2010-07-12 16:26:36

മാതൃകയാക്കേണ്ട
സമറിയാക്കാരന്‍റെ വിശ്വസാഹോദര്യം


11 ജൂണ്‍ 2010
മാര്‍പാപ്പാ റോമിനു പുറത്തുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍വച്ചാണ് ഞായറാഴ്ചത്തെ (ജൂലൈ 11-ന്) തൃകാലപ്രാര്‍ത്ഥനാ സന്ദേശം നല്കിയത്. തന്‍റെ വേനല്‍ക്കാല വിശ്രമത്തിന് ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ വിചിന്തനം ആരംഭിച്ചത്.
ആവശ്യത്തിലായിരിക്കുന്ന സഹോദരിനിലേയ്ക്ക് എപ്പോഴും തിരിയുന്ന ഒരു ആഗോളസൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അളവുകോലാണ് ക്രിസ്തു സുവിശേഷത്തിലൂടെ നമുക്കു നല്കുന്നതെന്ന് മാര്‍പാപ്പ വിശുദ്ധ ലൂക്കായുടെ സുവിശേഷം ഭാഗം വ്യാഖ്യാനിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു (ലൂക്കാ 10, 25–37). നിത്യഭാഗ്യം പ്രാപിക്കാന്‍ എന്തുചെയ്യണം? എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ഈശോ ഈ ഉപമ പറയുന്നത്. നിയമത്തിലെഴുതിയിരിക്കുന്നത്, ദൈവത്തേയും നിന്നെപ്പോലെ നിന്‍റെ ആയല്‍ക്കാരനെയും സ്നേഹിക്കുക എന്നാണ്. ആരാണ് യഥാര്‍ത്ഥ അയല്‍ക്കാരന്‍ എന്ന സങ്കല്പം ഈ ഉപമയിലൂടെ ചുരുളഴിയുമ്പോള്‍, ഇന്നും ലോകത്തിന് ആവേശംപകരുന്ന വിശ്വസാഹോദര്യത്തിന്‍റെ മാതൃകയായി,
നല്ല സമറിയാക്കാരന്‍ നിലകൊള്ളുകയും ചെയ്യുന്നു. സുവിശേഷം വിവരിക്കുന്നതുപോലെ കവര്‍ച്ചക്കാരുടെ കൈയ്യില്‍പ്പെട്ട്, മുറിപ്പെട്ട് നിരാലംമ്പനായി വഴിയില്‍ കിടക്കുന്ന ആ മനുഷ്യനെ കണ്ടവരുടെ പ്രതികരണങ്ങള്‍ ശ്രദ്ധേയമാണ്. ആദ്യം വന്ന പുരോഹിതനും ലേവ്യനും ജെറൂസലേമിലേയ്ക്ക് ബലിയര്‍പ്പിക്കാനായി പോവുകയായിരുന്നു.
രക്തംപുരണ്ട ആ മനുഷ്യനെ സ്പര്‍ശിച്ച് അശുദ്ധരാകുവാന്‍ അവര്‍ ആഗ്രഹിച്ചില്ല. ആകയാല്‍ അവര്‍ മുറിപ്പെട്ടവനെ അവഗണിച്ച് വഴിമാറി യാത്രചെയ്യുന്നു. അവനെ തൊട്ടാല്‍ തങ്ങള്‍ക്കെന്തു സംഭവിക്കും എന്നാണ് അവര്‍ ചിന്തിച്ചത്. അവര്‍ യഹൂദ നിയമപ്രകാരം അശുദ്ധരായിത്തീരുകയും, അങ്ങിനെ അവരുടെ കര്‍മ്മാദികള്‍ മുടങ്ങുകയും ചെയ്യും.
മൂന്നാമതു വന്ന സമറിയാക്കാരന്‍റെ പ്രതികരണം ശ്രദ്ധേയമാണ്. എനിക്കെന്തു സംഭവിക്കും എന്നതിനെക്കാള്‍, എന്‍റെ മുന്നില്‍ രക്തംവാര്‍ന്ന് കിടക്കുന്ന ഈ മനുഷ്യന് എന്തു സംഭവിക്കും, എന്‍റെ സഹോദരനെന്തു സംഭവിക്കും എന്ന ചിന്തയായിരിക്കണം അയാളെ ആകുലപ്പെടുത്തിയത്. അയാള്‍ മുറിപ്പെട്ടവന്‍റെ സഹായത്തിനായി ഓടിച്ചെല്ലുന്നു. യേശുവിന്‍റെ ചിന്തയില്‍നിന്നും അടര്‍ത്തിയെടുത്ത ക്രിസ്തീയ യുക്തി ഉള്‍ക്കൊള്ളുന്ന ഒരു ഹൃദയം ഉപമയിലെ സമറിയാക്കാരനില്‍ കാണാം, അത് സ്നേഹത്തിന്‍റെ യുക്തിയാണ്. എവിടെയാണ് സ്നേഹം ആവശ്യമായിരിക്കുന്നതെന്ന് ഈ ഹൃദയം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നല്ല സമറിയാക്കാരന്‍റെ‍ ഉപമ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ മാനദണ്ഡമായി ഇന്നും നിലകൊള്ളുന്നു. ആകസ്മികമായി നാം കണ്ടുമുട്ടുന്ന ഏത് ആവശ്യക്കാരനോടും, അയാള്‍ ആരായിരുന്നാലും സ്നേഹം പ്രകടിപ്പിക്കാന്‍ ക്രിസ്തു നിര്‍ബന്ധിക്കുന്നു (ലൂക്കാ 10, 31). തുടര്‍ന്ന് മാര്‍പാപ്പ ആഗോളസഭകൊണ്ടാടുന്ന വിശുദ്ധ ബനഡിക്ടിന്‍റ‍െ തിരുനാളും അനുസ്മരിച്ചു. തന്‍റെ സഭാഭരണത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനും ആഗോളസഭയില്‍ തപോജീവിതത്തിന്‍െറ പിതാവുമായ വിശുദ്ധ ബനഡിക്ടിനെക്കുറിച്ചും മാര്‍പാപ്പ കാസല്‍ ഗണ്ടോള്‍ഫില്‍ തടിച്ചുകൂടിയ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.