസരണം ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു തന്‍റെ ചുറ്റും കൂടിയ ജനാവലിക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു. മറിയം കാണിച്ചുതന്ന, ദൈവഹിതം നിറവേറ്റുക എന്ന മാതൃക മനുഷ്യന്‍റെ ജീവിതത്തിലെ മുക്തിമാര്‍ഗ്ഗം തന്നെയാണ്.

ദൈവമക്കളുടെ സ്വാതന്ത്യം തന്നിഷ്ടംപോലെ ജീവിക്കുവാനുള്ളതല്ല. ദൈവികപദ്ധതിയോടു സഹകരിക്കുന്നതിലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്. ക്രിസ്തുനാഥന്‍ മാനവരക്ഷ സാധിച്ചത് തന്‍റെ അനുസരണത്തിലൂടെയാണ്. യേശുവിന്‍റെ അമ്മ പരിശുദ്ധയായി ജീവിച്ചത് ദൈവഹിതം എല്ലാറ്റിലും അനുവര്‍ത്തിച്ചുകൊണ്ടാണ്. വിശുദ്ധാത്മാക്കളുടെ ജീവിതം പരിശോധിക്കുമ്പോള്‍ നമ്മുക്കു മനസ്സിലാകുന്നത് അവരുടെ ജീവിത വിജയം അടങ്ങിയിരിക്കുന്നത് ദൈവിഹിതത്തോടുള്ള പരിപൂര്‍ണ്ണവിധേയത്വമായിരുന്നു, അല്ലെങ്കില്‍ ജീവിതത്തില്‍ ദൈവഹിതം കണ്ടെത്താനുള്ള നിരന്തരമായ പരിശ്രമമായിരുന്നുവെന്നാണ്.

ഏവരും വ്യക്തിജീവിതത്തില്‍ സ്വാതന്ത്രൃത്തിന് ഏറെ വിലമതിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യുവാനുള്ള ഒരു സൗകര്യമാണ് സ്വാതന്ത്ര്യം എന്നാണ്, പൊതുവെയുള്ള ഒരു ധാരണ. എന്‍റെ ഇഷ്ടം നടക്കാതെ വരുമ്പോള്‍, എനിക്കു സ്വാതന്ത്ര്യമില്ല, എന്നാണ് നമ്മുടെയൊക്കെ ധാരണയും പരാതിയും... അതു വീടായാലും സ്ഥാപനമായാലും,. ഇന്ന് സ്വാതന്ത്ര്യത്തിന്‍റെയും മാനുഷികതയുടെയും പേരില്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുവാനും ദൈവകല്പനകളിലും സുവിശേഷസന്ദേശങ്ങളിലും വെള്ളം ചേര്‍ക്കുവാനും ധാരാളം പരിശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ നേരെ കണ്ണടയ്ക്കുന്നതും, സത്യം മറച്ചുവയ്ക്കുന്നതും, ചുമതലകളില്‍നിന്നും ഒളിച്ചോട്ടം നടത്തുന്നതും നമുക്ക് ന്യായീകരിക്കാവുന്നതല്ല. അത് ക്രിസ്തീയവുമല്ല. ദൈവത്തെ പ്രഘോഷിക്കുമ്പോള്‍ കൈവിലങ്ങുകളാണ് വീഴുന്നതെങ്കില്‍, ആ വിലങ്ങുകള്‍ അണിഞ്ഞും ദൈവഹിതം നിവര്‍ത്തിക്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. അത് യഥാര്‍ത്ഥ ക്രൈസ്തവ സ്വാതന്ത്യമാണ്.
സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എന്‍റെ ഇഷ്ടങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളും അധമ വികാരങ്ങളും അഴിച്ചുവിടുമ്പോഴും ബോധപൂര്‍വ്വം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും അവയ്ക്ക് ധാരാളം ന്യായീകരണങ്ങളും നാം കണ്ടെത്താറുണ്ട്.
എന്നാല്‍ യഥാര്‍ത്ഥ സ്വാതന്ത്യം അനായസേന നന്മചെയ്യാനുള്ള കഴിവാണ്.
ദൈവം നമുക്ക് അസ്തിത്വവും ആയുസ്സും നല്കിയിരിക്കുന്നത്, നന്മചെയ്യുവാനാണ്. നന്മയുടെ പാതയില്‍ തടസ്സങ്ങളൊന്നുമില്ലാതെ ചരിക്കുവാനാകുന്നതാണ് യഥാര്‍ത്ഥമായ സ്വാതന്ത്യത്തിന്‍റെ ജീവിതം.

