2010-04-04 16:45:23

മാര്‍പാപ്പയുടെ
‘ഊര്‍ബി ഏത് ഓര്‍ബി’ സന്ദേശം


 Cantemus Domino, gloriose enim mangnificatus est.
നമുക്ക് കര്‍ത്താവിന് സ്തുതിഗീതമാലപിക്കാം,
എന്തെന്നാല്‍ അവിടുത്തെ വിജയം മഹത്വപൂര്‍ണ്ണമാണ്.

(ഈസ്റ്റര്‍ ഞായറാഴ്ച പ്രഭാതത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ മട്ടുപ്പാവില്‍നിന്നുകൊണ്ട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ Urbi et Orbi “ലോകത്തിനും പട്ടണത്തിനുംവണ്ടി” എന്ന പേരില്‍ നല്കിയ സന്ദേശത്തിന്‍റെ സമ്പൂര്‍ണ്ണരൂപം.)

പ്രിയ സഹോദരീ സഹോദരന്മാരേ,
ചെങ്കടല്‍ കടന്നതിനുശേഷം യഹൂദര്‍ ആലപിച്ച പുരാതന സ്തുതിഗീതത്തെ പ്രതിധ്വനിപ്പിക്കുന്ന, ഈ ആരാധനക്രമ വചസ്സുകളിലൂടെ ഉത്ഥാനമഹോത്സവത്തിന്‍റെ സന്ദേശം ഞാന്‍ നിങ്ങള്‍ക്കു നല്കുകയാണ്.
വരണ്ട ഭൂമിയിലൂടെ ഇസ്രായേല്‍ ജനം ചെങ്കടല്‍ കടക്കുന്നതും, ഈജിപ്തുകാര്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതും കണ്ട മോശയുടെയും ആരോണിന്‍റെയും സഹോദരി മിറിയവും മറ്റു സ്ത്രീകളും ആടുകയും പാടുകയും ചെയ്തതായി പുറപ്പാടിന്‍റെ പുസ്തകം വിവരിക്കുന്നു
(പുറപ്പാട് 15: 19-21). “കര്‍ത്താവിനു സ്തുതിഗീതമാലപിക്കുവിന്‍, എന്തെന്നാല്‍ അവിടുന്നു മഹത്വപൂര്‍ണ്ണമായ വിജയം നേടിയിരിക്കുന്നു, കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു!” ഈ സ്തുതിഗീതം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ജാഗരത്തില്‍ ആവര്‍ത്തിക്കുന്നു. ഒരു സവിശേഷ പ്രാ‍ര്‍ത്ഥനയുടെ പെസഹാ ജാഗരത്തിന്‍റെ പൊരുളെന്തെന്ന് വിശദീകരിക്കുന്നു. തിരുവുത്ഥാനത്തിന്‍റെ സംമ്പൂര്‍ണ്ണ പ്രകാശത്തില്‍ ആ പ്രാര്‍ത്ഥന സസന്തോഷം നമ്മുടേതാക്കി മാറ്റാം. “ഓ ദൈവമേ, അങ്ങ് വളരെക്കാലംമുമ്പ് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ ഈ കാലഘട്ടത്തില്‍ ഞങ്ങള്‍ കാണുന്നു. ഒരുനാള്‍ ഇസ്രായേല്‍ ജനത്തിന് അടിമത്തത്തില്‍നിന്ന് അങ്ങു നല്കിയ മോചനംപോലെ, ഇന്ന് ആ രക്ഷ സകല ജനതകള്‍ക്കുമായി അങ്ങ് ജ്ഞാനസ്നാനത്തിലൂടെ നല്കുന്നുവല്ലോ.
ലോകത്തിലെ സകലജനങ്ങളും സത്യമായും അബ്രഹാമിന്‍റെ മക്കളുടെ ഗണത്തില്‍ ചേര്‍ക്കപ്പെടാനും തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ ഔന്നത്യത്തില്‍ ഭാഗഭാക്കുകളാകാനും അങ്ങ് അനുവദിക്കണമേ.”

