2010-07-22 16:32:35

ശ്രീലങ്കയുടെ പ്രേഷിതന്മാര്‍
ജോസഫ് വാസും
ജൊക്കോമോ ഗൊണ്‍സാള്‍വസ്സും


ശ്രീലങ്കയില്‍ വിശ്വാസത്തിന്‍റെ വിത്തുപാകിയ വാഴ്ത്തപ്പെട്ട ജോസഫ് വാസിന്‍റെയും ഫാദര്‍ ജൊക്കോമോ ഗൊണ്‍സാല്‍വസ്സിന്‍െറയും ജൂബിലി ആഘോഷിക്കപ്പെടുന്നു. ശ്രീലങ്കയുടെ പ്രേഷിതനെന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട ജോസഫ് വാസിന്‍റെ 3-ാം ജന്മശദാബ്ദിയും, അവിടത്തെ കത്തോലിക്കാ സാഹിത്യത്തിന്‍റെ ഉപഞ്ജാതാവെന്നു വിളിക്കപ്പെടുന്ന ഫാദര്‍ ജൊക്കോമോ ഗൊണ്‍സാലവസ്സിന്‍റെ 270-ാം ചരമവാര്‍ഷികവും പ്രമാണിച്ചാണ് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ജൂലൈ 19-ാം തിയതി തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ആഘോഷകമ്മിറ്റിക്കുവേണ്ടി ഫാദര്‍ അലക്സ് ദാസനായകേ കൊളംമ്പോയില്‍ അറിയിച്ചു. ഡച്ച് അധീനത്തിലായിരുന്ന കാലത്ത് പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച ഫാദര്‍ ജോസഫ് വാസ്, ശ്രീലങ്കയിലെ വിശ്വാസത്തിന്‍റെ സ്ഥാപകനാണ്.
1995 –ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവദാസന്‍ ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തി. സിംഹളയിലും തമിഴിലുമുള്ള തന്‍റെ രചനകളിലൂടെ കത്തോലിക്കാ വിശ്വാസം ശ്രീലങ്കയില്‍ വളര്‍ത്തിയ പ്രേഷിതവര്യനാണ്, വാഴ്ത്തപ്പെട്ട ജോസഫ് വാസിന്‍റെ അരുമ ശിഷ്യനായ ഫാദര്‍ ജൊക്കോമോ ഗൊണ്‍സാല്‍വെസ്. ശ്രീലങ്കയിലെ കത്തോലിക്കാ സാഹിത്യത്തിന്‍റെ പിതാവെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
രണ്ടു പുണ്യാത്മാക്കളുടെയും ജൂബിലിയാഘോഷങ്ങള്‍ സംയുക്തമായി തിവാത്തായിലെ പരിശുദ്ധ ദൈവമാതാവിന്‍റെ ബസിലിക്കായില്‍വച്ച്
ഈ മാസത്തിന്‍റെ അവസാനത്തില്‍ നടത്തപ്പെടും.







All the contents on this site are copyrighted ©.