2010-04-07 17:20:01

ദുരന്തസ്മരണയില്‍
പാപ്പായുടെ സാന്ത്വനസന്ദേശം


 6 ഏപ്രില്‍ 2010
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ തന്‍റെ തീക്ഷ്ണമായ പ്രോത്സാഹനവും ആത്മീയ സാമീപ്യവുമുണ്ടെന്ന്, കഴിഞ്ഞവര്‍ഷത്തില്‍ ഭൂകമ്പത്തിനിരയായ മദ്ധ്യ-ഇറ്റലിയിലെ അക്വീലായിലെ ജനങ്ങളോട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അറിയിച്ചു. ഇറ്റലിയിലെ അക്വീലായില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6-ം തിയതി പുലര്‍ച്ചെ 308 പേരുടെ മരണത്തിനിടയാക്കുകയും ആയിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്ത ഭൂകമ്പ-കെടുതിയുടെ വാര്‍ഷിക അനുസ്മരണത്തില്‍ വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി അയച്ച കത്തിലാണ് മാര്‍പാപ്പാ തന്‍റെ സാന്ത്വനസന്ദേശം നല്കിയത്. ഉത്ഥിതനായ ക്രിസ്തുവിലുളള പാറപോലെ ഉറച്ച വിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ട് ഇനിയും മാനുഷികവും സാമൂഹ്യവുമായ പുനരുദ്ധാനപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് മാര്‍പാപ്പാ ആഹ്വാനംചെയ്തു. മരണമടഞ്ഞവരുടെ കുടുംമ്പങ്ങള്‍ക്കും ദുരന്തത്തില്‍പ്പെട്ടവര്‍ക്കും സഹാനുഭൂതിയും പിന്‍തുണയും നല്കിക്കൊണ്ട് ആചരിച്ച അനുസ്മരണ ദിവ്യബലി അക്വീലായിലെ പുരാതനമായ
കൊള്ളേ മാജിയോ ബസിലിക്കായില്‍ 6-ാം തിയതി ചെവ്വാഴ്ച രാവിലെ അര്‍പ്പിക്കപ്പെട്ടു. ഇരുപത്തയ്യായിരത്തില്‍പരം പേര്‍ പങ്കെടുത്ത ദിവ്യബലിമദ്ധ്യേയാണ് മാര്‍പാപ്പയുടെ സന്ദേശം വായിച്ചത്. അക്വീലാ ഉള്‍പ്പെടുന്ന കുലീനമായ അബ്രൂത്സ്സോ പ്രവിശ്യയുടെ ധാര്‍മ്മികവും മതാത്മകവുമായ പൈതൃകം എന്നും കാത്തുസൂക്ഷിക്കണമെന്നും, പരിശുദ്ധ കന്യകാ നാഥയ്ക്കും ആ നാടന്‍റെ വിശുദ്ധരായ മദ്ധ്യസ്ഥര്‍ക്കും പട്ടണത്തെയും ജനങ്ങളെയും താന്‍ സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുകയാണെന്നും പാപ്പാ സന്ദേശത്തില്‍ അറിയിച്ചു.







All the contents on this site are copyrighted ©.