2010-04-01 10:05:06

വത്തിക്കാനിലെ
വിശുദ്ധവാര പരിപാടികള്‍


 കൂട്ടായ്മയുടെ ബലിയര്‍പ്പണവും
തൈലാശിര്‍വാദ കര്‍മ്മയും
പെസഹാവ്യാഴാഴ്ച രാവിലെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ റോം രൂപതയിലെ 1600 വൈദികരോടൊപ്പം പൗരോഹിത്യ കൂട്ടായ്മയുടെ ബലിയര്‍പ്പിക്കും. രാവിലെ റോമിലെ സമയം
9.30-നായിരിക്കും മാര്‍പാപ്പ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സമൂഹബലിയര്‍പ്പിക്കുന്നത്. ദിവ്യബലിമദ്ധ്യേ മാര്‍പാപ്പയോടുചേര്‍ന്ന് എല്ലാ വൈദികരും തങ്ങളുടെ പൗരോഹിത്യവ്രതം നവീകരിക്കും. ജ്ഞാനസ്നാനത്തിനും രോഗീലേപനത്തിനും സ്ഥൈര്യലേപനത്തിനുമുള്ള തൈലങ്ങള്‍ ആശിര്‍വദിക്കുന്ന കര്‍മ്മവും അവിടെ നടത്തപ്പെടും. പ്രതീകാത്മകമായി ഈസ്റ്റര്‍ രാത്രിയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുവാനുള്ള രണ്ടു അര്‍ത്ഥികള്‍ ജ്ഞാനസ്നാനതൈലവും, രോഗികളായ രണ്ടു പേര്‍ രോഗീലേപനത്തിനുള്ള തൈലവും, സ്ഥൈര്യലേപനത്തിന് ഒരുങ്ങിനില്ക്കുന്ന രണ്ടു യുവാക്കള്‍ സ്ഥൈര്യലേപനതൈലവും ആശിര്‍വ്വാദകര്‍മ്മത്തില്‍ കാഴ്ചവയ്ക്കും.

കാലുകഴുകല്‍ ശുശ്രൂഷയും
തിരുവത്താഴപൂജയും
പെസഹാ വ്യാഴാഴ്ചയിലെ അന്ത്യത്താഴബലി മാര്‍പാപ്പ തന്‍റെ കത്തീദ്രല്‍ ദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കായില്‍ വൈകുന്നേരം 5.30-ന് അര്‍പ്പിക്കും. കാലുകഴുകല്‍ ശുശ്രൂഷയോടെ ആരംഭിക്കുന്ന പെസഹാ ആചരണത്തില്‍, തന്‍റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും പാരമ്യം പ്രകടമാക്കിയ ക്രിസ്തുവിനെ അനുകരിച്ച്, മാര്‍പാപ്പ റോം രൂപതയിലെ 12 വൈദികരുടെ പാദങ്ങള്‍ കഴുകും. ദിവ്യബലി മദ്ധ്യേയുള്ള സ്തോത്രക്കാഴ്ച, ഭൂകമ്പത്തില്‍ തകര്‍ന്ന ഹായിത്തിലെ പോര്‍ട്ടോ പ്രിന്‍സ് രൂപതാ സെമിനാരിയുടെ പുനര്‍നിര്‍മ്മാണത്തിനായി അയച്ചു കൊടുക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്രപ്രതിനിധി സംഘത്തിലുള്ളവര്‍ക്ക് മാര്‍പാപ്പ ദിവ്യകാരുണ്യം നല്ക്കും. ദിവ്യബലിയെത്തുടര്‍ന്നുള്ള ലഘുവായ ദിവ്യകാരുണ്യപ്രദക്ഷിണം, അവിടെത്തന്നെയുള്ള വിശുദ്ധ ഫ്രാന്‍സിസിന്‍റെ കപ്പേളയിലേയ്ക്ക് നടത്തുകയും, ദിവ്യകാരുണ്യ ആരാധന തുടരുകയും ചെയ്യും.

