2010-06-16 20:06:39

മാതൃ-ശിശു മരണനിരക്ക് ദരിദ്രരാജ്യങ്ങളില്‍
ഇനിയും ഉയര്‍ന്നു നില്ക്കുന്നു


16 ജൂണ്‍ 2010
ജീവിക്കുവാനുള്ള അവകാശം പരിഗണിച്ചുകൊണ്ട് മാതൃ-ശിശു മരണനിരക്ക് ആഗോളതലത്തില്‍ നിയന്ത്രിക്കാന്‍ പരിശ്രമിക്കേണ്ടതാണെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ഐക്യരാഷ്ട്ര സംഘടനയില്‍ പ്രസ്താവിച്ചു.
ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 14-ാമത് സമ്മേളത്തിന്‍റെ ഭാഗമായി, ജൂണ്‍ 14-ന് നടന്ന മാതൃ-ശിശു മരണനിരക്കിനെ സംബന്ധിച്ചു പഠിക്കുന്ന പ്രത്യേക സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി. കത്തോലിക്കാ സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളിലൂടെ അമ്മമാരുടെയും ശിശുക്കളുടെയും പരിചരണത്തിനും പരിരക്ഷയ്ക്കുമായി പ്രത്യേക സംവിധാനങ്ങളും നീണ്ട കാലത്തെ പരിചയവുമുണ്ടെന്നു ചൂണ്ടിക്കാണിച്ച ആര്‍ച്ചുബിഷപ്പ്, ആഗോളതലത്തില്‍, വിശിഷ്യ ദരിദ്ര-രാജ്യങ്ങളില്‍ ഇനിയും മാതൃ-ശിശു മരണനിരക്ക് ഏറെ ഉയര്‍ന്നു നില്ക്കുന്നുവെന്ന് സമ്മേളനത്തെ ചൂണ്ടിക്കാട്ടി.
സ്ഥിതിവിവരക്കണക്കുകളനുസരിച്ച് അനുവര്‍ഷം ആഗോളതലത്തില്‍
3,50,000 അമ്മമാര്‍ ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ടു മരിക്കുമ്പോള്‍,
30 ലക്ഷം നവജാതശിശുക്കള്‍ ജനനത്തിന്‍റെ ആദ്യവാരത്തില്‍തന്നെ മരണമടയുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി വെളിപ്പെടുത്തി.
പക്വതയാര്‍ന്ന പ്രായത്തില്‍മാത്രമുള്ള വിവാഹം, പ്രസവ സമയത്തുവേണ്ട നല്ല മരുന്ന്. ജലം, രക്തം എന്നിവയുടെ ലഭ്യത, ജനനത്തിനും ജനനശേഷവും നല്കേണ്ട മേന്മയാര്‍ന്ന മാതൃ-ശിശു പരിചരണം, അവികസിത മേഖലകളില്‍ നടപ്പാക്കേണ്ട ഗതാഗതസൗകര്യങ്ങള്‍ എന്നിവ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളായും വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായി ജീവിക്കുവാനും ആരോഗ്യം പരിരക്ഷിക്കുവാനുമുള്ള മനുഷ്യാവകാശം പരിഗണിച്ചും എല്ലാ രാഷ്ട്രങ്ങളും,
സന്നദ്ധസംഘടനകളും സമൂഹം പൊതുവെയും മാതൃ-ശിശു മരണനിരക്ക് കുറക്കുവാന്‍ ശ്രദ്ധാപൂര്‍വ്വം പരിശ്രമിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.