2010-05-18 16:57:23

സാമൂഹിക സമ്പര്‍ക്ക മാധ്യമ പ്രവര്‍ത്തനമെന്നത് സഭയെ സംബന്ധിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കലാണെന്ന്, ബിഷപ്പ് കോന്ത്രേറാസ്.


സഭയുടെ വീക്ഷണത്തില്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമ പ്രവര്‍ത്തനം ക്രിസ്തുവിനെ പ്രഘോഷിക്കലാണെന്ന് ചിലിയിലെ സാന്തിയാഗോ അതിരൂപതയുടെ സഹായമെത്രാന്‍ ക്രിസ്ത്യന്‍ കോന്ത്രേറാസ് വില്ലറോയല്‍ പറയുന്നു. ലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനത്തോട് അനുബന്ധിച്ച് എല്‍ സഗ്രാറിയോ ഇടവകയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തവെയാണ് അദ്ദേഹം അത് പറഞ്ഞത്. ചില സാഹചര്യങ്ങളില്‍ മോശമായ വിവരങ്ങളും നാം നല്‍കേണ്ടി വരും. മറ്റു ചില പരിതോവസ്ഥകളില്‍ നാം ചിന്തിക്കുന്നതിലും, സമ്മതിക്കുന്നതിലും വളരെ നാടകീയമായിരിക്കാം യാഥാര്‍ത്ഥ്യം. എന്നാല്‍ പ്രത്യാശ കൈവെടിയാത്ത ക്രൈസ്തവ സമൂഹത്തിന്‍െറ ഒരു അടയാളമുണ്ടെന്ന സത്യം നാം വിസ്മരിക്കരുത്, അദ്ദേഹം പറഞ്ഞു. പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ലോക സാമൂഹിക സമ്പര്‍ക്ക മാധ്യമദിനത്തിനായുള്ള സന്ദേശം എല്ലാവര്‍ക്കും സംലഭ്യമാകുന്നതിന് ചിലിയിലെ മെത്രാന്‍സംഘം ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അത് സന്ദര്‍ശിക്കുവാനും, വായിക്കുവാനും, സഭയോട് ചേര്‍ന്ന് ചിന്തിക്കുവാനും, അതിന്‍ പ്രകാരം വര്‍ത്തിച്ച് മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുവാനും അവിടത്തെ മെത്രാന്‍ സംഘം ആ നാട്ടിലെ സന്മനസ്സുള്ള എല്ലാവരെയും ആഹ്വാനം ചെയ്തു. വൈദികരും അജപാലനശുശ്രൂഷയും ഡിജിറ്റല്‍ ലോകത്തില്‍: നൂതനമാദ്ധ്യമം വചനത്തിന്‍െറ ശുശൂഷയ്ക്ക് എന്നതാണ് നാല്പത്തിനാലാം ലോക സമൂഹിക സമ്പര്‍ക്ക മാധ്യമദിനത്തിന്‍െറ ആദര്‍ശപ്രമേയം. പോള്‍ ആറാമന്‍ പാപ്പാ 1966ലില്‍ സ്ഥാപിച്ചതാണ് ആ ലോകദിനാചരണം. ആനുകാലികലോകത്തില്‍ സുവിശേഷം പ്രഘോഷിക്കുന്നതിലെ മാധ്യമങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയാണ് ആ ദിനസ്ഥാപനത്തിന്‍െറ മുഖ്യലക്ഷൃം. അന്ന് മുതല്‍ ആ ദിനത്തിന് ഒരു പ്രത്യേക പേപ്പല്‍ സന്ദേശം നല്‍കപ്പെടുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.