2010-08-07 18:27:47

സുവിശേഷപരിചിന്തനം (മലങ്കര റീത്ത്)
08 08 2010 ഞായര്‍
ഈശോയുടെ രൂപാന്തരീകരണത്തിരുനാള്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായര്‍


മത്തായി 21, 28-32
ഇന്നത്തെ സുവിശേഷത്തില്‍ രണ്ടു പുത്രന്മാരുടെ ഉപമയാണ് ക്രിസ്തു പറയുന്നത്. ഉപമയില്‍ മുഖ്യമായും രണ്ടു കഥാപാത്രങ്ങളാണല്ലോ നാം കാണുന്നത്. പിതാവിന്‍റെ ആജ്ഞ കേള്‍ക്കുന്ന രണ്ടു പുത്രന്മാര്‍. ആദ്യത്തെ മകന്‍ അനുസരിക്കില്ലെന്ന് ധിക്കരിച്ചു പറഞ്ഞെങ്കിലും പിന്നീട് പിതാവു പറഞ്ഞത് അനുസരിച്ചു, ജോലിചെയ്യ്തു. രണ്ടാമത്തെ മകന്‍ ജോലി ചെയ്യാമെന്നു പറഞ്ഞുവെങ്കിലും, ചെയ്തില്ല.

ഉപമയുടെ അവസാനത്തില്‍ ഈശോ ആരെയും പ്രശംസിക്കുന്നില്ല, കുറ്റപ്പെടുത്തുന്നുമില്ല. നമ്മുടെ മുന്നില്‍ അപൂര്‍ണ്ണരായ രണ്ടു വ്യക്തികളുടെ രൂപം അവിടുന്ന് വയ്ക്കുകയാണ്. രണ്ടു മക്കളും ആ പിതാവിനെ അനുസരിച്ചുവെന്നോ, ആ പിതാവിന് സന്തോഷം നല്കിയെന്നോ വിചാരിക്കേണ്ടതില്ല. രണ്ടു കൂട്ടരുടെയും പെരുമാറ്റം തൃപ്തികരമായിരുന്നില്ല എന്നുതന്നെ വേണം പറയുവാന്‍. എന്നാല്‍ പിതാവിന്‍റെ അഭ്യര്‍ത്ഥന ആദ്യം ധിക്കരിച്ചെങ്കിലും, പിന്നീട് അനുസരിച്ചവന്‍ തമ്മില്‍ ഭേതംതന്നെയാണ്. പിതാവിന്‍റെ അഭ്യര്‍ത്ഥന ആദരവോടെ സ്വീകരിച്ച് അത് വിശ്വസ്തതയോടെ നിവര്‍ത്തിക്കുന്ന ചിത്രമാണ് നല്ലതെന്ന് നാം പ്രതീക്ഷിക്കുന്നത്, എല്ലാവരും ആഗ്രഹിക്കുന്നത്.
ഈ ഉപമയില്‍ പറഞ്ഞിരിക്കുന്ന സമൂഹ്യ പശ്ചാത്തലത്തിനുമപ്പുറം പോകുന്ന ചില സത്യങ്ങളുണ്ട്. സമൂഹത്തില്‍ രണ്ടു തരം ആളുകളുണ്ട്, ആദ്യകൂട്ടര്‍ അവരുടെ ജീവിതരീതിയെക്കാള്‍ ഉന്നതമായ അല്ലെങ്കില്‍ മേന്മയാര്‍ന്ന തൊഴിലുള്ളവരാണ്, സ്ഥാനമാനങ്ങളുള്ളവരാണ്. അവരുടെ തൊഴിലിനെ ആധാരമാക്കി അവര്‍ പുണ്യപ്രവര്‍ത്തികളുടെയും വിശ്വസ്തതയുടെയും പ്രസ്താവനകളിറക്കുന്നു. എന്നാല്‍ രണ്ടാമത്തെക്കൂട്ടരുടെ ജീവിതരീതി അവരുടെ തൊഴിലിനെ മറികടക്കുന്നതാണ്. ഇവരെ കഠിനഹൃദയരും പരിവര്‍ത്തന വിധേയരുമല്ലാത്തവരായി പൊതുവെ മുദ്രകുത്തപ്പെട്ടിരുന്നു. സംഘടിത മതാനുഷ്ഠാനങ്ങളില്‍ അവരുടെ പങ്കാളിത്തം പ്രകടമല്ലായിരുന്നെങ്കിലും, ആത്മാര്‍ത്ഥമായി അവര്‍ നന്മയുടെ പാത തേടിയിരുന്നു, പ്രത്യക്ഷമായും അവര്‍ സാധാരണക്കാരായതിനാല്‍ സംഘടിതമായ മതാചാരങ്ങളില്‍ നിന്നെല്ലാം അകന്നു ജീവിച്ചിരുന്നു. അവര്‍ ദേവാലയാനുഷ്ഠാനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നില്ലെങ്കിലും, സമൂഹത്തില്‍ ദൈവികമൂല്യങ്ങള്‍ ജീവിച്ചിരുന്നവരായിരുന്നു. അവര്‍ വിശുദ്ധഭാവം നടിച്ചിരുന്നില്ല.
ഉപമയുടെ പശ്ചാത്തലത്തില്‍നിന്നു ചിന്തിക്കുമ്പോള്‍ രണ്ടാമത്തെ കൂട്ടമാണ് നമുക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നതെങ്കിലും, യേശുവിന്‍റെ മാനദണ്ഡമനുസരിച്ച്, യഥാര്‍ത്ഥത്തില്‍ നന്മയുടെ മനുഷ്യന്‍ തന്‍റെ ജീവിതശൈലിയും തൊഴിലും തമ്മില്‍ വൈരുദ്ധ്യമില്ലാതെ, പൊരുത്തപ്പെടുത്തി കൊണ്ടുപോകുന്നവനാണ്.

