2010-05-28 15:40:08

അമേരിക്കന്‍ ഐക്യനാടുകളിലെ സഭ ഒരു കുടിയേറ്റസഭയാണെന്ന്, കര്‍ദ്ദിനാള്‍ റോജര്‍ മാഹോണി.


അമേരിക്കന്‍ ഐക്യനാടുകളിലെ സഭ ആരംഭം മുതല്‍ കുടിയേറ്റക്കാരായ വിശ്വാസികളുടെ ഒരു സമൂഹമാണെന്ന് ലോസ് ആഞലസ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോജര്‍ മാഹോണി പറയുന്നു. നൂയോര്‍ക്കിലെ ഫോര്‍ഡ്ഹാം യൂണിവേഴ്സിറ്റി അടുത്തയിടെ കുടിയേറ്റക്കാരെ സംബന്ധിച്ച നിയമപരിഷ്ക്കരണം ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റാനുഭവത്തിലൂടെ കടന്നുപേയിട്ടുള്ള അമേരിക്കയിലെ സഭ നാടിന്‍െറ കുടിയേറ്റക്കാരെ അധികരിച്ച നിയമത്തിന്‍െറ ഭാവാത്മകമായ നവീകരണത്തിന് നേതൃത്വമേകുവാന്‍ കടപ്പെട്ടവളാണ്, അദ്ദേഹം തുടര്‍ന്നു- കുടിയേറ്റക്കാരെ സഹായിക്കാന്‍ നീതിയും, ഒരു കത്തോലിക്കാസഭാംഗമെന്ന നിലയിലെ നമ്മുടെ തനിമയും നമ്മെ ബാദ്ധ്യതപ്പെടുത്തുന്നു. അവരെ സ്വാഗതം ചെയ്യുമ്പോള്‍ നാം യേശുക്രിസ്തുവിനെ തന്നെയാണ് സ്വീകരിക്കുന്നത്. അപരിചിതരെയും വിദേശീയരെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും, ബാഹ്യപ്രകൃതിയുടെ ചുവടുപിടിച്ച് അവരെ നിരാകരിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ രാജ്യമാകരുത് അമേരിക്ക. നിയമവിരുദ്ധമായ കുടിയേറ്റത്തെ സഭ ഒരിക്കലും പ്രോല്‍സാഹിപ്പിക്കുകയില്ല. ആവശ്യത്തിലിരിക്കന്നുവരെ ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്യുന്ന ഒരു കുടിയേറ്റനിയമത്തിനാണ് അവള്‍ ശുപാര്‍ശ ചെയ്യുന്നത്.







All the contents on this site are copyrighted ©.