പഴയതിന്‍റെയെല്ലാം പൂര്‍ത്തീകരണമാണ് സുവിശേഷത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. തന്‍റെ മരണോത്ഥാനങ്ങളാല്‍ യേശു ക്രിസ്തു പാപത്തിന്‍റെ അടിമത്തത്തില്‍നിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുകയും, വാഗ്ദത്തഭൂമിയിലേയ്ക്ക് – ദൈവരാജ്യത്തിലേയ്ക്ക് – നീതിയുടേയും സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റെയും സാര്‍വ്വത്രിക സാമ്രാജ്യത്തിലേയ്ക്കുള്ള സരണി മനുഷ്യന് തുറന്നു തരികയുംചെയ്തു. ഈ ‘പുറപ്പാട്’ സര്‍വ്വോപരി മനുഷ്യന്‍റെ ഉള്ളില്‍ത്തന്നെയാണ് സംഭവിക്കുന്നത്. പെസഹാരഹസ്യത്തില്‍ ക്രിസ്തു നമുക്ക് പ്രദാനംചെയ്ത ജ്ഞാനസ്നാനത്തിന്‍റെ ഫലമായി പരിശുദ്ധാരൂപിയിലുള്ള പുതിയൊരു ജനനമാണിത്. പഴയ മനുഷ്യന്‍ പുതിയ മനുഷ്യന് വഴിമാറുന്നു. പഴയ ജീവിതം പാടെ ഉപേക്ഷിച്ച്, നവജീവിതത്തിന് തുടക്കം കുറിക്കാന്‍ ഇപ്പോള്‍ സാധിക്കും
(റോമാ. 6, 4). എന്നാല്‍ ഈ ആത്മീയ ‘പുറപ്പാട്’ മനുഷ്യന്‍റെ വ്യക്തിപരവും സാമൂഹ്യവുമായ എല്ലാമാനങ്ങളെയും നവീകരിക്കാന്‍ കഴിവുള്ള സമഗ്രവിമോചനത്തിന്‍റെ ആരംഭമാണ്.

അതേ, സഹോദരങ്ങളേ, ക്രിസ്തവിന്‍റെ പെസഹയാണ് മാനവരാശിയുടെ യഥാര്‍ത്ഥ രക്ഷ. ക്രിസ്തുവാണ് ദൈവത്തിന്‍റെ കുഞ്ഞാട്, അവിടുന്ന് നമുക്കുവേണ്ടി മരണംവരിച്ചില്ലായിരുന്നെങ്കില്‍, നമുക്ക് യാതൊരു പ്രത്യാശയും ഉണ്ടാകുമായിരുന്നില്ല. നമ്മുടെയും ലോകം മുഴുവന്‍റെയും ഭാഗധേയം നിശ്ചയമായും മരണമായിരുന്നേനെ. എന്നാല്‍ ഈസ്റ്റര്‍ ആ പ്രവണതയെ കീഴ്മേല്‍ മറിച്ചു. ഒരു പുതുവൃക്ഷത്തിന് പുനഃര്‍ജ്ജീവനം നല്കാന്‍ കഴിവുള്ള ഒട്ടുമരംപോലെ ക്രിസ്തുവിന്‍റെ പുനരുത്ഥാനം നമ്മുക്കും നവജീവന്‍ പകരുന്നു. നന്മയുടെയും ജീവന്‍റെയും അനുരഞ്ജനത്തിന്‍റെയും പക്ഷത്തേയ്ക്ക് ജീവിത മാനദണ്ഡത്തെ എന്നന്നേയ്ക്കുമായി മാറ്റിക്കൊണ്ട്, ചരിത്രത്തിന്‍റെ ഗതിയെ മൗലികമായി മാറ്റിമറിച്ച സംഭവമാണ് യേശുവിന്‍റെ പുനരുത്ഥാനം. നാം സ്വതന്ത്രരാണ്, രക്ഷിക്കപ്പെട്ടവരാണ്! അതുകൊണ്ടാണ് ഹൃദയാന്തരാളത്തില്‍നിന്ന് നാം ഉദ്ഘോഷിക്കുന്നത്, “നമുക്ക് കര്‍ത്താവിനെ പാടിസ്തുതിക്കാം അവിടുത്തെ വിജയം മഹത്വപൂര്‍ണ്ണമാണ്!”