ഈ ഉപമനല്കുന്ന മറ്റൊരു പാഠം, വാഗ്ദാനങ്ങള്‍ പ്രവൃത്തികള്‍ക്ക് പകരം വയ്ക്കാവുന്നതല്ല. മധുരമായ വാക്കുകള്‍ ഒരിക്കലും
സദ്പ്രവൃത്തികള്‍ക്ക് പകരംവയ്ക്കാവുന്നതല്ല എന്നാണ് വെളിപ്പെടുത്തുന്നത്.
പോകാമെന്ന് വിനയപൂര്‍വ്വം പറഞ്ഞ മകന്‍, പ്രവര്‍ത്തിയില്‍ വാക്കുകളിലുണ്ടായിരുന്ന ഭവ്യതയോ മര്യാദയോ കാണിക്കുന്നില്ല. പ്രവൃത്തിക്കനുയോജ്യമല്ലാത്ത ഭവ്യത വാക്കുകളില്‍ പ്രതിഫലിപ്പിക്കുന്നത് പൊള്ളത്തരമാണ്. ഏറെ ബഹുമാനത്തോടെയാണ് ആ മകന്‍ പിതാവിനെ അഭിസംബോധനചെയ്തതും, എല്ലാം ചെയ്തുകൊള്ളാം എന്നു പറഞ്ഞു പുറപ്പെട്ടതും. എന്നാല്‍ ജീവിതം ഒരു വൈരുധ്യമായിമാറുകയാണ്. നാം ചെയ്യേണ്ടതും ചെയ്യാമെന്ന് പലരോടും പരസ്യമായും രഹസ്യമായും വാഗ്ദാനംചെയ്തതും നമുക്ക് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കാതെ പോകുന്നതും ഏറെ നീചമായ ഒരവസ്ഥയാണ്. ഒരു ഇരട്ടത്താപ്പുനയം എപ്പോഴും ജീവിതത്തില്‍ അപകടകരമാണ്.

