2010-07-07 19:21:41

വിശുദ്ധ ആനിബാളിന്‍റെ തിരുസ്വരൂപം
മാര്‍പാപ്പ ആശിര്‍വ്വദിച്ചു


07 ജൂലൈ 2010
ആഗോളസഭയില്‍ ദൈവവിളിയുടെ പ്രേഷിതനെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതും
റൊഗേഷനിസ്റ്റ് സന്യാസസഭകളുടെ സ്ഥാപകനുമായ വിശുദ്ധ ആനിബാള്‍ മരിയ ഫ്രാന്‍ചിയായുടെ പ്രതിമ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ ആശിര്‍വ്വദിച്ചു. ജൂലൈ 7-ാം തിയതി രാവിലെ 10-മണിക്ക് വത്തിക്കാനില്‍
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ പുറത്ത് തെക്കുഭാഗത്തെ ഭിത്തിയില്‍ ഒരുക്കിയിട്ടുള്ള സവിശേഷമായ സ്ഥാനത്താണ് 15 അടി വലുപ്പമുള്ള വെളുത്ത മാര്‍ബിളില്‍ തീര്‍ത്ത മനോഹരമായ പ്രതിമ മാര്‍പാപ്പ ആശിര്‍വ്വദിച്ചത്.
പതിവുള്ള ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കായി പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നാമത്തിലുള്ള ഹോളിലേയ്ക്കു പോകുന്ന വഴിക്കാണ്, മാര്‍പാപ്പ ഹ്രസ്വമായ ആശിര്‍വ്വാദകര്‍മ്മം നടത്തിയത്. തുടര്‍ന്ന് പാപ്പ വിശുദ്ധ ആനിബാളിന്‍റെ മാദ്ധ്യസ്ഥ്യത്തില്‍ ദൈവവിളിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കര്‍ത്താവേ, അങ്ങേ വിളിഭൂമിയിലേയ്ക്ക് ധാരാളം പ്രേഷിതരെ അയക്കണമേ, എന്ന വിശുദ്ധ ഗ്രന്ഥത്തിലെ പ്രാര്‍ത്ഥന ഉല്ലേഖനംചെയ്ത പുസ്തകം വലതുകൈയ്യിലേന്തി നല്ക്കുന്നതായി സംയോജനം ചെയ്തിരിക്കുന്ന പ്രതിമയുടെ ഇടതുകരം, താഴെ ഭൂമിയിലേയ്ക്ക് ചൂണ്ടിനില്ക്കുന്നു.
ആഗോള തലത്തില്‍ പ്രേഷിതജോലിചെയ്യുന്ന റോഗേഷനിസ്റ്റ് വൈദികരുടെയും സഹോദരിമാരുടെയും സഭാസ്ഥാപകനാണ് വിശുദ്ധ ആനിബാള്‍.
സാധാരണ ജനങ്ങളുടെ ഇടയിലെ അജപാലനശുശ്രൂഷയ്ക്കൊപ്പം, നിര്‍ദ്ധനര്‍ക്കുള്ള മന്ദിരങ്ങള്‍ തുറന്നുകൊണ്ടാണ് ഫാദര്‍ ആനിബാള്‍ ഇറ്റലിയിലെ മെസ്സീനായില്‍ 1878-ല്‍ തന്‍റെ പ്രേഷിതജോലി ആരംഭിച്ചത്.
വിളവധികം എന്നാല്‍ വേലക്കാരോ ചുരുക്കം, ആകയാല്‍ വിളവിന്‍റെ നാഥനോട് വിളഭൂമിയിലേയ്ക്ക് ധാരാളം പ്രേഷിതരെ അയക്കണമേ... (മത്തായി 9,28) എന്ന സുവിശേഷസൂക്തമാണ് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന തന്‍റെ സഭാമക്കളായ, റോഗേഷനിസ്റ്റ് പുത്രന്മാര്‍ക്കും, ദൈവീകതീക്ഷ്ണതയുടെ പുത്രിമാര്‍ക്കും ആത്മീയപൈതൃകമായി അദ്ദേഹം നല്കിയത്. കേരളത്തില്‍
50-ല്‍പ്പരം റൊഗേഷനിസ്റ്റ് വൈദികര്‍ ആലുവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍, അത്രത്തോളംതന്നെ റൊഗേഷനിസ്റ്റ് സഭയില്‍പ്പെട്ട ദൈവിക ത്ക്ഷ്ണതയുടെ പുത്രിമാര്‍ എറണാകുളത്ത് ചളിക്കവട്ടം കേന്ദ്രീകരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു.







All the contents on this site are copyrighted ©.