2010-06-04 20:19:33

മാര്‍പാപ്പയുടെ സൈപ്രസ്സിലെ ആദ്യസന്ദേശം


 സാമാധാനം നിങ്ങളില്‍ വസിക്കട്ടെ, നിങ്ങളോടുകൂടെയായിരിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്ന ദേശീയ ഭാഷയായ ഗ്രീക്കില്‍ ആശംസയര്‍പ്പിച്ചുകൊണ്ട് മാര്‍പാപ്പ തന്‍റെ പ്രഭാഷണം ആംഗലഭാഷയില്‍ തുടര്‍ന്നു.

സൈപ്രസ്സ് രാജ്യം സാംസ്കാരികമായും മതപരമായും പൗരാണികതയുടെയും മഹത്തായ സാംസാകാരിക പൈതൃകത്തിന്‍റെയും ഒരു നാല്കവലയില്‍ നില്ക്കുമ്പോഴും അതിന്‍റെ ക്രിയാത്മകവും ദൃശ്യവുമായ സ്വാധീനം ഈ രാജ്യത്ത് ഇന്നും നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് പ്രത്യാശാവഹമാണ്. അടുത്ത കാലത്ത് സൈപ്രസ്സ് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടിയതോടെ സാമ്പത്തികമായും രാഷ്ടീയമായും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി പരസ്പര ധാരണയിലും പുരോഗതിയുടെ പാതയിലും ചരിക്കുവാന്‍ സാധിക്കുന്നുവെന്നതും സന്തോഷദായകമാണ്. ഈ അംഗത്വം ആഗോള-വ്യവസായ കമ്പോളത്തിലേയ്ക്കും, സാങ്കേതികതയിലേയ്ക്കും, വിവരസങ്കേതികയിലേയ്ക്കുമുള്ള വലിയ തുറവാണ്. ഈ കൂട്ടായ്മ സൈപ്രസ്സിന്‍റെ സമൃദ്ധിക്ക് കാരണമാവുകയും, ഭൂമിശാസ്ത്രപരമായി യൂറോപ്പിനും ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും മദ്ധ്യേയുള്ള നിങ്ങളുടെ തന്ത്രപ്രധാന്യമുള്ള സാന്നിദ്ധ്യംകൊണ്ട്, ആത്മീയവും സാംസ്കാരികവുമായ പൈതൃകത്താല്‍ അയല്‍ രാജ്യങ്ങളെയും സമ്പന്നമാക്കാന്‍ സാധിക്കും.
ഏകപിതാവായ ദൈവത്തിന്‍റെ സ്നേഹത്താല്‍ പ്രചോദിതരായി, പൗലോസ് അപ്പസ്തോലനും വിശുദ്ധ ബര്‍ണബാസും, യേശുവിന്‍റെ സുവിശേഷവുമായി സൈപ്രസ്സിന്‍റെ തീരങ്ങളില്‍ ആദ്യ നൂറ്റാണ്ടില്‍ത്തന്നെ എത്തിച്ചേര്‍ന്നു. അങ്ങിനെ ഈ നാട് ക്രിസ്തീയ പൈതൃകത്താല്‍ ധന്യമാണ്. അതോടൊപ്പം ഏകദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാ മതസ്തരും ഒത്തുചേര്‍ന്ന് പരസ്പരവിശ്വാസത്തിന്‍റെ ശാശ്വതമായ സൗഹൃദം വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ.

ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ തുടര്‍ന്നു.
പത്രോസിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍, സൈപ്രസ്സിലെ കത്തോലിക്കാ സമൂഹത്തെ നേരില്‍ കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനുമാണ് ഞാന്‍ വന്നത്. ക്രിസ്തു-ചൈതന്യത്താല്‍ നിറഞ്ഞ്
നല്ല പൗരന്മാരും നല്ല ക്രൈസ്തവരുമായി ജീവിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ. ആസന്നമാകുന്ന മദ്ധ്യ-പൂര്‍വ്വ പ്രദേശത്തിനുവേണ്ടിയുള്ള മെത്രാന്മാരുടെ സിനഡിനുവേണ്ടിയുള്ള കര്‍മ്മരേഖ ഈ മണ്ണില്‍നിന്നുകൊണ്ട് പ്രകാശനം ചെയ്യുന്നതും പ്രതീകാത്മകമാണ്, കാരണം ഏറ്റവും പുരാതനമായ വിശ്വാസപൈതൃകമുള്ള നാടാണിത്. ഇവിടത്തെ ജനങ്ങളുടെ സമാധാപൂര്‍വ്വകമായ നിലനില്പിന്‍ ക്രൈസ്തവമക്കള്‍ക്ക് അനുരഞ്ജനത്തിന്‍റേയും സമാധാനത്തിന്‍റേയും സാക്ഷൃമേകാനാവട്ടെ എന്ന് ആശംസിക്കുയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
 







All the contents on this site are copyrighted ©.