2010-06-16 19:58:58

മനുഷ്യന്‍റെ ഉറ്റമിത്രമായ ക്രിസ്തുവിനെ
ദിവ്യകാരുണ്യത്തില്‍ അടുത്തറിയുക –മാര്‍പാപ്പ


16 ജൂണ്‍ 2010
ക്രൈസ്തവ സ്നേഹത്തിന് സാക്ഷൃമേകാന്‍, മനുഷ്യകുലത്തിന്‍റെ ഉറ്റമിത്രമായി വെളിപ്പെടുത്തപ്പെട്ട ക്രിസ്തുവിനെ പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ അടുത്തനുഭവിക്കണമെന്ന് ബനഡിക്ട് 16-ാന്‍ മാര്‍പാപ്പ പ്രസ്താവിച്ചു..
ജൂണ്‍ 15-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ ആരംഭിച്ച റോം രൂപതാംഗങ്ങളുടെ ത്രിദിന സമ്മേളനത്തെ ആഭിസംബോധനചെയ്യുകയായായിരുന്നു മാര്‍പാപ്പ. പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ വിശ്വാസരഹസ്യം പങ്കുവയ്ക്കാന്‍ സഭ നിരന്തരമായി പരിശ്രമിക്കുന്നതിനു കാരണം സഭയുടെ സമഗ്രമായ ആത്മീയ നന്മയുടെ സ്രോതസ്സാകുന്ന ക്രിസ്തുതന്നെയാണ് അതില്‍ സന്നിഹിതനായിരിക്കുന്നത് എന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഈ ലോകത്ത് മനുഷ്യനായും മനുഷ്യരുടെ ഉറ്റമിത്രമായും അവതരിച്ച ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും അനുദിനജീവിത്തില്‍ സാക്ഷൃപ്പെടുത്തുന്നതിന് പരിശുദ്ധ കുര്‍ബ്ബാനയില്‍ സന്നിഹിതനാകുന്ന ക്രിസ്തുവുമായി ഒരു ഗാഢമായ ബന്ധം പുലര്‍ത്താന്‍ ഒരോ ക്രൈസ്തവനുമാകണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ സമ്മേളിക്കുന്ന റോമാ പട്ടണത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹം ഒരു നവചൈതന്യത്തോടെ, വിശിഷ്യാ സാമ്പത്തിക പ്രതിസന്ധിയുടെ ഇക്കാലയളവില്‍ ജീവിക്കാന്‍ പരിശ്രമിക്കണമെന്ന് മാര്‍പാപ്പ റോം രൂപതയുടെ സമ്മേളനത്തോടാഹ്വാനം ചെയ്തു. 100 ദിവസം നീണ്ടുനിന്ന റോം രൂപതയുടെ വാര്‍ഷിക അജപാലന ശുശ്രൂഷാ പരിപാടികളുടെ സമാപനമായിട്ടാണ് ഈ സമ്മേളനം 16, 17 ,18 തിയതികളില്‍ റോമില്‍ നടത്തപ്പെടുന്നത്. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം, അനുദിനജീവിതത്തില്‍ ക്രൈസ്തവ ഉപവിയുടെ സാക്ഷൃം, എന്നീ രണ്ടു മുഖ്യപ്രമേയങ്ങളുമായിട്ടാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം റോം രൂപത അജപാലന വര്‍ഷമാചരിച്ചതെന്ന് റോം രൂപതയ്ക്കുവേണ്ടിയുള്ള വികാരി, കര്‍ദ്ദിനാള്‍ അഗസ്തീനോ വില്ലീനി വെളിപ്പെടുത്തി.







All the contents on this site are copyrighted ©.