2010-08-12 19:55:03

ക്ലാരയും ഫ്രാന്‍സിസും
സമൂഹ്യനീതിയുടെ പ്രായോജകര്‍


12 ആഗസ്റ്റ് 2010
വിശുദ്ധ ക്ലാരയും ഫ്രാന്‍സിസും സമൂഹ്യനീതിയുടെയും പങ്കുവയ്ക്കലിന്‍റെയും പ്രായോജകരാണെന്ന്, കര്‍‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്, വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് പ്രസ്താവിച്ചു. ആഗസ്റ്റ് 11-ാം തിയതി ബുധനാഴ്ച വിശുദ്ധ ക്ലാരയുടെ തിരുനാള്‍ദിനത്തില്‍ ഇറ്റലിയിലെ കാമെറീനോയിലുള്ള ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ഫ്രാന്‍സിസിനെ അനുകരിച്ച് വിശുദ്ധ ക്ലാര ജീവിച്ച മൗലികമായ ദാരിദ്ര്യാരൂപിക്ക് സമൂഹജീവിതത്തില്‍ സ്വാതന്ത്ര്യവും നീതിയും സാഹോദര്യവും വളര്‍ത്തുവാനുള്ള പ്രവാചകധ്വനിയുണ്ടെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ദൈവമാണ് സൃഷ്ടവസ്തുക്കളെല്ലാം നമുക്കു തരുന്നതെന്നും, അതു നാം നീതുപൂര്‍വ്വകമായി ഉപയോഗിക്കുമ്പോള്‍ ദൈവത്തെ സ്തുതിക്കുകയും ധ്യാനിക്കുകയുമാണെന്നും കര്‍ദ്ദിനാള്‍ ഹ്യൂംസ് ഉദ്ബോധിപ്പിച്ചു. ഫ്രാന്‍സിസും ക്ലാരയും ആഴമായ ദാരിദ്ര്യാരൂപിയാല്‍ പ്രേരിതരായി സൃഷ്ടവസ്തുക്കളുടെ ഗീതം ആലപിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു....., അങ്ങനെ ദൈവീകദാനങ്ങള്‍ സഹോദരങ്ങളുമായി പങ്കുവച്ചു ജീവിക്കുവാന്‍ അവര്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന്, കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു. പണത്തിനും പ്രതാപത്തിനും മുന്‍തൂക്കം നല്കുന്ന ഇന്നത്തെ സമൂഹത്തില്‍ വിശുദ്ധ ക്ലാരയുടെയും ഫ്രാന്‍സിന്‍റെയും ദാരിദ്ര്യാരൂപി കുറവായിട്ടും അപമാനമായിട്ടും തേന്നാമെങ്കിലും, സമൂഹ്യനീതിയും ഭൂസ്വത്തിന്‍റെ തുല്യപങ്കുവയ്ക്കലും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഈ ഫ്രാന്‍സിസ്ക്കന്‍ ദര്‍ശനം ഇന്നത്തെ സമൂഹത്തില്‍ അനിവാര്യമാണെന്ന് കര്‍ദ്ദിനാള്‍ ഹ്യൂംസ് തന്‍റെ വചനപ്രഘോഷണത്തില്‍ ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.