2010-04-03 19:10:11

 ദൈവത്തെ, ക്രിസ്തുവിനെ
അറിയുന്നതാണ് നിത്യജീവന്‍


 2 ഏപ്രില്‍, പെസഹാ വ്യാഴം
(പെസഹാബലിയര്‍പ്പണത്തില്‍ മാര്‍പാപ്പ നല്കിയ പ്രസംഗത്തില്‍നിന്ന്)
മറ്റു മൂന്നു സുവിശേഷകന്മാരേക്കാള്‍ കൂടുതലായി യേശുവിന്‍റെ അന്തിമാഹ്വാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത് വിശുദ്ധ യോഹന്നാനാണ്. അവ യോഹന്നാന്‍റെ വ്യക്തിപരമായ സാക്ഷൃത്തിന്‍റെയും പഠനങ്ങളുടെയും രത്നച്ചുരുക്കമായി തെളിഞ്ഞു നില്ക്കുന്നു. ശുശ്രൂഷയുടേയും എളിമയുടേയും പ്രതീകമായ കാലുകഴുകല്‍ കര്‍മ്മത്തിലൂടെയാണ് രക്ഷയും മോചനവും ആവശ്യമായിരുന്ന ഒരു മനുഷ്യകുലത്തിനുവേണ്ടി യേശു തന്‍റെ രക്ഷാകരകര്‍മ്മത്തിലേയ്ക്കു പ്രവേശിക്കുന്നത്.
യേശുവിന്‍റെ വാക്കുകള്‍ ഒരു പൗരോഹിത്യ പ്രാര്‍ത്ഥനയായി ഉയരുന്നതിന് പശ്ചാത്തലമായി നില്കുന്നത് ആ നാളില്‍ത്തന്നെ ആഘോഷിക്കപ്പെട്ടിരുന്ന യഹൂദരുടെ പരിഹാരത്തിരുനാളാണ്. തിരുനാളിന്‍റെ ആചാരാനുഷ്ഠാനങ്ങള്‍ പ്രതിനിധാനംചെയ്യുകയും ലക്ഷൃംവയ്ക്കുകയും ചെയ്യുന്ന ലോകത്തിന്‍റെ നവീകരണവും ദൈവവുമായുള്ള അനുരഞ്ജനവും, യേശുവിന്‍റെ പീഡാനുഭവവും കുരിശുമരണവും വഴി സാക്ഷാത്ക്കരിക്കപ്പെടുന്നത് ഈ പൗരോഹിത്യ പ്രാര്‍ത്ഥനയില്‍ പ്രതിഫലിക്കുന്നുണ്ട്.
പെസഹാവ്യാഴാഴ്ചത്തെ സനാതന രഹസ്യങ്ങള്‍ അതിവിശിഷ്ഠവും അദ്വിതീയവുമാണെന്ന് യേശുവിന്‍റെ പൗരോഹിത്യ പ്രാര്‍ത്ഥന തെളിയിക്കുന്നു. യേശുവിലുള്ള പുതിയ പൗരോഹിത്യം, അപ്പസ്തോലന്മാരിലുള്ള അതിന്‍റെ പിന്‍തുടര്‍ച്ചാവകാശം, യേശുവിന്‍റെ പൗരോഹിത്യത്തിലുള്ള ശിഷ്യന്മാരുടെ പങ്കുചേരല്‍ എന്നിവ ഈ അന്ത്യത്താഴ വിരുന്നുമേശയില്‍നിന്നും ഉത്ഭവിക്കുന്ന സത്യങ്ങളാണ്. അഴകുള്ളതും വറ്റാത്ത ഉറവയുമായ ഈ പൗരോഹിത്യ പ്രാര്‍ത്ഥനയില്‍നിന്നും പെസഹാരഹസ്യങ്ങളിലേയ്ക്ക് നമ്മെ നയിക്കുവാന്‍ പോരുന്ന സവിശേഷമായ വചനങ്ങളാണ് യേശു ഉപയോഗിക്കുന്നത്. “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണു നിത്യജീവന്‍,” യോഹന്നാന്‍ 17, 3.

