2010-07-01 18:40:58

ഗതകാല സ്മരണകള്‍
ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത്


01 ജൂലൈ 2010
ക്ലേശപൂര്‍ണ്ണമായ കാലഘട്ടത്തില്‍ ജീവിക്കുമ്പോഴും ഗതകാലത്തെ സന്തോഷ സ്മരണകള്‍ ഭാവിപ്രവര്‍ത്തനങ്ങളില്‍ ഓജസ്സേകട്ടെയെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആശംസാസന്ദേശത്തില്‍ പ്രസ്താവിച്ചു. ജൂലൈ 1-ന് റോമില്‍ ആഘോഷിച്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആശംസിച്ചത്. 1960-ല്‍ അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചനാള്‍ മുതല്‍ സലേഷ്യന്‍ കുടുംമ്പത്തില്‍ യുവാക്കളുടെ നന്മയ്ക്കായി നല്കിയിട്ടുള്ള സമര്‍പ്പിതസേവനം മുതല്‍, ഇന്ന് ആഗോള സഭയ്ക്കുവേണ്ടി ചെയ്യുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ മാര്‍പാപ്പ നന്ദിയോടെ സന്ദേശത്തില്‍ അനുസ്മരിച്ചു. തന്‍റെ ഏറ്റവും അടുത്ത സഹകാരിയായി നിന്നുകൊണ്ട്, തീരുമാനങ്ങള്‍ എടുക്കുന്നതിലും... ഉത്തരവാദിത്തങ്ങള്‍ പങ്കവയ്ക്കുന്നതിലും... കര്‍ദ്ദിനാള്‍ ബര്‍ത്തോണെ കാണിച്ചിട്ടുള്ള വിശ്വസ്തയും സമര്‍പ്പണവും അദ്ദേഹത്തെ സഭയാകുന്ന കുടുംമ്പത്തിന്‍റെ ഉറ്റസഹകാരിയാക്കുന്നുവെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. ഇറ്റലിയിലെ വേര്‍ച്ചേല്ലി, ജനോവാ എന്നീ അതിതൂപതകളുടെ ആര്‍ച്ചുബിഷപ്പായി സേവനം ചെയ്തിട്ടുള്ള അദ്ദേഹത്തെ,
2003-ല്‍ ജോണ്‍പോള്‍ രണ്ടമന്‍ മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കുള്ള സംഘത്തില്‍
സഹപ്രവര്‍ത്തനകനായിരുന്ന കര്‍ദ്ദിനാള്‍ ബര്‍ത്തോണേയെ
2006-ല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്.







All the contents on this site are copyrighted ©.