ജ്ഞാനസ്നാന ജലത്താല്‍ മോചിതരായ ക്രൈസ്തവജനത ഈ രക്ഷയ്ക്ക് സാക്ഷൃമേകുന്നതിനും, പാപവിമുക്തിയും സൗന്ദര്യവും നന്മയും സത്യവും വീണ്ടെടുത്തു നല്കപ്പെട്ടതുമായ നവജീവനില്‍ അടങ്ങിയിരിക്കുന്നതായ ഉത്ഥാനത്തിന്‍റെ ഫലം സകലര്‍ക്കും എത്തിച്ചു കൊടുക്കുന്നതിനും, ലോകം മുഴുവനിലേയ്ക്കും അയക്കപ്പെടുന്നു. രണ്ടായിരമാണ്ടുകളുടെ ഗതിവിഗതികളിലൂടെ ക്രൈസ്തവര്‍ തുടര്‍ച്ചയായി, വിശിഷ്യ വിശുദ്ധാത്മാക്കള്‍, ചരിത്രത്തെ ഉത്ഥാനത്തിന്‍റെ സജീവാനുഭവത്താല്‍ ഫലപുഷ്ടമാക്കിയിട്ടുണ്ട്. സഭ ‘പുറപ്പാടി’ന്‍റെ ജനതയാണ്, കാരണം അത് നിരന്തരം പെസഹാരഹസ്യം ജീവിക്കുകയും എക്കാലത്തും എല്ലായിടങ്ങളിലും അതിന്‍റെ നവീകരണശക്തി പ്രസരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഈ യുഗത്തിലും മാനവരാശിക്ക് ഒരു ‘പുറപ്പാടി’ന്‍റെ ആവശ്യമുണ്ട്, അത് ഉപരിപ്ലവമായൊരു ജീവിതക്രമീകരണമല്ല, മറിച്ച് ആത്മീയവും ധാര്‍മ്മികവുമായ ഒരാന്തരീക പരിവര്‍ത്തനമാണ്. ഇന്നത്തെ ലോകത്തിന്‍റെ അഗാധമായ പ്രതിസന്ധികളില്‍നിന്ന് പുറത്തു കടക്കുന്നതിന് സുവിശേഷത്തിന്‍റെ രക്ഷ ഇന്ന് മാനവരാശിക്കാവശ്യമാണ്; മനുഷ്യമനസ്സാക്ഷിയില്‍നിന്നു തുടങ്ങേണ്ട ആഴമായ മാറ്റങ്ങള്‍ അത്യാവശ്യമായിരിക്കുന്നു.

മദ്ധ്യപൂര്‍വ്വദേശത്ത്, പ്രത്യേകിച്ച് യേശുവിന്‍റെ മരണോത്ഥാനങ്ങളാല്‍ പവിത്രീകരിക്കപ്പെട്ട വിശുദ്ധനാട്ടില്‍ നിരന്തരമായ യുദ്ധത്തിലും അക്രമത്തിലും കഴിയുന്ന ജനതകളുടെ യഥാര്‍‍ത്ഥവും നിയതവുമായ ‘പുറപ്പാടു’വഴി ഐക്യവും സമാധാനവും ഉണ്ടാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പരീക്ഷണങ്ങളും സഹനങ്ങളും അനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങളോട്, പ്രത്യേകിച്ച് ഇറാക്കിലെ ക്രൈസ്തവരോട് ഉത്ഥിതനായ ക്രിസ്തു ഊട്ടുശാലയില്‍വച്ച് അപ്പസ്തോലന്മാരോട് പറഞ്ഞ അതേ സാന്ത്വനദായകവും പ്രോത്സാഹനജനകവുമായ വാക്കുകള്‍ ഉത്ഥിതനായ ക്രിസ്തു നിങ്ങളോട് വീണ്ടും പറയുന്നു : “നിങ്ങള്‍ക്ക് സമാധാനം,” (യോഹന്നാന്‍ 20, 21).

മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട അപത്കരങ്ങളായ കുറ്റകൃത്യങ്ങള്‍ ശക്തിപ്രാപിച്ചു വരുന്ന ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളില്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിരുനാള്‍ സമാധാനപരമായ സഹജീവനത്തിന്‍റെയും പൊതുനന്മയോടുള്ള ആദരവിന്‍റെയും വിജയ ചിഹ്നമായിരിക്കട്ടെ.

