2010-05-05 19:16:45

പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനത്തിന്
മരിയന്‍ ദര്‍ശനമെന്ന് – ഫാദര്‍ ലൊമ്പാര്‍ഡി


5 മെയ് 2010
മാര്‍പാപ്പായുടെ മെയ് 11-മുതല്‍ 14-വരെയുള്ള പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ഒരു മരിയന്‍ ദര്‍ശനമുണ്ടെന്ന്, ഫാദര്‍ ഫ്രെദെറിക്കോ ലൊമ്പാര്‍ഡി, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് വത്തിക്കാനിലെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെയ് 4-ാം തിയതി രാവിലെ വത്തിക്കാനിലെ പ്രസ്സ് ഓഫീസില്‍വച്ച് പാപ്പായുടെ ഇറ്റലിക്കുപുറത്തുള്ള 15-ാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ പരിപാടികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി വിവരിക്കുകയായിരുന്നു ഫാദര്‍ ലൊമ്പാര്‍ഡി. 1917-ല്‍ പരിശുദ്ധ ദൈവമാതാവ് ജസീന്ത, ഫ്രാന്‍സിസ്ക്കാ, ലൂസിയാ എന്നീ മൂന്ന് ഇടയ ബാലികമാര്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലമാണ് പോര്‍ച്ചുഗലിലെ ഫാത്തിമായെന്നും, മെയ് 11-ന് പോര്‍ച്ചുഗലിലെത്തുന്ന മാര്‍പാപ്പ പ്രധാനമായും മാതാവ്‍ പ്രത്യക്ഷപ്പെട്ട ഇടയ ബാലികമാരില്‍ ജസീന്താ, ഫ്രാന്‍സിസ്കോ എന്നിവരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തിയതിന്‍റെ 10-ാം വാര്‍ഷികവും, ലൂസിയായുടെ
5-ാം ചരമാനുസ്മരണവും ആചരിക്കും. ഫാത്തിമാ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് ബനഡിക്ട് 16-ാമന്‍. 1967-ലുള്ള പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനശേഷം, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1982ലും 1991ലും 2000-ാമാണ്ടിലുമായി മൂന്നു പ്രാവശ്യവും ഫാത്തിമാ സന്ദര്‍ശിച്ചിട്ടുണ്ട്.
ഫാത്തിമായിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ചരിത്രം ആത്മീയമായും ദൈവശാസ്ത്രപരമായും ആഴമാര്‍ന്ന് കാണുകയും പഠിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെന്ന്, 2000-ാമാണ്ടില്‍ മാര്‍പാപ്പ വിശ്വാസംഘത്തിന്‍റെ തലവനായിരിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച ഫാത്തിമായെക്കുറിച്ചുള്ള പ്രമാണരേഖയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. വൈദികരോടും സന്യസ്ഥരോടും, ഡീക്കന്മാരോടും, സെമിനാരി വിദ്യാര്‍ത്ഥികളോടുമൊപ്പം ഫാത്തിമായിലെ പരിശുദ്ധ തൃത്വത്തിന്‍റെ ദേവാലയത്തില്‍ നടത്തുവാന്‍പോകുന്ന സായാഹ്നപ്രാര്‍ത്ഥനയ്ക്കും,
ലിസ്ബണില്‍ നടത്തപ്പെടുന്ന മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും
ആഗോളസഭ ഈ വര്‍ഷം ആചരിക്കുന്ന പൗരോഹിത്യവത്സരത്തിന്‍റെ സമാപനഭാഗത്ത് ഏറെ പ്രസക്തിയുണ്ടെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫീസിന്‍റെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. മെയ് 12-ന് വൈകുന്നേരം ഫാത്തിമായിലെ തീര്‍ത്ഥാടന ദേവാലയത്തില്‍ സമൂഹദിവ്യബലിയര്‍പ്പിക്കുന്ന മാര്‍പാപ്പാ, 1981-ലെ മെയ് 13-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലുണ്ടായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വധശ്രമവും, അത്ഭുതകരമായ അതില്‍നിന്നുള്ള രക്ഷപ്പെടലും അവിടെ അനുസ്മരിക്കും.
‘പരിശുദ്ധ മറിയമേ, അങ്ങയോടൊപ്പം ഞങ്ങള്‍ പ്രത്യാശയില്‍ ചരിക്കും,’ എന്ന ആപ്തവാക്യവുമായി നടത്തപ്പെടുന്ന പാപ്പായുടെ ഈ അപ്പസ്തോലിക സന്ദര്‍ശനം പോര്‍ച്ചുഗലിലെ എല്ലാ ജനങ്ങള്‍ക്കും ആഗോളതലത്തില്‍ വിശ്വാസസമൂഹത്തിനും പ്രത്യാശയുടെ അലകളുയര്‍ത്തുമെന്നും ഈശോ സഭാംഗമായ ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.







All the contents on this site are copyrighted ©.