2010-05-18 16:54:19

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ബൊളീവിയയുടെ പ്രസിഡന്‍റ് ഹൂവാന്‍ ഇവോ മൊറേല്‍സിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തിങ്കളാഴ്ച ബൊളീവിയായുടെ പ്രസിഡന്‍റ് ഹൂവാന്‍ ഇവോ മൊറേല്‍സിനെ വത്തിക്കാനില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് സ്വീകരിച്ചു. ഇരുപത്തിയഞ്ചു മിനിട്ട് ദീര്‍ഘിച്ച സൗഹൃദപരമായ ആ സന്ദര്‍ശനത്തില്‍ ദേശീയ അന്തര്‍ദ്ദേശീയ പ്രശ്നങ്ങളും, പരിസ്ഥിതിയുടെ സംരക്ഷണത്തിന്‍െറ പ്രാധാന്യത്തെപറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതിന്‍െറ ആവശ്യകതയും അവര്‍ ചര്‍ച്ച ചെയ്തു. ബൊളീവിയായിലെ ജനങ്ങളുടെ ജീവിതബന്ധിയായ പ്രശ്നങ്ങളും, വിദ്യാഭ്യാസ ആരോഗ്യസംരക്ഷണതലങ്ങളിലും നാട്ടിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സാമൂഹികനയ പരിപാടികളുടെ രൂപീകരണത്തിലും സര്‍ക്കാരും സഭയും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്‍െറ ആവശ്യകതയും ആ കുടിക്കാഴ്ചയില്‍ സംഭാഷണവിഷയങ്ങളായി. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചിസീയോ ബര്‍ത്തോണെയെയും, വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മംബര്‍ത്തിയെയും സന്ദര്‍ശിച്ചു. ബെളീവിയായിലെ പ്രഥമ ആദിവാസി പ്രസിഡന്‍റാണ് ഹൂവാന്‍ ഇവോ മൊറേല്‍സ്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലി ‘ഭൂമിയമ്മയുടെ സംരക്ഷകന്‍’ എന്ന ബഹുമതി നല്‍കി പരിസ്ഥിതിസംരക്ഷണത്തില്‍ വലിയ തല്പരനായ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.







All the contents on this site are copyrighted ©.