ഭീകരമായ ഭൂകമ്പത്തിന്‍റെ കെടുതിയില്‍പ്പെട്ട ഹായ്ത്തിയിലെ ജനങ്ങള്‍ ഒരു അന്തര്‍ദേശിയ ഐക്യദാര്‍ഢ്യത്തിന്‍റെ പിന്‍തുണയോടെ അവരുടെ വിലാപത്തില്‍നിന്നും ആശാഭംഗത്തില്‍നിന്നുമുള്ള ‘പുറപ്പാടി’ലൂടെ നവമായൊരു പ്രത്യാശയുടെ തീരത്ത് എത്തിച്ചേരട്ടെ. മറ്റൊരു മഹാദുരന്തത്തിന്‍റെ പ്രഹരമേറ്റ ചിലിയിലെ ജനങ്ങളും വിശ്വാസത്താല്‍ ശക്തിയാര്‍ജ്ജിച്ച് അവിടത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സധൈര്യം മുന്നേറട്ടെ. അഫ്രിക്കയില്‍ നാശവും വേദനയും വിതച്ചുകൊണ്ടു തുടരുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശക്തിയാല്‍ വിരാമമുണ്ടാകുകയും അവിടെ വികസനത്തിന്‍റെ സ്ഥായിയായ ശാന്തിയും രമ്യതയും സംജാതമാവുകയും ചെയ്യട്ടെ. അഭ്യന്തര ഭിന്നതകളുള്ള കോംഗോ റിപ്പിബ്ളിക്ക്, ഗീനിയാ, നൈജീരിയ എന്നീനാടുകളുടെയും ഭാവി ഞാന്‍ പ്രത്യേകം കര്‍ത്താവിനെ ഭരമേല്പിക്കുന്നു.

പാക്കിസ്ഥാനില്‍ സംഭവിച്ചതുപോലെ, തങ്ങളുടെ വിശ്വാസത്തെപ്രതി മരണംവരിക്കുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവര്‍ക്ക് ഉത്ഥിതനായ ക്രിസ്തു ശക്തിപകരട്ടെ.
ഭീകരപ്രവര്‍ത്തനം, സാമൂഹൃ-മത വിവേചനം എന്നിവയാല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ അവിടുന്ന് പ്രശാന്തമായ സംവാദത്തിനും സമവായത്തിനുമുള്ള ശക്തിയേകട്ടെ. സാമൂഹ്യ സാമ്പത്തിക മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ സത്യം നീതി സ്നേഹം എന്നീ മാനദണ്ഡങ്ങളാല്‍ നയിക്കപ്പെടുന്നതിന് ഈ ഉത്ഥാനത്തിരുനാള്‍ രാഷ്ട്രനേതാക്കളെ പ്രബുദ്ധരാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ രക്ഷാകരശക്തി മാനവരാശിയില്‍ ആകമാനം നിറയട്ടെ. പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരുന്ന ‘മരണസംസ്കാര’ത്തിന്‍റെ ബഹുമുഖങ്ങളായ ദുരന്താവിഷ്കാരങ്ങളെ അതിജീവിക്കുന്നതിനും, ഓരോ മനുഷ്യനും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പ‍െടുകയും ചെയ്യുന്നതിനും, സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും മനുഷ്യകുലത്തിനു കഴിയട്ടെ.

പ്രിയ സഹോദരീ സഹോദരന്മാരേ, ഉത്ഥാനമഹോത്സവം മായികമായിട്ടൊന്നും ചെയ്യുകയില്ല. ചെങ്കടലിനപ്പുറത്ത് ഇസ്രായേല്യര്‍ മരുഭൂമി കണ്ടതുപോലെ, സഭ തിരുവുത്ഥാനത്തിനപ്പുറം ചരിത്രത്തെ അതിന്‍റെ സന്തോഷത്തോടും പ്രത്യാശയോടും വേദനയോടും ആശങ്കയോടുംകൂടെ കാണുന്നു. എന്നിരുന്നാലും ഈ ചരിത്രം മാറ്റങ്ങള്‍ക്ക് വിധേയമായി, നൂതനവും സനാതനവുമായ ഒരുടമ്പടിയാല്‍ മുദ്രിതമായി, സത്യമായും ഭാവിനന്മയ്ക്കായി തുറക്കപ്പെടേണ്ടിയിരിക്കുന്നു. ആകയാല്‍, പ്രത്യാശയോടെ നമുക്ക് പുരാതനവും എന്നാല്‍ അതിനൂതനവുമായ ഒരാത്മഗീതം ഹൃദയത്തില്‍ പേറിക്കൊണ്ട് നമ്മുടെ ജീവിതയാത്ര തുടരാം: “നമുക്ക് കര്‍ത്താവിന് സ്തുതിഗീതമാലപിക്കാം, എന്തെന്നാല്‍ അവിടുത്തെ വിജയം മഹത്വപൂര്‍ണ്ണമാണ്.”
 







All the contents on this site are copyrighted ©.