2010-04-15 19:49:39

പരിശുദ്ധ കുര്‍ബ്ബാനയിലാണ്
വിശ്വാസികളുടെ രക്ഷാകര്‍മ്മം
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ


 15 ഏപ്രില്‍ 2010
പരിശുദ്ധ കുര്‍ബ്ബാനയിലാണ് വിശ്വാസികളുടെ രക്ഷാകര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നതെന്ന്, ആദ് ലീമിനാ സന്ദര്‍ശനത്തിനെത്തിയ ബ്രസീലിലെ മെത്രാന്മാരോട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ ആഹ്വാനംചെയ്തു..
ബ്രസീലിന്‍റെ വടക്കന്‍ പ്രവിശ്യയില്‍ അജപാലനശുശ്രൂഷചെയ്യുന്ന രണാടാമത്തെ മെത്രാന്‍ സംഘവുമായി വ്യാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ക്രിസ്തുരഹസ്യങ്ങളും സഭയുടെ യഥാര്‍ത്ഥ സ്വഭാവവും വിശ്വാസികള്‍ സ്വജീവിതത്തില്‍ പകര്‍ത്തുകയും, മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്നതിന് ഏറ്റവും കൂടുതലായി സഹായകമാകേണ്ടത് വിശുദ്ധ കുര്‍ബ്ബാനയും ആരാധനക്രമവും ആയിരിക്കണമെന്ന് മാര്‍പാപ്പാ മെത്രാന്‍മാരെ അനുസ്മരിപ്പിച്ചു.
സഭ, യഥാര്‍ത്ഥ സഭയാകുന്നത് കര്‍ത്താവിന്‍റെ വിരുന്നുമേശയ്ക്കുചുറ്റും ഒത്തുചേരുമ്പോഴാണെന്നും, ദിവ്യകാരുണ്യാരാധനയുടെയും ബലിയര്‍പ്പണത്തിന്‍റെയും പ്രാകാശങ്ങള്‍ക്കൊപ്പം ഇന്ന് നിഴലുകളും ധാരാളമായി കാണുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
സജീവ പങ്കാളിത്തമില്ലാത്തതുകൊണ്ടും, കുര്‍ബ്ബാനയെക്കുറിച്ചുള്ള അപഭ്രംശങ്ങള്‍മൂലവും വിസ്മയകരമായ ഈ കൂദാശയെക്കുറിച്ചുള്ള വിശ്വാസത്തിന് ചിലയിടങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. വിശുദ്ധ കുര്‍ബ്ബാനയുടെ ദിവ്യരഹസ്യങ്ങള്‍ ലഘൂകരിച്ച് അത് കേവലം ഒരു സൗഹൃദവിരുന്നായി കാണുന്ന രീതിയും ഉപേക്ഷിക്കേണ്ടതാണെന്നും മാര്‍പാപ്പാ മെത്രാന്‍ സംഘത്തെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.