2010-07-08 19:10:29

സുവിശേഷവത്ക്കരണത്തിന്
പുതിയ ഭാഷയും ശൈലിയും വേണമെന്ന്


8 ജൂലൈ 2010
സാംസ്കാരീകാനുരൂപണത്തിന്‍റെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സുവിശേഷവത്ക്കരത്തിന് പുതിയ ഭാഷയും ശൈലിയും കണ്ടെത്തേണ്ടതാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു.
ജൂലൈ 5-ാം തിയതി മുതല്‍ റോമില്‍ സമ്മേളിച്ചിരിക്കുന്ന ആഗോള റൊഗേഷനിസ്റ്റ് സന്ന്യാസ സഭയുടെ പതിനൊന്നാമത് ജനറല്‍ ചാപ്റ്ററിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രാകാരം ആഹ്വാനം ചെയ്തത്. മൂന്നാം സഹസ്രാബ്ദത്തിലെ സുവിശേഷവത്കരണ വെല്ലുവിളികള്‍ നേരിടുന്നതിന് ഇക്കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ശൈലിയും ഭാഷയും വളര്‍ത്തിയെടുക്കുന്നതാണ് സാംസ്കാരീകാനുരൂപണമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. നമുക്കു ചുറ്റും ധ്രുതഗതിയില്‍ നടക്കുന്ന സാമൂഹ്യ-സാംസ്കാരിക വ്യതിയാനങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കണം അനുരൂപണ നയങ്ങളെന്നും മാര്‍പാപ്പ സന്ദേശത്തില്‍‍ പ്രസ്താവിച്ചു. സന്യാസജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സഭാസ്ഥാപകനായ വിശുദ്ധ ഹാനിബാള്‍ കൈമാറിയ ആത്മിയ പൈതൃകം വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ക്രിസ്തുവിനെ ആര്‍ദ്രമായി സ്നേഹിച്ച വി. ആനിബാളിനാണ് ദൈവവിളിക്കുവേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കുവാനും, പാവങ്ങളായവരെ ശുശ്രൂഷിക്കുവാനുമുള്ള പ്രേഷിത ദൗത്യം ദൈവപരിപാലനയില്‍ കണ്ടെത്താനായതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ വിശദീകരിച്ചു. ഓരോ സന്യാസിനിയും സന്യാസിയും ദൈവസ്നേഹം മനുഷ്യരിലെത്തിക്കുവാനുള്ള മാധ്യമമാണെന്നും, അവരിലൂടെയാണ് ക്രിസ്തു ഓരോ മനുഷ്യാത്മാവിലും എത്തിച്ചേരുന്നതെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിനുവേണ്ടിയും അവിടുത്തെ സുവിശേഷത്തിനുവേണ്ടിയും ആഗോളതലത്തില്‍ ധീരമായ സാക്ഷൃംനല്കിയ നല്ലൊരു ചരിത്രമാണ് റൊഗേഷനിസ്റ്റ് സഭയ്ക്കുള്ളതെന്നും ആ പാരമ്പര്യത്തില്‍ സഭാ സമൂഹത്തിന്‍റെ വിവിധ ഘടകങ്ങളോടും മെത്രാന്മാരോടും അടുത്തു സഹകരിച്ചുകൊണ്ട്, സൂക്ഷ്മമായ വിവേചനത്തോടും പ്രവാചകദൗദ്യത്തോടുംകൂടെ പതറാതെ മുന്നോട്ടു നീങ്ങണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.