2010-04-26 15:51:48

സ്കോട്ട്ലഡിലെ വിശ്വാസികള്‍ക്ക് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച മെത്രാന്മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശകപത്രിക


 
ആസന്നമായ തെരഞ്ഞെടുപ്പില്‍ കണക്കിലെടുക്കേണ്ട തത്വങ്ങളെയും, ആദര്‍ശങ്ങളെയും സംബന്ധിച്ച് നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുക എന്ന ശീര്‍ഷകത്തില്‍ സ്കോട്ട്ലഡിലെ മെത്രാന്മാര്‍ ഒരു സംയുക്ത ഇടയലേഖനം പുറപ്പെടുവിച്ചു. നമ്മുടെ മാതാപിതാക്കന്മാരും, അവരുടെ പൂര്‍വ്വപിതാക്കന്മാരും എടുക്കേണ്ടിവന്ന ഒരു രാഷ്ട്രീയതെരഞ്ഞടുപ്പല്ല ഇന്ന് നമ്മുടെ മുന്‍പിലുള്ളത്. അജാതശിശുക്കളുടെ സംരക്ഷണം നിരാകരിക്കുന്ന, മനുഷ്യഭ്രൂണപരീക്ഷണങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്ന, ദയാവധത്തെ അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ ഒരിക്കലും വോട്ടു ചെയ്യുകയില്ലായിരുന്നു. കുടുംബത്തിന്‍െറയും വിവാഹത്തിന്‍െറയും പാവനതയും, മഹനീയതയും അവണിക്കുന്നവരെ അവര്‍ ഒരിക്കലും അംഗീകരിക്കുകയില്ലായിരുന്നു. തങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് മങ്ങല്‍ ഏല്പിക്കുന്നവരും നമ്മുടെ പൂര്‍വ്വികര്‍ക്ക് അഭികാമ്യരല്ലായിരുന്നു. കത്തോലിക്കരെന്ന നിലയില്‍ മനുഷ്യജീവനും, പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബവും സംരക്ഷിക്കണ്ടതിന്‍െറ ആവശ്യകത നമുക്ക് അറിയാം. നാം മുറുകെപിടിക്കുന്ന, പ്രഖ്യാപിക്കുന്ന വിശ്വാസത്തിന്‍െറ വെളിച്ചത്തില്‍ സമ്മതിദായകാവകാശം നിര്‍വഹിക്കുക. മൂല്യങ്ങളെ ആദരിക്കുന്ന, മത മനസ്സാക്ഷിസ്വാതന്ത്ര്യങ്ങളെ മാനിക്കുന്ന, വ്യക്തിപരവും സമൂഹപരവുമായ ഉന്നതി ലക്ഷൃംവയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക, മെത്രാന്മാര്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു.







All the contents on this site are copyrighted ©.