2010-05-17 15:10:56

ഇന്ന് എക്കാലത്തെക്കാളുമുപരി പ്രത്യാശ ആവശ്യമെന്ന്, പാപ്പാ.


  നമ്മുടെ ലോകത്തിനും, ഇന്നത്തെ കാലത്തിനും എന്നത്തെക്കാളുമുപരി പ്രത്യാശ ആവശ്യമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ജര്‍മ്മനിയിലെ വിവിധ സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെട്ട സഭൈക്യദിനത്തിനായി നല്‍കിയ സന്ദേശത്തിലാണ് പാപ്പാ പ്രത്യാശയുടെ പ്രസക്തി ഊന്നിപ്പറഞ്ഞത്. അടുത്തക്കാലത്ത് നാം കേള്‍ക്കുകയും, കാണുകയും ചെയ്ത സംഭവങ്ങള്‍ സഭയിലെ നമ്മുടെ സന്തോഷത്തെ, പ്രത്യാശയെ വെല്ലുവിളിക്കുന്നതായിരുന്നു. സുവിശേഷത്തില്‍ നാം വായിക്കുന്ന കളകളുടെ ഉപമയില്‍ വേലക്കാര്‍ വീട്ടുടമസ്ഥനോട് ചോദിച്ചതുപോലെ യജമാനനേ നീ വയലില്‍ നല്ല വിത്തല്ലേ വിതച്ചതെന്ന് ചോദിക്കുവാന്‍ നാമും പ്രേരിതരാകുന്നു. തന്‍െറ വചനത്താലും, ജീവനാലും ലോകമാകുന്ന വയലില്‍ കര്‍ത്താവ് നല്ല വിത്തു തന്നെയാണ് വിതച്ചത്. അത് വളരെയധികം വളര്‍ന്നു. ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ പ്രക്രിയ എന്നും തുടരുകയും ചെയ്യും. ദൈവത്തെ സ്തുതിച്ചുകൊണ്ടും, അവിടുത്തേയ്ക്ക് നന്ദി പറഞ്ഞുകൊണ്ടും ജീവിക്കുന്നവരായി എത്രയോ നല്ലവര്‍ നമ്മുടെയില്‍ ജീവിക്കുന്നു. അല്പം ശ്രദ്ധയോടെ നിഷ്പക്ഷമായി ലോകത്തെയും, സഭയെയും വീക്ഷിക്കുകയാണെങ്കില്‍ എത്രയോ നല്ലവരെയും, വിശുദ്ധരെയും നമ്മുക്ക് കാണാനാവും. സഭയില്‍, കര്‍ത്താവ് തന്‍െറ സേവനത്തിനായി വിളിച്ചവരുടെയിടയില്‍ കളകളുണ്ട്. പക്ഷെ ദൈവികവെളിച്ചം ഇനിയും അസ്തമിച്ചിട്ടില്ല. നല്ല ഫലങ്ങളെ തിന്മയുടെ വിത്തുകള്‍ ഞെരുക്കിക്കളഞ്ഞിട്ടുമില്ലു. സഭ പ്രത്യാശയുടെ ഇടം തന്നെയാണ്. കാരണം അവളില്‍ നിന്നാണ് നമ്മെ വിശുദ്ധീകരിക്കുകയും, നമ്മുക്ക് വിശ്വാസപാത ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ദൈവവചനം ലഭിക്കുക. അവളാണ് കൂദാശകളുടെ കൃപാവരവും, അനുരഞ്നവചസും നമ്മുക്ക് നല്‍കുന്നത്. അവയെ ഒരിക്കലും ഒന്നിനും നിഷ്പ്രഭമാക്കുവാനോ, നശിപ്പിക്കുവാനോ സാധിക്കുകയില്ല. പ്രത്യാശ ഒരു ദാനമാണ്. നമ്മുടെ ദൈവം എന്നും സജീവനാണ്. അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. യേശുക്രിസ്തുവില്‍ അവിടുന്ന് നമ്മില്‍ ഒരാളായി. അത് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനമാണ് പാപ്പാ സന്ദേശത്തില്‍ തുടര്‍ന്ന് പറഞ്ഞു..







All the contents on this site are copyrighted ©.