ജീവിതത്തിന്‍റെ ഒടുവിലത്തെ വാക്ക് സഹനമോ struggleളോ അല്ല, മറിച്ച് സാഫല്യമാണ്, സ്വാതന്ത്ര്യത്തില്‍ നേടിയ സാഫല്യം. ക്രിസ്തുതന്നെ പറയുന്നതുപോലെ, നിങ്ങള്‍ ദുഃഖിതരാകും, എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവവേദന ആരംഭിക്കുമ്പോള്‍, അവളുടെ സമയം വന്നുവെന്നു മനസ്സിലാക്കി ദുഃഖമുണ്ടാകുന്നു. എന്നാല്‍ കുഞ്ഞു പിറന്നു കഴിയുമ്പോള്‍, ഒരു മനുഷ്യന്‍ ലോകത്തിലേയ്ക്ക് വന്നതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മ്മിക്കുന്നില്ല.
യോഹന്നാന്‍ 16, 21. വര്‍ഷങ്ങള്‍ക്കുശേഷം അരെങ്കിലും നിങ്ങളെ, നിങ്ങള്‍ കടുന്നുവന്ന വഴികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍, നിനക്കോര്‍മ്മയില്ലേ, നീ ചവിട്ടിയ മുള്‍വഴികള്‍, നീന്തിയ കണ്ണീര്‍പ്പുഴകള്‍ എന്നൊക്കെ പറയുമ്പോള്‍ വളരെ സത്യസന്ധമായി നിങ്ങള്‍ പറയും , ഇല്ല, എനിക്കോര്‍മ്മയില്ല അല്ലെങ്കില്‍ത്തന്നെ അത്തരം ഓര്‍മ്മകള്‍ക്ക് എന്താണ് പ്രസ്ക്തി.
ക്രിസ്തു ദര്‍ശനത്തിന്‍റെ സാഫല്യവുമായി തുലനംചെയ്യുമ്പോള്‍ ഒരു സന്തോഷവും സന്തോഷമല്ല, ഒരു സങ്കടവും സങ്കടമല്ല. ക്രിസ്തു നിലാവുപോലെ നമ്മുടെ ഉള്ളില്‍ നിറയുന്നു, ഒന്നിനെയും പൊള്ളിക്കാത്ത സൗമ്യനീലവെളിച്ചമാണവിടുന്ന്. ആവെളിച്ചത്തിലേയ്ക്ക് നാമെല്ലാവരും നയിക്കപ്പെടേണ്ടതാണ്.

സമ്പൂര്‍ണ്ണ മനുഷ്യന്‍ ദൈവത്തിന്‍റെ മഹത്വമാണെന്ന വിശുദ്ധ ഇറണേവൂസിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്. വിശുദ്ധ ഗ്രന്ഥത്തിലധിഷ്ഠിതമായ സമഗ്രവിമോചനവും സമ്പൂര്‍ണ്ണ സ്വാതന്ത്യവും നേടിയെടുക്കാനാണ് നാം പരിശ്രമിക്കേണ്ടത്. നമുക്കു സമൃദ്ധമായ ജീവന്‍ നല്കുവാനും നമ്മുടെ സന്തോഷം പൂര്‍ണ്ണമാക്കുവാനും, ശാശ്വത ശാന്തിയും സമാധാനവും സമഗ്രവിമോചനവും നല്കുവാനും വന്ന ക്രിസ്തുനാഥന്‍റെ പാതയാണ് നമുക്കാശ്രയമാകേണ്ടത്. അതിനായി നാം സത്യത്തിലും നീതിയിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കേണ്ടതാണ്. അതുപോലെ നമ്മുടെ സഹോദരങ്ങളെയും ക്രിസ്തു നേടിയത്തന്ന സമഗ്രവിമോചനത്തിന്‍റെ പാതയിലേയ്ക്കു നയിക്കുവാന്‍ പരിശ്രമിക്കുകയും വേണം.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യദിനം എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങള്‍ സംപ്രാപ്യമാക്കുന്ന ഒരു പുതിയ സമൂഹത്തിന്‍റെ അച്ചാരമാകട്ടെ. എളിയവരെ ഉയര്‍ത്തുകയും അഹന്തനിറഞ്ഞ കരുത്തരെ താഴ്ത്തുകയും ചെയ്യുന്ന ദൈവം, തന്‍റെ എളിയ ദാസിയെ തന്‍റെ പുത്രനോടൊപ്പം സ്വര്‍ഗ്ഗീയ തേജസ്സിലേയ്ക്കുയര്‍ത്തിയ ദൈവം, നമ്മോടുകൂടെയുണ്ട്. ഭൂമിയെ സൃഷ്ടിച്ചു നവികരിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്‍റെ അരൂപിയാല്‍ നിറഞ്ഞ് ഈ ഭൂമിയെ നവീകരിക്കാന്‍ നമുക്കും പരിശ്രമിക്കാം. നമ്മുടെ ജീവിതമേഖലകളി‍ല്‍ കുടുതല്‍ സ്നേഹം സമാധാനവും പരത്തുവാന്‍ പരിശ്രമിക്കാം. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാം. വലിയ കാര്യങ്ങള്‍ നമുക്കായി ചെയ്തുതന്ന ദൈവത്തെ നമുക്ക് പരിശുദ്ധ അമ്മയോടൊപ്പം എന്നും വാഴ്ത്തി സ്തുതിക്കാം.


.







All the contents on this site are copyrighted ©.