2010-08-18 17:33:55

കൊസ്സീഗാ ദേശീയതയുടേയും
വിശ്വാസത്തിന്‍റേയും യോദ്ധാവ്


18 ആഗസ്റ്റ് 2010
അന്തരിച്ച മുന്‍പ്രസിഡന്‍റ് ഫ്രാഞ്ചെസ്ക്കോ കൊസ്സീഗാ ഇറ്റാലിയന്‍ ദേശീയതയുടേയും ക്രൈസ്തവ വിശ്വാസത്തിന്‍റേയും ധീരയോദ്ധാവായിരുന്നുവെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
അനുഭവ സമ്പന്നനായ രാഷ്ടീയ പ്രവര്‍ത്തകനും ജനനേതാവുമായിരുന്ന ഫ്രാഞ്ചെസ്ക്കോ കൊസ്സീഗാ 1970 മുതല്‍ 80-വരെ ഇറ്റലിയുടെ പ്രസിഡന്‍റായി സേവനംചെയ്തു. കലര്‍പ്പില്ലാത്ത സമര്‍പ്പണവും വിശ്വാസ ജീവിതവുംകൊണ്ട് രാഷ്ട്രത്തെ എതിര്‍പ്പുകളുടെ കാലഘട്ടത്തില്‍ ഭരിച്ച കൊസ്സീഗാ, തന്‍റെ രാഷ്ടീയ സഹപ്രവര്‍ത്തകനായിരുന്ന ആള്‍ദോ മൂറോയെ കമ്യൂണിസ്റ്റ് തീവ്രവാദികള്‍ ബന്ധിയാക്കുകയും ദാരുണമായി കൊലപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് 1979-ല്‍ സ്ഥാനമൊഴിയുകയായിരുന്നു. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് അഭ്യന്തര മന്ത്രിയായും സെനറ്ററായും അദ്ദേഹം സേവനംചെയ്തിട്ടുണ്ട്.
തെക്കു-കിഴക്കെ ഇറ്റലിയിലെ സര്‍ദീനിയാ സ്വദേശിയാണ് അന്തരിച്ച കൊസ്സീഗാ.
ആഗസ്റ്റ് 17-ാം തിയതി ചൊവ്വാഴ്ച ഇറ്റലിയിലെ സമയം ഉച്ചയ്ക്ക് 1.20ന് റോമിലെ ജെമേല്ലി പോളിക്ലിനിക്കില്‍വച്ചായിരുന്നു 82 വയസുള്ള കൊസ്സീഗായുടെ അന്ത്യം. ശ്വാസകോശ-ഹൃദയരോഗാലസ്യങ്ങളാല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കൊസ്സീഗായുടെ ആരോഗ്യാവസ്ഥ അന്വേഷിക്കുവാന്‍, മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സുവിശേഷവത്ക്കരണ പദ്ധതികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷ്പ്പ് റീനോ ഫിസിക്കേല്ലായെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് നയോഗിച്ചിരുന്നു. മരണവാര്‍ത്ത അറിഞ്ഞ ഉടനെ മാര്‍പാപ്പ തന്‍റെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗൊണ്ടോള്‍ഫോ അരമനയിലെ ദേവാലയത്തില്‍ കൊസ്സീഗായുടെ അത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു.
അന്തരിച്ച മുന്‍പ്രസിഡന്‍റ് ഫ്രാഞ്ചെസ്ക്കോ കൊസ്സീഗായുടെ കുടുമ്പാംഗങ്ങള്‍ക്കും ഇപ്പോഴത്തെ ഇറ്റാലിയുടെ പ്രസിഡന്‍റ്, ജോര്‍ജ്ജ് നെപ്പോളിറ്റാനും സന്ദേശത്തിലൂടെ മാര്‍പ്പാപ്പ പ്രാര്‍ത്ഥനയും അനുശോചനവും നേര്‍ന്നുവെന്നും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, ആഗസ്റ്റ് 18-ാം തിയതി ബുധനാഴ്ച രാവിലെ, ഔദ്യോഗികമായി കൊസ്സീഗായുടെ മൃതദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുമെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്‍റെ വൈസ് ഡയറക്ടര്‍, ഫാദര്‍ ചീറോ ബെനഡിക്ട് ഒരഭിമുഖത്തില്‍ അറിയിച്ചു.







All the contents on this site are copyrighted ©.