2010-06-10 16:36:34

അരൂപിയുടെ തീക്ഷ്ണമായ സാന്നിദ്ധ്യം
വൈദികവത്സര സമാപന പരിപാടിയില്‍


10 ജൂണ്‍ 2010
വൈദികര്‍ ജനങ്ങളെ അനുധാവനം ചെയ്യുന്നവരല്ല, മറിച്ച് അവര്‍ അജഗണങ്ങളുടെ ഇടയന്മാരാണെന്ന്, കര്‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്, വൈദികര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട് റോമില്‍ പ്രസ്താവിച്ചു. ആഗോള വൈദിക വത്സരാഘോഷങ്ങളുടെ സമാപന പരിപാടിയുടെ രണ്ടാം ദിവസം വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ ചേര്‍ന്ന വൈദികകൂട്ടായ്മയുടെ സായാഹ്നപ്രാര്‍ത്ഥനാ സന്ദേശമായിട്ടാണ് കര്‍ദ്ദിനാള്‍ ഹ്യൂംസ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വൈദികരെ അഭിസംബോധനചെയ്തത്. 8000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഹാള്‍ നിറഞ്ഞിരുന്നു. പെന്തക്കൂസ്താ ദിനത്തില്‍ അപ്പസ്തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവ് ആവസിച്ചതുപോലെ, സമാപനസമ്മേളന ദിനങ്ങളില്‍ ആഗോള വൈദികകൂട്ടായ്മയില്‍ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം അനുഭവവേദ്യമാകുകയാണെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. അപ്പസ്തോല നടപടി ഗ്രന്ഥം വിവരിക്കുന്നതുപോലെ പരിശുദ്ധ കന്യകാമറിയത്തോടൊപ്പം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന അപ്പസ്തോല കൂട്ടായ്മയിലേയ്ക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്നതുപോലെ, മറിയത്തോടൊപ്പം തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവൈദികരോടും അദ്ദേഹം ആഹ്വാനംചെയ്തു. അതുവഴി ആദിമസഭയിലെന്നതുപോലെ പരിശുദ്ധാത്മാവിന്‍റെ തീക്ഷ്ണമായ സാന്നിദ്ധ്യവും വരദാനവും നമ്മുടെ വൈദികര്‍ക്ക് ഒരിക്കല്‍ക്കൂടി അവരുടെ ജീവിതത്തിലും പ്രേഷിതസമര്‍പ്പണത്തിലും അനുഭവവേദ്യമായി, ലോകമെമ്പാടുംപോയി സകലരോടും സുവിശേഷം പ്രസംഗിക്കുന്നതിന് സാധിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ ഹ്യൂംസ് ആശംസിച്ചു.
യേശുവിനെ സ്നേഹിക്കുന്നതും, അവിടുത്തെ അജഗണത്തെ സ്നേഹിക്കുന്നതും വൈദികജീവിതത്തിന്‍റെ മുഖ്യവെല്ലുവിളിയാണ്. അജപാലനസ്നേഹം ഒരു വൈദികന്‍റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത സവിശേഷതയാണ്. ഇങ്ങിനെയാണ് ക്രിസ്തുവിനോടുള്ള വിശ്വസ്തത വൈദിക ജീവിതത്തിന്‍റെ വിശ്വസ്തതയായി മാറുന്നതെന്ന്, കര്‍ദ്ദിനാള്‍ ഹ്യൂംസ് വൈദികരോടാഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.