2010-04-22 18:49:25

സാംസ്കാരിക വൈവിധ്യങ്ങള്‍
ജനതകളുടെ ശക്തിയാണ്
-ബാന്‍ കീ മൂണ്‍


22 ഏപ്രില്‍ 2010
സംസ്കാരത്തിലും ഭാഷയിലും ജീവിതപരിസ്ഥികളിലുമുള്ള വൈവിധ്യങ്ങള്‍ ജനതകളുടെ ശക്തിയായി കാണണമെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കീ മൂണ്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്നിന്‍റെ തദ്ദേശിയ ജനതകളുടെ പുരോഗതിയെക്കുറിച്ചു പഠിക്കുന്ന 9-ാമത് സ്ഥിരംചര്‍ച്ചാവേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടമാകുന്ന തദ്ദേശിയ ജനതകളുടെ സാംസ്കാരത്തനിമയും ഭാഷകളും കലാമൂല്യങ്ങളും മനുഷ്യകുലത്തെ ഒരു സാംസ്കാരിക ദാരിദ്ര്യത്തിലാഴ്ത്തുമെന്ന് ബാന്‍ കീ മൂണ്‍ തന്‍റെ സ്വാഗതപ്രഭാഷണത്തില്‍ മുന്നറിയിപ്പു നല്കി. ഇന്ന് ലോകത്തിന്‍റ‍ വിവിധ സംസ്കാരങ്ങളിലായി കാലഹരണപ്പെട്ടുപോകുന്ന മൂലഭാഷകളും കലാ-സാംസ്കാരിക ഇനങ്ങളും തദ്ദേശിയ ജനതകളുടെ അനന്യതയ്ക്ക് മങ്ങലേല്പിക്കുകയാണെന്നും, അതുകൊണ്ടാണ് സാംസ്കാരികവും അനന്യവുമായ തദ്ദേശിയ ജനതകളുടെ വികസനം, എന്ന പ്രമേയം യുഎന്‍ സാമൂഹ്യ-സാംസ്കാരിക ഫോറം വിഷയമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. തദ്ദേശിയ ജനതകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭ്യമാക്കുക, നിശ്ചയദാര്‍ഢ്യത്തോടെ അവരുടെ സാംസാകാരിക മൂല്യങ്ങള്‍ ജീവിക്കാനുള്ള സാധ്യതകള്‍ ഒരുക്കുക എന്നിവ രാഷ്ടങ്ങളുടെ ഉത്തരവാദിത്തമാണെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍ ബന്‍ കീ മൂണ്‍ ഉദ്ബോധിപ്പിച്ചു. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഏപ്രില്‍ 19-ന് ആരംഭിച്ച ചര്‍ച്ചാവേദി, 23-ന് അവസാനിക്കും.







All the contents on this site are copyrighted ©.