2010-08-12 20:15:42

ആര്‍ച്ചുബിഷപ്പ് സാക്കോയുടെ
റമദാന്‍ സന്ദേശം


12 ആഗസ്റ്റ് 2010
ഇറാക്കിലെ മുസ്ലീം സഹോദരങ്ങള്‍ക്ക് ആര്‍ച്ചുബിഷപ്പ് ലൂയിസ് സാക്കോ നല്കിയ റമദാന്‍ സന്ദേശം. ആഗസ്റ്റ് 11-ാം തിയതി ബുധനാഴ്ച ആരംഭിച്ച ഒരു മാസക്കാലം നീളുന്ന പ്രാര്‍ത്ഥനയുടെയും തീവ്രമായ ഉപവാസത്തിന്‍റെയും റമദാന്‍ മാസാരംഭത്തിലാണ് ഇറാക്കിലെ കല്‍ദായ മെത്രാപ്പോലീത്താ, ലൂയി സാക്കോ അന്നാട്ടിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് സൗഹൃദസന്ദേശം നല്കിയത്.
ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അനുരഞ്ജിതരായി പുണ്യത്തില്‍ വളരുവാന്‍ സാധിക്കട്ടെയെന്ന് ഇറാക്കിലെ എല്ലാ ക്രൈസ്തവരുടെയും നാമത്തില്‍ ആര്‍ച്ചുബിഷപ്പ് സാക്കോ ആശംസിച്ചു. യുദ്ധത്തിന്‍റെയും അഭ്യന്തരകലഹത്തിന്‍റെയും കെടുതികളാല്‍ മുറിപ്പെട്ട ഇറാക്കി ജനത, അനുരഞ്ജനത്തിന്‍റെ പാതതേടി രാജ്യത്ത് സമാധാനവും, സുരക്ഷിതത്വവും, സന്തുലിതാവസ്ഥയും കൈവരിക്കാന്‍ ഈ റമദാന്‍മാസാചരണം സഹായിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. ഇറാക്കിനെ സമഗ്രമായി ഭരിക്കുന്ന, വിവേചനമില്ലാത്ത ഒരു ഭരണകുടം ഉണ്ടാകാന്‍വേണ്ടിയും ഈ പുണ്യദിനങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
മുസ്ലീം സഹോദരങ്ങളുടെ ഈ ഉപവാസനാളില്‍ ക്രൈസ്തവര്‍ പൊതുസ്ഥലങ്ങളിലിരുന്ന് ഭക്ഷിക്കാതെയും, മാന്യമായ വസ്ത്രധാരണത്തിലൂടെയും റമദാന്‍ദിനങ്ങള്‍ ഫലവത്താക്കാന്‍ സഹകരിക്കണമെന്നും ആര്‍ച്ചുബഷപ്പ് സാക്കാ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.