എല്ലാവരും ജീവിതം ആഗ്രഹിക്കുന്നുണ്ട് അല്ലെങ്കില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥവും പൂര്‍ണ്ണവും ഉപയുക്തവും ആനന്ദദായകവുമായ ഒരു ജീവതമാണ് നാം ആഗ്രഹിക്കുന്നത്. ആര്‍ക്കും രക്ഷപ്പെടാനാവാത്തതും അനിവാര്യവുമായ മരണമെന്ന യാഥാര്‍ത്ഥ്യത്തോടൊപ്പമാണ് ജീവിക്കുവാനുള്ള അതിയായ ആഗ്രഹം നിലനില്ക്കുന്നത്. ഈശോ നിത്യജീവനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ സത്യവും സംയോജ്യവുമായ ഒരു ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചു മാത്രമല്ല ഈശോ സംസാരിക്കുന്നത്, സജീവവും യഥാര്‍ത്ഥവുമായ, എന്നാല്‍ മരണത്തിനുപോലും കീഴ്പ്പെടുത്താനാവാത്തതും, നാം ഈ ഭൂമിയില്‍തന്നെ ആരംഭിക്കേണ്ടതുമായ ഒരു ജീവിതത്തെക്കുറിച്ചാണ്. മരണത്തിന് കവര്‍ന്നെടുക്കാനാവാത്ത, യഥാര്‍ത്ഥവും സമ്പൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ, നിത്യതയുടെ വാഗ്ദാനം സമ്പൂര്‍ണ്ണമാവുകയുള്ളൂ.

