2010-08-19 17:58:03

വിശ്വമാനവീകദിനം 19 ആഗസ്റ്റ്


ആഗസ്റ്റ് 19 വിശ്വമാനവീക ദിനമായി ആചരിക്കപ്പെട്ടു.
ലോകത്ത് ജീവിന്‍ പരിരക്ഷിക്കപ്പെടുവാനും യുദ്ധം, പ്രകൃതിക്ഷോഭം, കലാപങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയില്‍‍ ജീവന്‍ രക്ഷിക്കുവാന്‍ പരിശ്രമിക്കുന്നതിനിടെ തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ച ലോകമെമ്പാടുമുള്ള ധീരരായ സന്നദ്ധസേവകരെ അനുസ്മരിച്ചുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന, വ്യാഴാഴ്ച വിശ്വമാനവീകദിനം ആചരിച്ചത്. കൂടുതല്‍ സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ഒരു ലോകം പടുത്തുയര്‍ത്തുവാനുള്ള പരിശ്രമത്തിനിടയില്‍ ജീവന്‍ സമര്‍പ്പിച്ച ധീരയോദ്ധാക്കളെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നതോടൊപ്പം, ജീവന്‍ എന്നും എവിടെയും പരിരക്ഷിക്കപ്പെടേണ്ടതാണെന്ന് എവരെയും അനുസ്മരിപ്പിക്കുന്ന ഒരു ദിനംകൂടിയാണിതെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.
2003 ആഗസ്റ്റ് 19-ന് ഇറാക്കിലെ യുഎന്‍ ആസ്ഥാനമന്ദിരത്തിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ മരിച്ച 22 സന്നദ്ധസേവകരെ അനുസ്മരിച്ചുകൊണ്ടാണ് ആദ്യമായി വിശ്വമാനവികദിനാചരണം ആരംഭിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി. 2010 ജനുവരിയില്‍ ഹായ്ത്തിയിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ യുഎന്‍ പ്രവര്‍ത്തകരെയും ബാന്‍ അനുസ്മരിച്ചു.
ഇക്കാലമൊക്കെയും ലോകത്തിന്‍റെ നാനാഭാഗത്തും പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകര്‍ പ്രത്യേക സുരക്ഷാസൗകര്യങ്ങള്‍ ആസ്വദിച്ചിരുന്നെങ്കിലും, ഇന്നത്തെ അവസ്ഥ മാറിയിരിക്കുകയാണെന്നും, ധാര്‍മ്മികതയുടെ അതിര്‍വരമ്പകള്‍ കടന്ന് സേനരംഗങ്ങളിലുള്ളവര്‍ക്കുനേരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്ന് ബാന്‍ കീ മൂണ്‍ പരാതിപ്പെട്ടു.







All the contents on this site are copyrighted ©.