2010-08-10 08:10:06

മാര്‍പാപ്പയുടെ തൃകാലപ്രാര്‍ത്ഥനാ സന്ദേശം
ദൈവികയുക്തി, അപരനില്‍ കേന്ദ്രീകരിക്കുന്ന സ്നേഹത്തിന്‍റെ യുക്തി


8 ആഗസ്റ്റ് 2010 ക്യാസില്‍ ഗണ്ടോള്‍ഫോ
ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിച്ച സുവിശേഷ ഭാഗത്തിന്‍റെ പരിചിന്തനമാണ് ത്രികാലപ്രാര്‍ത്ഥനയ്ക്കു മുന്‍പ് മാര്‍പാപ്പ നല്‍കിയത്. ലൂക്കായുടെ സുവിശേഷം 12-ാം അദ്ധ്യായം 32 മുതല്‍ 48 വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷ ഭാഗം.

ദൈവദൃഷ്ടിയില്‍ മനുഷ്യന്‍ എത്രമാത്രം വിലപ്പെട്ടതാണെന്നും ഭൗതീകകാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ ഫലശൂന്യമാണെന്നും യേശു തന്‍റെ ശിഷ്യന്മാരോട് ഇന്നത്തെ സുവിശേഷത്തില്‍. ഭൗതീകകാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്ന് പറയുന്നതുവഴി യേശു ഉത്തരവാദിത്വബോധമില്ലായ്മയെ പ്രശംസിക്കുകയല്ല. “ചെറിയ അജഗണമേ, ഭയപ്പെടേണ്ട എന്തെന്നാല്‍ നിങ്ങള്‍ക്കു രാജ്യം നല്കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു,” എന്ന യേശുവിന്‍റ‍െ ഉറപ്പേറിയ വാഗ്ദാനം പ്രത്യാശയിലേക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നു. അറിയാന്‍ സാധിക്കുന്ന വസ്തുതകളുടെ ഒരുവിവരണമല്ല മറിച്ച്, യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കരണവും ജീവിതപരിവര്‍ത്തനവും ഉളവാക്കുന്ന സംവേദനമാണ് സുവിശേഷം. ഭാവിയിലേക്കുള്ള സമയത്തിന്‍റെ ഇരുണ്ടവാതില്‍ മലര്‍ക്കേ തുറക്കപ്പെട്ടിരിക്കുന്നു. പ്രത്യാശയുള്ളവര്‍ വ്യത്യസ്തമായി ജീവിക്കുന്നു, അവര്‍ക്ക് നവജീവിന്‍ നല്‍കപ്പെട്ടിരിക്കുന്നു. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം നല്‍കിയ വാഗ്ദാനത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് വിശ്വസ്തതയോടെ മുന്നോട്ട് പോവുകയായിരുന്നു, അബ്രാഹം. പാര്‍ക്കാന്‍ ഒരിടവും എണ്ണമറ്റ അനന്തരാവകാശികളെയും നല്കുമെന്ന ദൈവീകവാഗ്ദാനത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടാണ് അബ്രാഹം യാത്രയായത്. അനുഗ്രഹീതമായ പ്രത്യാശ പൂര്‍ത്തീകരിക്കപ്പെടുന്നതിന് അവിടുത്തെ വരവിനെക്കുറിച്ചുള്ള പ്രതീക്ഷ, സല്‍പ്രവര്‍ത്തികളാല്‍ സമ്പന്നമായ ജീവിതം കൂടുതല്‍ തീക്ഷ്ണതയോടെയും ശ്രദ്ധയോടുംകൂടെ നയിക്കാന്‍ നമ്മെ പ്രേരിപ്പിക്കണമെന്ന് ഇന്നത്തെ സുവിശേഷത്തിലെ മൂന്ന് ഉപമകള്‍ നമ്മോടു പറയുന്നു. “നിങ്ങളുടെ സമ്പത്ത് വിറ്റ് ദാനംചെയ്യുവിന്‍, പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍, ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗ്ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍, അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല”. സ്വാര്‍ത്ഥതയോ വെട്ടിപിടിക്കുവാനുള്ള ആര്‍ത്തിയോ അധിനായകത്വമോ കൂടാതെ വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ക്രിസ്തുവിന്‍റെ ക്ഷണമാണിത്. ദൈവീകയുക്തിക്കനുസരിച്ച് സൃഷ്ടവസ്തുക്കള്‍ ഉപയോഗിക്കാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. അപരനില്‍ കേന്ദ്രീകരിക്കുന്ന സ്നേഹത്തിന്‍റെ യുക്തിയാണ് ദൈവത്തിന്‍റ‍േത്.
 







All the contents on this site are copyrighted ©.