യഥാര്‍ത്ഥമായ ഭവ്യത ആദരപൂര്‍വ്വമായ അനുസരണയാണ്. അതുപോലെ മറിച്ചും ആദരപൂര്‍വ്വമായ ഭവ്യത അനുസരണയുമാണ്.
എന്നാല്‍ തല്‍സ്ഥാനത്ത് വ്യക്തി ഒരു കാര്യം ചെയ്യുന്ന രീതിയില്‍നിന്നും അതിന്‍റെ മേന്മ നശിപ്പിക്കാവുന്നതാണ്. ഭവ്യതയില്ലാതെയും ആത്മാര്‍ത്ഥതയില്ലാതെയും ഒരു പ്രവൃത്തിചെയ്യുമ്പോള്‍ അതിന്‍റെ സദ്ഫലങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. ക്രിസ്തീയ ശൈലി വാഗ്ദാനമല്ല, പ്രവര്‍ത്തിയാണെന്ന് ഈശോ പഠിപ്പിക്കുന്നു. ഭവ്യതയോടും വിധേയത്വത്തോടുമുള്ള അനുസരണമാണ് ക്രിസ്തീയ ശൈലി.

അനുദിനജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നാം വാഗ്ദാനങ്ങള്‍ ചെയ്യാറുണ്ട്. നാം ദൈവത്തോടും മനുഷ്യരോടും വാഗ്ദാനങ്ങള്‍ ചെയ്യാറുണ്ട്. വ്രതവാഗ്ദാനങ്ങള്‍ ഏറെ ആഘോഷകരമായ ചടങ്ങുകളാക്കി നാം നടത്താറുണ്ട്. പ്രതിഞ്ജാബദ്ധരായിട്ടുള്ളവര്‍ അവിശ്വസ്തരായും നിരുത്തരവാദിത്വപരമായും ജീവിക്കുന്നതാണ് നാം കാണുന്നത്. വ്രതങ്ങളെടുത്തവര്‍, പിന്നീടതെല്ലാം മറന്നു ജീവിക്കുന്നു. ഇവിടെല്ലാം ഉപമയില്‍കണ്ടതുപോലുള്ള അവിശ്വസ്തതയാണ് കാണുന്നത്.
നാം വാഗ്ദാനം ചെയ്യുന്നതില്‍നിന്ന് ഏറെ വ്യത്യസ്തമായൊരു ശൈലിയിലേയ്ക്കാണ് നാം നീങ്ങുന്നത്. വാഗ്ദാനങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കാതെയാണ് നാം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കാതെ തങ്ങള്‍ക്കിഷ്ടമുള്ളതുമാത്രം ചെയ്യുന്നവരെ കണ്ടുകൊണ്ടാണ് ജറമിയാ പ്രവാചകന്‍ പറയുന്നത്., സമാധാനമില്ലാതിരിക്കെ നിങ്ങള്‍ക്കു സമാധാനം എന്ന് അവര്‍ വിളിച്ചു പറയുന്നു.

ഇസ്രോയേലും ഇതുപോലെ ദൈവത്തോടു ചെയ്ത വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാതെപോയ ജനതയാണ്. ഒന്നിനു പിറകെ ഒന്നായി ദൈവത്തോട് വാഗ്ദാനങ്ങളും പ്രതിജ്ഞകളും നടത്തുന്ന പുതിയ നിയമത്തിലെ ഇസ്രായേല്‍ക്കാരാണ് നാമൊക്കെ. അതിവിശിഷ്ടമായ വാഗ്ദാനപേടകത്തില്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കാതെ പോയവരായിരുന്നു ഇസ്രായേല്‍ക്കാരെങ്കില്‍,..... വിലപിടിപ്പുള്ള സക്രാരികളില്‍ ക്രിസ്തുവിനെ പൂട്ടിവച്ചിട്ട് അവിടുത്തെ വചസ്സുകള്‍ക്ക് കാതോര്‍ക്കാതെ, സക്രാരിയുടെ താക്കോല്‍ സൂക്ഷിപ്പുകാരായി മാത്രം നാം ജീവിക്കുന്നു. തീര്‍ത്ഥാടനങ്ങളും നൊവേനകളും നടത്തി, യഹൂദപ്രമാണികളെപ്പോലെ ബാഹ്യാനുഷ്ഠാനങ്ങള്‍ക്കുമാത്രം നാം വിലകല്പിക്കുന്നെങ്കില്‍, ദൈവം നമ്മെ നോക്കിയും പറയും, ഈ ജനം അധരങ്ങള്‍കൊണ്ടു സംസാരിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്നകന്നിരിക്കുന്നു, എന്ന്.

വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തോട് നാം ചെയ്യുന്ന വാഗ്ദാനങ്ങളിലും പ്രതിജ്ഞകളിലും വിശ്വസ്തരായിരിക്കാം. നമ്മുടെ വാഗ്ദാനം അനുസരിച്ച് വ്യക്തിബന്ധങ്ങളില്‍ കാപട്യമില്ലാതെ, കച്ചവടമനസ്ഥിതിയില്ലാതെ ആത്മാര്‍ത്ഥത പുലര്‍ത്താം.
ഇന്നത്തെ മുറിപ്പെടുന്ന സമൂഹത്തില്‍ സ്നേഹസാന്നിദ്ധ്യമാവുക. ഇതാണ് അനുദിനജീവിതത്തില്‍ സംഭവിക്കേണ്ടത്. പൊള്ളയായ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും പകരം, സ്നേഹമുള്ള പ്രവര്‍ത്തികളിലൂടെ സാന്നിദ്ധ്യമാവുക, സന്ഹമുള്ളൊരു പിതാവാകുക, മാതാവാകുക, സ്നേഹിതനാകുക, സഹോദരിയാവുക. സഹോദരനാകുക......ഇതുവഴി ജീവിതത്തില്‍ നമുക്ക് ആഴവും അര്‍ത്ഥവും കണ്ടെത്താനാകും.
അനുസരണം ഒരു ശ്രവിക്കലാണ്, ഒരു മനോഭാവമാണ്.
എന്‍റെ മാതാപിതാക്കള്‍ എനിക്കു തരുന്നതെല്ലാം നല്ലതാണ്, നന്മയാണ് എന്ന ഒരു മനോഭാവത്തോട് ശ്രവിക്കുന്നത് അനുസരണയാണ്. എല്ലാം എന്‍റെ നന്മയ്ക്കാണെന്ന പരിപൂര്‍ണ്ണവിശ്വാസത്തോടെ ശ്രവിക്കുക, അനുസരിക്കുക.
അനുസരിക്കുന്നതുവഴി നമ്മുടെ അന്തസ്സ് ഒരിക്കലും കുറഞ്ഞുപോകുന്നില്ല. മറിച്ച്, അനുസരണയില്‍ എന്നെത്തന്നെ സംപൂര്‍ണ്ണമായി ദൈവത്തിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നതുവഴി, എനിക്കു വലിയ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. ക്രിസ്തു തന്നെത്തന്നെ പിതാവിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ചതുപോലെ. അനുസരണംവഴി, പിതാവിന്‍റെ ഹിതം അറിയുന്നതും അംഗീകരിക്കുന്നതും, സനേഹത്തിന്‍റെ പാത, തിരഞ്ഞെടുക്കുന്നതുപോലെയാണ്.

വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ ദൈവവചനത്തോടുള്ള കീഴ്വഴക്കമാണ് അനുസരണം. കാരണം, വചനത്തിലൂടെയാണ് ദൈവം തന്‍റെ സ്നേഹത്തിന്‍റെ ഉടമ്പടി ഓരോ ദിവസവും സംവേദനംചെയ്യുന്നത്. അങ്ങനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന വ്യക്തി വചനത്തോടുള്ള തുറവുവഴി, നിരന്തരമായി വചനം ധ്യാനിക്കുകയും പഠിക്കുകയും, ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. തന്‍റെ അനുദിനപ്രവര്‍ത്തികളുടെയെല്ലാം മൂലം വചനമായിത്തീരുന്നു, ജീവിതത്തിന്‍റെ മാനദണ്ഡം വചനമായി മാറുന്നു.
വിശ്വാസ ജീവിത പാതയില്‍ നാം ഒറ്റയ്ക്കല്ല, വിശ്വസിക്കുന്നൊരാള്‍ യേശുവിന്‍റെ കൂടെയാണ്. അവിടുന്നാണ് നമ്മുടെ മാതൃക. എല്ലാറ്റിലും പിതാവിനോട് വിധേയത്വം കാണിച്ചവന്‍, പിതാവിനോട് സംസാരിച്ചവന്‍, പിതൃസ്നേഹം നിരുപാധീകം സ്വീകരിച്ചവന്‍.
ക്രിസ്തുവിനെപോലെ ഓരോ ക്രൈസ്തവനും അനുസരിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയാകേണ്ടതാണ്. അനുസരിക്കുന്നത് തരംതാഴ്ത്തലായിട്ട് നാം ഒരിക്കലും കാണരുത്. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അനുസരണം ക്രിസ്തുവിന്‍റെ മാതൃകയില്‍ ദൈവഹിതം പൂര്‍ത്തീകരിക്കാനുള്ള ഒരു സുവിശേഷപദ്ധതിയാണ്. അതുകൊണ്ട് ക്രൈസ്തവ ദര്‍ശനത്തില്‍ അധികാരികളെയും നമുക്കുമേലുള്ളവരെയും മുതിര്‍ന്നവരെയും, മാതാപിതാക്കളെയുമെല്ലാം നാം ഈ ദര്‍ശനത്തിലാണ് സ്വീകരിക്കേണ്ടത്. അവരെല്ലാം ദൈവത്തിന്‍റെ പദ്ധതികള്‍ ഈ ഭൂമിയില്‍ നിവര്‍ത്തിക്കുന്നതിനുള്ള മാനുഷിക ഉപാധികള്‍ മാത്രമാണ്.

ആത്മീയതയുടെ അളവുകോല്‍ ചുറ്റുമുള്ളവര്‍ക്കു കൊടുക്കുന്ന സ്നേഹമാണ്. തെയാര്‍ദേ ഷാര്‍ദെയിന്‍, hominization എന്ന പദം തന്‍റെ താത്വിക ചിന്തയില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്, മനുഷ്യന്‍ മനുഷ്യന്‍റെ നിലയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ പരിണാമമില്ല. പിന്നെ നടക്കുന്നത്, നടക്കേണ്ടത് ആന്തരിക പരണാമമെന്നാണ് തെയാര്‍ദ് വാദിക്കുന്നത്. അവസാനം ആദ്യവും, അന്ത്യവും ഒന്നുചേരുന്നു...ആല്‍ഫായും ഒമേഗായും. രണ്ടും ഒന്നായി ദൈവത്തില്‍ ലയിക്കുന്നു. അവസാനം മനുഷ്യന്‍ ദൈവത്തില്‍ വിലയം പ്രാപിക്കുന്നു, ലയിക്കുന്നു. ഇതു സാധിതമാകുന്നത്, വിശ്വാസത്തിലുള്ള അനുസരണയും വിധേയത്വവും വഴിയാണ്. ത്യാഗംചോയ്യാതെ അനുസരിക്കാനാവില്ല, കുരിശുകള്‍ എടുക്കണം. അനുദിന ജീവിതത്തില്‍ ദൈവഹിതത്തോട് പൂര്‍ണ്ണ വിധേയത്വം കാണിച്ചുകൊണ്ട് അവിടുന്നു തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റുവാങ്ങാം.







All the contents on this site are copyrighted ©.