2010-04-29 14:11:32

കുടിയേറ്റ-പ്രതിഭാസം
വികസനത്തിന്‍റെ ശ്രദ്ധേയമായ മുഖം


 28 ഏപ്രില്‍ 2010
കുടിയേറ്റ-പ്രതിഭാസംകൊണ്ട് ജനസഞ്ചയമാര്‍ന്ന യൂറോപ്പ്, ഭീതിയകറ്റി,
ഭാവിക്രമീകരിക്കുവാനുള്ള രൂപരേഖകള്‍ തയ്യാറാക്കണമെന്ന്,
ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരീയ വേലിയോ, കുടിയേറ്റക്കാരുടേയും യാത്രികരുടെയും അജപാലനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for the Pastoral Care of Migrants and Itinerant People) പ്രസിഡന്‍റ് സ്പെയിനിലെ മലാകയില്‍ പ്രസ്താവിച്ചു. ഇവിടെ 27-ാം തിയതി, ചെവ്വാഴ്ച ആരംഭിച്ച യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാരുടെ സംയുക്ത സംഖം സംഘടിപ്പിച്ചിരിക്കുന്ന 4 ദിവസത്തെ അന്തര്‍ദേശിയ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് വേലിയോ, ഇപ്രകാരം പ്രസ്താവിച്ചത്. സമഗ്രമായ മാനവ വികസനത്തിന്‍റെ ശ്രദ്ധേയമായ മറ്റൊരു മുഖമാണ് കുടിയേറ്റ-പ്രതിഭാസമെന്നും, ഈ പ്രതിഭാസം ശ്രദ്ധേയമാകുന്നത് ഇന്ന് ലോകത്ത് അസംഖ്യം ആളുകള്‍ കുടിയേറിപ്പാര്‍ക്കുന്നു എന്നതുകൊണ്ടും, അതില്‍നിന്ന് ഉയരുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ പ്രശ്നങ്ങളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്രസമൂഹത്തിനും നാടകീയമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ചരിത്രം സൃഷ്ടിക്കുന്ന ഈ സാമൂഹിക പ്രതിഭാസത്തെ യൂറോപ്പ് ന്യായമായും നേരിടണമെന്നും, ധീരവും ദീര്‍ഘവീക്ഷണമുള്ളതുമായ അന്താരാഷ്ട്ര-സഹകരണനയങ്ങള്‍കൊണ്ട് ഇതിനെ ഫലപ്രദമായ രീതിയില്‍ കൈകാര്യംചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുടിയേറ്റക്കാരെ ഒരു കച്ചവടക്കാരായോ, പണിയെടുക്കാന്‍ മാത്രമുള്ളവരായോ കാണാതെ, അവര്‍ മനുഷ്യവ്യക്തികളാണെന്ന നിലയില്‍ മൗലികവും, അനിഷേധ്യവുമായ അവകാശങ്ങള്‍, എല്ലാവര്‍ക്കും എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ മാനിച്ചുകൊണ്ടുള്ള നയങ്ങളാണ് യൂറോപ്പില്‍ എടുക്കേണ്ടതെന്ന്, രാഷ്ട്രപ്രതിനിധികളും, പൊതുമേഖലാ പ്രവര്‍ത്തകരും, മെത്രാന്മാരും, സാമൂഹ്യപ്രവര്‍ത്തകരുമായി നൂറില്‍പ്പരം പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തോട് ആര്‍ച്ചുവിഷപ്പ് വേലിയോ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.