2010-04-21 20:23:35

മാര്‍പാപ്പയുടെ വേനല്‍ക്കാലപരിപാടിയില്‍
മൂന്ന് അന്തര്‍ദേശീയ സന്ദര്‍ശനങ്ങള്‍


ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വേനല്‍ക്കാല പരിപാടിയില്‍
മൂന്ന് അന്തര്‍ദേശിയ അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍.
2010 മെയ്മാസം മുതല്‍ സെപ്തംമ്പര്‍ മാസംവരെ നീളുന്നതാണ് മാര്‍പാപ്പായുടെ വേനല്‍ക്കാല പരിപാടി. മെയ് മാസത്തെ ആദ്യ പരിപാടി
2-ാം തിയതിയിലുള്ള ട്യൂറിനിലെ തിരുക്കച്ചയുടെ ബസിലിക്കാ സന്ദര്‍ശനമാണ്. രാവിലെ അവിടെ സമൂഹബലിയര്‍പ്പിക്കുന്ന പാപ്പാ, യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും, വൈകുന്നേരം അവിടത്തെ ആശുപത്രിയില്‍ രോഗകളെ സന്ദര്‍ശിക്കുയും ചെയ്യും. വൈകുന്നേരം
6-ന് യേശുവിന്‍റെ മൃതശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കുന്ന തിരുക്കച്ച വണങ്ങുന്ന മാര്‍പാപ്പ അന്നുതന്നെ വത്തിക്കാനിലേയ്ക്കു മടങ്ങും.
മെയ് 11-ന് തുടങ്ങി 14-ന് അവസാനിക്കുന്ന മാര്‍പാപ്പയുടെ
15-ാമത്തെ അന്തര്‍ദേശീയ അപ്പസ്തോലിക പര്യടനം പോര്‍ച്ചുഗലിലേയ്ക്കാണ്. ഫാത്തിമാ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്ന മാര്‍പാപ്പാ പോര്‍ച്ചുഗലിലെ മറ്റു പ്രധാനകേന്ദ്രങ്ങളും സന്ദര്‍ശിക്കും.
ജൂണ്‍ മാസം 3-ാം തിയതി മാര്‍പാപ്പ തന്‍റെ 16-ാമത്തെ അന്തര്‍ദേശീയ അപ്പസ്തോലിക പര്യടനം സൈപ്രസ്സിലേയ്ക്കു നടത്തും.
സൈപ്രസ്സിന്‍റെ മണ്ണില്‍ കാലുകുത്തുന്ന ആധുനികയുഗത്തിലെ
പ്രഥമ പത്രോസിന്‍റെ പിന്‍ഗാമിയായിരിക്കും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ. ജൂണ്‍ 6-വരെ നീളുന്നതാണീ സന്ദര്‍ശനം.
ജൂലൈ 4-ന് മാര്‍പാപ്പ ഇറ്റലിയിലെ സല്‍മോണായിലേയ്ക്ക് ഒരിടയ സന്ദര്‍ശനം നടത്തും. വിശുദ്ധ സെലെസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ
800-ാം ജന്മവാര്‍ഷീകാഘോഷ പരിപാടിയോടനുബന്ധിച്ചാണ് ഈ യാത്ര.
സെപ്തംബര്‍ 5-ാം തിയതി ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ
2-ാം ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി ഇറ്റലിയിലെ കര്‍പ്പിനേത്തോ റൊമാനോയിലേയ്ക്കും പാപ്പ ഇടയസന്ദര്‍ശനം നടത്തുന്നുണ്ട്.
ഈ വേനല്‍ക്കാലത്തെ അവസാന പരിപാടി, സെപ്തംമ്പര്‍ മാസത്തില്‍
16 മുതല്‍ 19-വരെ നീണ്ടുനില്ക്കുന്ന മാര്‍പാപ്പയുടെ ഇംഗ്ളണ്ടിലേയ്ക്കുള്ള അന്തര്‍ദേശിയ അപ്പസ്തോലിക സന്ദര്‍ശനമായിരിക്കും.







All the contents on this site are copyrighted ©.