2010-04-29 11:56:15

നവീകരിച്ച ഇംഗ്ലിഷ് ദിവ്യപൂജാക്രമം
(Latin Rite) മാര്‍പാപ്പ അംഗീകരിച്ചു


 28 ഏപ്രില്‍ 2010
ആംഗലഭാഷയില്‍ നവീകരിച്ചു പുറത്തിറക്കുന്ന ദിവ്യപൂജാക്രമം പരിശുദ്ധ കര്‍ബ്ബാനയിലുള്ള വിശ്വാസവും ഭക്തിയും കൂടുതല്‍ ആഴപ്പെടുത്തുവാന്‍ സഹായകമാകുമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ വത്തിക്കാനില്‍ പ്രസ്താവിച്ചു. ആംഗലഭാഷയില്‍ പുതുതായി ദിവ്യപൂജാക്രമം ഒരുക്കുന്നതിന് സഹായിച്ച vox clara, ‘തെളിഞ്ഞ ശബ്ദം’ എന്ന പേരിലുള്ള കമ്മിറ്റി അംഗങ്ങളെയും ഉപദേശകരെയും ഏപ്രില്‍ 28-ാം തിതയതി ബുദ്ധനാഴ്ച വത്തിക്കാനിലെ നാലാം പിയൂസ് പാപ്പായുടെ നാമത്തിലുള്ള ഹാളില്‍ നടത്തിയ ഉച്ചഭക്ഷണത്തിന് സ്വീകരിച്ചുകൊണ്ടാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. പുതിയ ഇംഗ്ലിഷ് ദിവ്യപൂജാക്രമം ഒരുക്കുന്നതില്‍ കമ്മറ്റിയിലെ അംഗങ്ങളും ആരാധനക്രമ-ഭാഷാ വിദഗ്ദ്ധന്മാരും നല്കിയ സേവനങ്ങള്‍ക്ക് മാര്‍പാപ്പാ പ്രത്യേകം നന്ദിപറയുകയായിരുന്നു. ആരാധനക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Pontifical Council for Liturgy and Sacraments) ഉത്തരവാദിത്വത്തിലുള്ള ഈ നവീകരണ ജോലിക്ക് കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തോളം വേണ്ട സഹായവും ഉപദേശവും നല്കിയ കമ്മറ്റിയാണ് വോക്സ് ക്ലാരാ.
ഏറെ ശ്രമകരവും സൂക്ഷ്മവുമായ ഈ നവീകരണ ജോലിയുടെ മേല്‍നോട്ടം വഹിക്കുകയും അനുദിനം പ്രവര്‍ത്തിക്കുകയും ചെയ്ത, ആരാധനക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മേലധികാരികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പാപ്പാ തദവസരത്തില്‍
നന്ദിപറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ ദേശീയ മെത്രാന്‍ സമിതികളും അവരുടെ ആരാധനക്ര കമ്മിഷനുകളും ദിവ്യപൂജാക്രമത്തിന്‍റെ നവീകരണത്തിനുള്ള
ഈ കഠിനാദ്ധ്വാനത്തില്‍ ആത്മാര്‍ത്ഥമായി വിവിധ ഘട്ടങ്ങളില്‍ സഹകരിച്ചിട്ടുണ്ടെന്നും മാര്‍പാപ്പ അനുസ്മരിച്ചു.
വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞിട്ടുള്ളതുപോലെ, യോര്‍ദ്ദാന്‍ നദീക്കരയില്‍ മുഴങ്ങിയ യോഹന്നാന്‍റെ തെളിഞ്ഞ ശബ്ദംപോലെ (Vox Clara), നവീകരിച്ച ഈ ദിവ്യപൂജാക്രമത്തിലൂടെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ക്രിസ്തു പ്രഘോഷിക്കപ്പെടുമെന്ന് ആശംസിച്ച മാര്‍പാപ്പ ഏവര്‍ക്കും നന്ദിപറഞ്ഞു.
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Evangelization of Peoples) പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഐവാന്‍ ഡയസ്സും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
 







All the contents on this site are copyrighted ©.