2010-07-21 19:42:54

ആമ്നെസ്റ്റി ഇന്‍റെര്‍നാഷണല്‍
ആയുധക്കടത്തുകള്‍ വെളിപ്പെടുത്തുന്നു


21 ജൂലൈ 2010
മനുഷ്യാവകാശ നിഷേധകര്‍ക്കുവേണ്ടി ആയുധങ്ങള്‍ കടത്തുവാന്‍ പലേ രാജ്യങ്ങളും കൂട്ടുനില്ക്കുന്നുവെന്ന്, Amnesty International മനുഷ്യാവകാശ സംരക്ഷണ സന്നദ്ധ-സംഘടന വെളിപ്പെടുത്തുന്നു. ചൈന, ഫ്രാന്‍സ്, റഷ്യന്‍ ഫെഡറേഷന്‍, ഇംഗ്ലണ്ട്, അമേരിക്ക പോലുള്ള ഐക്യരാഷ്ടസംഘടനയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരം അംഗങ്ങളായ രാജ്യങ്ങളില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്തര്‍ദേശിയ ചരക്കു കമ്പനികള്‍, വന്‍തോതില്‍ സാധാരണ ആയുധങ്ങളും സൈനിക ആയുധസാമഗ്രികളും മനുഷ്യാവകാശ ധ്വംസനവും അഭ്യന്തരകലഹങ്ങളുമുള്ള രാജ്യങ്ങളിലേയ്ക്ക് എത്തിച്ചുകൊടുക്കുന്നുവെന്ന് Amnesty International സന്നദ്ധ-സംഘടന ജൂലൈ 19-ാം തിയതി പുറത്തിറക്കിയ ഒരു പൊതുപ്രസ്താവനയില്‍ വെളിപ്പെടുത്തി. അടുത്ത കാലത്തുണ്ടായിട്ടുള്ള കടല്‍-വായു മാര്‍ഗ്ഗേണയുള്ള വന്‍കിട ആയുധക്കടത്തുകള്‍ മനുഷ്യാവകാശ നിയമങ്ങളുടെ ധ്വംസനമുള്ള രാജ്യങ്ങളിലേയ്ക്കാണെന്ന് ആംമനസ്റ്റിയുടെ വക്താവ് ചൂണ്ടക്കാണിച്ചു. ദക്ഷിണ കൊറിയ, പാക്കിസ്ഥാന്‍, നൈറോബി തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കുല-ബോംബു പോലുള്ള നിഷിദ്ധമായ ആയുധങ്ങളുടെ കടത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നു Amnesty International, പ്രസ്താവനയില്‍ വെളിപ്പെടുത്തി. അന്തര്‍ദേശിയ ആയുധവാണിജ്യ കരാറില്‍ പ്രകടമായി നിയന്ത്രണങ്ങള്‍ ഉള്‍ച്ചേര്‍ത്തില്ലെങ്കില്‍ ആഗോളതലത്തില്‍ കലാപങ്ങളും അഭ്യന്തരകലങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ഇനിയും ക്രൂരമായി തലപൊക്കുമെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.