2010-07-20 14:48:01

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടി ജീവിക്കുക


സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടിയാണ് മനുഷ്യന്‍ ജീവിക്കേണ്ടതെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ പ്രസ്താവിച്ചു.

ജൂലൈ 17-ാം തിയതി വടക്കെ ഇറ്റലിയിലെ സൊര്‍ദെവോളോയിലെ നടനശാലയില്‍ അര്‍പ്പിച്ച സമൂഹദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചിസ്യോ ബെര്‍ത്തോണെ. ക്രിസ്തു നമുക്കുവേണ്ടി സാക്ഷാത്ക്കരിച്ച സമ്പൂര്‍ണ്ണ സ്നേഹത്തിന്‍െറ പ്രവര്‍ത്തനത്തിലാണ് നാം നിലനില്‍ക്കുന്നതും ചരിക്കുന്നതെമെന്നും വചനപ്രഘോഷണമദ്ധ്യേ കര്‍ദിനാള്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

സുവിശേഷത്തിലെ മാര്‍ത്തയുടെയും മരിയയുടെയും മനോഭാവങ്ങള്‍ സംയോജിപ്പിച്ചു ജീവിക്കുമ്പോഴാണ് ഒരു വ്യക്തി മാനുഷീകമായും ആത്മീയമായും പക്വത പ്രാപിക്കുന്നതെന്നും അങ്ങനെയുള്ളവര്‍ക്കാണ് പരസ്പരം ധന്യമാക്കത്തവിധം ഒരുമിച്ചു ജീവിക്കാന്‍ അറിയാവുന്നതെന്നും കര്‍ദിനാള്‍ തന്‍റെ പ്രസംഗത്തില്‍ വ്യക്തമാക്കി. സൊര്‍ദെവോളോയിലെ ജനങ്ങള്‍ അവതരിപ്പിച്ച പീഢാനുഭവ ചരിത്രനാടകത്തിന്‍റെ ആത്മീയ സാക്ഷാത്ക്കാരം ക്രിസ്തു തന്‍റെ സ്നേഹത്തിന്‍റെ ദിവ്യരഹസ്യം വഴി സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യത്തിലാണ് കണ്ടെത്താന്‍ സാധിക്കുന്നതെന്ന് കര്‍ദിനാള്‍ വിശദീകരിച്ചു.
അഞ്‍‍ചു വര്‍ഷം കൂടുമ്പോള്‍ സൊര്‍ദെവോളോയിലെ ജനങ്ങള്‍ അവതരിപ്പിക്കുന്ന പീഢാനുഭവ നാടകത്തിന് സാംസ്ക്കാരീക പൈതൃകത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരമുണ്ട്.







All the contents on this site are copyrighted ©.