2010-05-27 20:26:18

മൂല്യാധിഷ്ഠിത വിദ്യാഭ്യാസരീതിക്കായി
പരിശ്രമിക്കുക


ദൈവികസത്യവും നന്മയും സൗന്ദര്യവും പകര്‍ന്നുകൊടുക്കുന്ന സമഗ്ര പദ്ധതിയാവണം വിദ്യാഭ്യാസമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ പ്രസ്താവിച്ചു. മെയ് 27-ാം തിയതി വ്യാഴാഴ്ച രാവിലെ ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദേശീയ മെത്രാന്‍ സമിതിയോഗം വരുന്ന 10 വര്‍ഷക്കാലം ഇറ്റലിയിലെ കത്തോലിക്കാ വിദ്യാഭ്യാസ നവീകരണത്തിനായി സമര്‍പ്പിക്കുന്നതിന്‍റെ പശ്ചാത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നല്കിയത്.
വിവിധങ്ങളായ പ്രശ്നങ്ങളുടെ കരിനിഴലില്‍ ജീവിതത്തിന്‍റെ താളംതെറ്റുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളുടെ സമഗ്ര-രൂപീകരണത്തില്‍നിന്ന് ശ്രദ്ധവിട്ടുപോകാനുള്ള ഒരു പ്രലോഭനം മുന്തിനില്ക്കുന്ന ഇക്കാലഘട്ടത്തില്‍ ദേശീയ മെത്രാന്‍ സമിതിയെടുത്ത വിദ്യാഭ്യാസ നവീകരണത്തിനായുള്ള തീരുമാനത്തെ മാര്‍പാപ്പ അഭിനന്ദിച്ചു. മനുഷ്യാന്തസ്സിന്‍റേയും, സത്യത്തിന്‍റെയും നന്മയുടേയും മൂല്യങ്ങള്‍ വളര്‍ത്തുന്ന ഒരു വിദ്യാഭ്യാസരീതിക്കായി പരിശ്രമിക്കണമെന്ന്, മാര്‍പാപ്പ മെത്രാന്‍ സംഘത്തെ അനുസ്മരിപ്പിച്ചു. ഏറെ അത്യാധുനിക സാങ്കേതിക വിദ്യകളും തത്വങ്ങളും പഠിപ്പിച്ചു വിടുന്നതിലുമുപരി, ഈ പുതിയ തലമുറയെ ലോകവുമായി ആഴമായ നന്മയുടേതായ ആത്മീയബന്ധങ്ങളില്‍, യഥാര്‍ത്ഥമായ ജ്ഞാനത്തോടും ദൈവോന്മുഖമായൊരു ദര്‍ശനത്തോടുംകൂടെ വളര്‍ത്തുന്ന
ഒരു വിദ്യഭ്യാസരീതികൊണ്ട് കരുത്തരാക്കണമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു. പത്രോസിന്‍റെ പിന്‍ഗാമിയുടെ പ്രബോധനാധികാരത്തോടു കാണിക്കുന്ന വിശ്വസ്തതയും പിന്‍തുണയും എന്നും തുടരുമെന്ന് ഇറ്റലിയുടെ ദേശീയമെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ആഞ്ചെലോ ബഞ്ഞാസ്കോ എല്ലാമെത്രാന്മാരുടേയും വിശ്വാസികളുടേയും പേരില്‍ മാര്‍പാപ്പയോടു വാഗ്ദാനംചെയ്തു.







All the contents on this site are copyrighted ©.