2010-07-28 16:27:38

ആര്‍ച്ചുബിഷപ്പ് അന്തോണിയോ മെനീനി റഷ്യയുടെ പ്രഥമ അപ്പസ്തോലിക ന്യൂണ്‍ഷ്യോ


 27 ജൂലൈ 2010

റഷ്യന്‍ ജനതയുടെ ധാര്‍മ്മീകവും ആത്മീയവുമായ വളര്‍ച്ചയ്ക്കുവേണ്ടി ഗവണ്‍മെന്‍റിനോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണ‍െന്ന് റഷ്യയുടെ പ്രഥമ അപ്പസ്തോലിക ന്യൂണ്‍ഷ്യോ പ്രസ്താവിച്ചു.റഷ്യന്‍ ഫെഡറേഷനുവേണ്ടി മാര്‍പാപ്പ നിയമിച്ച പ്രഥമ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് അന്തോണിയോ മെനീനി, ജൂലൈ മാസം 15-ാം തിയതി മോസ്ക്കോയിലെ റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍നടന്ന ആധികാരികസാക്ഷിപത്ര സമര്‍പ്പണചടങ്ങിനിടയിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.
റഷ്യന്‍ വിദേശകാര്യമന്ത്രി സേര്‍ജ്ജ് ലവ്റോവാണ് ആധികാരികസാക്ഷിപത്രം സ്വീകരിച്ചത്.
ചടങ്ങില്‍ സന്നിഹിതനായിരുന്ന വിദേശകാര്യ സഹമന്ത്രി അലക്സാണ്ടര്‍ ക്രുസ്കോ, റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്‍വെദേവിന്‍റെ ആശംസകള്‍ ന്യൂണ്‍ഷോയെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വത്തിക്കാനും റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ കൈവന്നിരിക്കുന്ന പുരോഗതിയെക്കുറിച്ചു പരാമര്‍ശിച്ച ക്രുസ്കോ, ഇന്ന് മനുഷ്യന്‍ നേരിടുന്ന ധാര്‍മ്മികവും സദാചാരപരവുമായ വെല്ലുവിളികള്‍ നേരിടാന്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കൂടുതല്‍ ഫലദായകമായ സഹകരണം സാധ്യമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആര്‍ച്ചുബിഷപ്പ് മെനീനി മാര്‍പാപ്പയുടെ അഭിവാദ്യങ്ങള്‍ റഷ്യന്‍ ഭരണകൂടത്തെ അറിയിച്ചു.







All the contents on this site are copyrighted ©.