എന്നാല്‍ ഇതെങ്ങിനെയാണ് സംഭവിക്കുക ?
മരണത്തിനുപോലും സ്പര്‍ശിക്കാനാവാത്ത സത്യവും സനാതനവുമായ ജീവിതമെന്താണെന്ന് യേശുവില്‍നിന്നും നമുക്കറിയാം. “നിങ്ങള്‍ ദൈവത്ത‍െയും അവിടുന്നയച്ച ക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവന്‍.” ജീവിതം അറിവുമാത്രമാണ് എന്നു പറയുന്നത് അമ്പരപ്പിക്കുന്ന ഒരു പ്രസ്താവനയാണ്. കാരണം, ജീവിതം മാനുഷീകമായ അറിവിനുമപ്പുറമുള്ള ഒരു ബന്ധമാണ്. അത് ആരുടേയും സ്വന്തമെന്നോ തനിക്കുമാത്രമുള്ളതെന്നോ പറയാനാവില്ല. അത് സത്യത്തിലും സ്നേഹത്തിലുമുള്ള ഒരു ആത്മബന്ധമാണ്. അത് പരസ്പരമുള്ള നല്കലും അതോടൊപ്പം സ്വീകരിക്കലുമാണ്. ഈ ബന്ധമാണ് ജീവിതത്തിന് പൂര്‍ണ്ണതയും മനോഹാരിതയും നല്കുന്നത്. അതുകൊണ്ടുതന്നെയാണ് മരണം ബന്ധങ്ങളെ അകറ്റുമ്പോള്‍ നാം ഏറെ വേദനയനുഭവിക്കുന്നത്. പിന്നെ നാം ജീവിതത്തെത്തന്നെ ചോദ്യംചെയ്യുവാന്‍ തുടങ്ങും.
ജീവന്‍തന്നെയായ ഒരുവനോടുള്ള ഒരു ബന്ധത്തില്‍ മാത്രമേ, മനുഷ്യനെ മരണത്തിന്‍റെ പ്രളയത്തില്‍നിന്നും രക്ഷിക്കാനാവൂ. സനാതനമായ സത്യത്തെ മുറുകെപ്പിടിക്കുന്നവര്‍ക്ക് ശാശ്വത ജീവന്‍ ലഭിക്കുമെന്ന ചിന്ത ഗ്രീക്ക് തത്വശാസ്ത്രത്തില്‍ നാം കാണുന്നുണ്ട്. നിത്യതയുടെ ഭാഗമാണ് മനുഷ്യന്‍. അവനില്‍ സത്യം നിറയേണ്ടിയിരിക്കുന്നു. എന്നാല്‍ സത്യമൊരു സജീവനായ വ്യക്തിയാണെങ്കില്‍ മാത്രമേ മനുഷ്യനെ മരണത്തിന്‍റെ ഇരുട്ടിലൂടെ മുന്നോട്ടു നയിക്കാനാവൂ. മനുഷ്യന്‍ ദൈവത്തോടു ചേര്‍ന്നുനില്ക്കുന്നു – ഉത്ഥിതനായ ക്രിസ്തുവിനോട്. അങ്ങനെ മനുഷ്യന്‍ ജീവന്‍തന്നെയായവനോടാണ് ചേര്‍‍ന്നു നില്ക്കുന്നതും നയിക്കപ്പെടുന്നതും. ഈ ബന്ധത്തില്‍ മനുഷ്യന് മരണത്തെ അതിജീവിക്കാനാവും, കാരണം ജീവന്‍തന്നെയായവന്‍ അവനെ പാടെ ഉപേക്ഷിക്കുന്നില്ല, അല്ലെങ്കില്‍ പരിത്യക്തനാക്കുന്നില്ല.
അയച്ചവനെയും തന്നെയും അറിയുകയാണ് നിത്യജീവന്‍, എന്ന യേശുവിന്‍റെ വചനം ശ്രദ്ധേയമാണ്. അറിവ് എന്നിവിടെ ഉദ്ദേശിക്കുന്നത് സാധാരണമായ മാനുഷിക വിജ്ഞാനമല്ല. ഉദാഹരണത്തിന് ഒരാള്‍ മരണമടഞ്ഞു എന്ന അറിവ് എനിക്ക് ലഭിക്കുന്നു, അല്ലെങ്കില്‍ ഒരു കണ്ടുപിടുത്തത്തെക്കുറിച്ച് ഒരറിവ് എനിക്കു ലഭിക്കുന്നു. അറിവ് വിശുദ്ധ ഗ്രന്ഥത്തിന്‍റെ പശ്ചാത്തലത്തില്‍ അപരനുമായി ഒന്നുചേരുന്ന ഒരാത്മീയ ജ്ഞാനമാണ്. ദൈവത്തെ അറിയുക, അല്ലെങ്കില്‍ ക്രിസ്തുവിനെ അറിയുക എന്നു പറയുന്നത്, സ്നേഹിക്കുക എന്നാണര്‍ത്ഥം. ഈ അറിവിന്‍റെ വെളിച്ചത്തില്‍ നാം ക്രിസ്തുവിനെ സ്നേഹിക്കുകയും ക്രിസ്തുവില്‍ ഒന്നായിത്തീരുകയും ചെയ്യുന്നു. ജീവന്‍റെയും അസ്തിത്വത്തിന്‍റെയും നിദാനമായ ദൈവത്തെ അറിയുന്നതുവഴി നമ്മുടെ ജീവിതങ്ങള്‍ യഥാര്‍ത്ഥത്തില്‍ സത്യവും നന്മയും നിറഞ്ഞതാകുന്നു. അത് നിത്യജീവനിലുള്ള പങ്കാളിത്തമായി മാറുന്നു. അങ്ങിനെ യേശുവിന്‍റെ ആഹ്വാനം അവിടുത്തെ അറിയുവാനും സ്നേഹിക്കുവാനുമുള്ള ഒരു ക്ഷണമാണ്. നമുക്കെന്നും യേശുവുമായി ആത്മീയ ബന്ധത്തിലും സംവാദത്തിലും ജീവിക്കാന്‍ പരിശ്രമിക്കാം. നേരായ മാര്‍ഗ്ഗേചരിക്കാന്‍ യേശുവില്‍നിന്ന് നമുക്കു പഠിക്കാം, അവിടുത്തെ സാക്ഷികളാകാം. നാം അങ്ങിനെ സ്നേഹവും നന്മയുമുള്ളവരായിത്തീരും. അങ്ങനെ നാം എല്ലാ വിധത്തിലും ഉണര്‍വുള്ളവരായിത്തീരുന്നു, യേശുവിന്‍റെ പുനരുത്ഥാനത്താല്‍ നവീകൃതരാകുന്നു.
An extract from the homily of His Holiness Benedict XVI spoken on 2nd April 2010, Maundy Thursday, Vatican.







All the contents on this site are copyrighted ©.