2010-08-18 17:42:20

പ്രഫസര്‍ കബീബോയുടെ
നിര്യാണത്തില്‍ പാപ്പ അനുശോചിച്ചു


18 ആഗസ്റ്റ് 2010
ശാസ്ത്രവിജ്ഞാനത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ പ്രസിഡന്‍റ്
നിക്കോളേ കബീബോയുട‍െ നിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അനുശോചിച്ചു.
ആഗസ്റ്റ് 17-ാം തിയതി, ചൊവ്വാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര‍ത്തോണേവഴി അയച്ച സന്ദേശത്തില്‍, പ്രഫസര്‍ കബ്ബീബോ പൊന്തിഫിക്കല്‍ അക്കാദമിക്ക് നല്കിയ നിസ്തുല സേവനങ്ങള്‍ക്ക് മാര്‍പാപ്പ അകമഴിഞ്ഞ നന്ദിരേഖപ്പെടുത്തുകയും നിര്യാണത്തില്‍ അനുശോചിക്കുകയും ചെയ്തു.
ദൂഃഖാര്‍ത്തരായ കുടുബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും സാന്ത്വനവചസ്സുകള്‍ നേര്‍ന്ന മാര്‍പാപ്പ അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.
പ്രഫസര്‍ നക്കോളേ കബ്ബീബോ 1993 മുതല്‍ ശാസ്ത്രവിജ്ഞാനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ പ്രസിഡന്‍റാണ്. ഊര്‍ജ്ജതന്ത്രത്തില്‍ ബരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള കബ്ബീബോ പിന്നീട് കബീബോ കോണം cabbibo angle എന്ന, മൗലിക-കണത്തെക്കുറിച്ചുള്ള elementary particle പുതിയ കണ്ടുപിടുത്തവുമായി ഊര്‍ജ്ജതന്ത്രത്തിലുള്ള തന്‍റെ വൈദഗ്ധ്യം പ്രകടമാക്കി. അത്യാധുനിക കംപ്യൂട്ടര്‍ സയന്‍സിന്‍റെ സാങ്കേതികതിലും നവമായ വിദ്യകള്‍ കണ്ടുപിടിച്ചിട്ടുള്ള നിക്കോളേ കബീബോ 1983 മുതല്‍ 1992 വരെ, റോമിലെ ശാസ്ത്ര-സാങ്കേതിക ഗവേഷണകേന്ദ്രത്തിന്‍റെയും പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്തരിച്ച പ്രഫസര്‍ കബീബോയുടെ അന്തിമോപചാര ശുശ്രൂഷകള്‍
ആഗസ്റ്റ് 18-ാം തിയതി ബുധനാഴ്ച രാവിലെ ഇറ്റലിയിലെ സമയം
11 മണിക്ക് റോമിലെ വിശുദ്ധ ലോറന്‍സിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നടത്തപ്പെട്ടു.
രാജ്യാന്തരസ്വഭാവത്തിനുമപ്പുറം സ്ഥാനമുള്ള, ലോകത്തിലെ ഏകശാസ്ത്ര അക്കാദമിയാണ് വത്തിക്കാന്‍റെ ശാസ്ത്രവിജ്ഞാനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമി. സഭയുടെ സമൂഹ്യ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യന് ഉപയുക്തമാകുന്ന വിധത്തില്‍ സമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-നൈയാമിക-ശാസ്ത്രീയ വിജ്ഞാനം പരിപോഷിപ്പിക്കുക എന്നതാണ് ഇതിന്‍റെ പരമമായ ലക്ഷൃം. 1847-ല്‍ 9-ാം പിയൂസ് മാര്‍പാപ്പ സ്ഥാപിച്ച നവദര്‍ശനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയാണ് Pontifical Acadmy for New Lynxz, 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നവീകരിച്ച് ഇന്നത്തെ നിലയിലേയ്ക്കുയര്‍ത്തിയത്. ആര്‍ച്ചുബിഷപ്പ് മര്‍ച്ചേല്ലോ സാന്‍ചെസ് സൊരോന്തോയാണ് ഇപ്പോഴത്തെ അക്കാഡമിയുടെ ചാന്‍സലര്‍.
 







All the contents on this site are copyrighted ©.