പീഡാനുഭവ വെള്ളി, കുരിശിന്‍റെവഴി
ദുഃഖവെള്ളിയാഴ്ച, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ വൈകുന്നേരം റോമിലെ സമയം
5 മണിക്ക് മാര്‍പാപ്പ വിശ്വാസ സമൂഹത്തോടു ചേര്‍ന്ന് കുരിശാരാധന നടത്തും, ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ധ്യാനവും ആരാധനയുമാണ് ദുഃഖവെള്ളിയാഴ്ചത്തെ പ്രധാനകര്‍മ്മങ്ങള്‍, തുടര്‍ന്ന് ദിവ്യകാരുണ്യ സ്വീകരണകര്‍മ്മവും നടത്തപ്പെടും. ദുഃഖവെള്ളിയാഴ്ച ദിവ്യബലി അര്‍പ്പിക്കപ്പെടുന്നില്ല. ക്രിസ്തുവിന്‍റെ പീഡകളിലുള്ള പങ്കുചേരലിന്‍റെ പ്രതീകമായി അന്ന് പത്രോസിന്‍റെ ബസിലിക്കായിലെ ദീപങ്ങള്‍ മങ്ങിയെരിയും.

രാത്രി 9.15-ന് ചരിത്രപുരാതനമായ റോമന്‍ കൊളോസിയത്തില്‍വച്ചു നടത്താറുള്ള കുരിശിന്‍റെവഴിയും മാര്‍പാപ്പ നയിക്കും. റോം രൂപതയുടെ മുന്‍വികാരി ജനറലും ഇറ്റലിയിലെ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റുമായിരുന്ന കര്‍ദ്ദിനാള്‍ കമീലിയോ റുയീനി തയ്യാറിക്കിയ കുരിശിന്‍റെ വഴിയുടെ പ്രാര്‍ത്ഥനകളാണ് ഇപ്രാവശ്യം മാര്‍പാപ്പാ നയിക്കുന്ന കുരിശിന്‍റെവഴിക്ക് ഉപയോഗിക്കുന്നത്.
14 സ്ഥലങ്ങളിലായി വഹിക്കപ്പെടുന്ന കുരിശ് – കര്‍ദ്ദിനാള്‍ വല്ലീനി, ഒരു കുടുംബം, ഭൂകമ്പത്തിനിരയായ ഹായിത്തിയില്‍നിന്നുള്ള രണ്ടു യുവാക്കള്‍, രണ്ടു ഇറാക്കി യുവാക്കള്‍, ജെരൂസലേമിലെ വിശുദ്ധ സ്ഥലത്തിന്‍റെ സൂക്ഷിപ്പുകാരായ രണ്ടു കപ്പൂച്ചിന്‍ വൈദികര്‍ എന്നിവര്‍ക്കു പുറമേ, രണ്ടുപേരുടെ സഹായത്തോടെ രോഗിയായ ഒരു വ്യക്തിയും പ്രതീകാത്മകമായി കുരിശു വഹിക്കും. ഇവര്‍ മാറിമാറി വഹിച്ച കുരിശ് കൊളോസിയത്തിലെ സമാപനവേദിയലെത്തിക്കുകയും, തുടര്‍ന്ന് മാര്‍പാപ്പ സമാപനാശിര്‍വ്വാദം നല്ക്കുന്നതോടെ കുരിശിന്‍റെവഴി സമാപിക്കുകയും ചെയ്യും.

പെസഹാജാഗരം
ഏപ്രില്‍ 3, ശനിയാഴ്ച രാത്രി, റോമിലെ സമയം 9 മണിക്ക് മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പെസഹാജാഗരവും സമൂഹബലിയര്‍പ്പണവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടത്തപ്പെടും.
മരണത്തില്‍നിന്നു ജീവനിലേയ്ക്കും, കുരിശില്‍നിന്ന് ഉത്ഥാനത്തിലേയ്ക്കുമുള്ള രൂപാന്തരീകരണം പെസഹാരാത്രിയില്‍ ആഘോഷിക്കപ്പെടുന്നു. ആദിയും അന്ത്യവും, വിശ്വപ്രകാശവുമായ യേശുവിനെ അനുസ്മരിപ്പിക്കുന്ന പെസഹാത്തിരിയുടെ ആശിര്‍വ്വാദവും, ദീപാര്‍ച്ചനയും,
ക്രിസ്തുവിലുള്ള നവജീവന്‍റെ പ്രതീകമായി ജ്ഞാനസ്നാന ജലാശിര്‍വ്വാദവും മാര്‍പാപ്പ നടത്തും.
റോം രൂപത പ്രത്യേകമായി ഒരുക്കിയിട്ടുള്ള 6 പേര്‍ക്ക് മാര്‍പാപ്പ
ആ രാത്രിയില്‍ ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം എന്നീ കൂദാശകള്‍ നല്കും. ജപ്പാനില്‍നിന്നും റഷ്യയില്‍നിന്നുമായി രണ്ടു പേര്‍, ഒരു സൊമാലിയന്‍ യുവതി, സുഡാന്‍, അല്‍ബേനിയ എന്നിവടങ്ങളില്‍ നിന്നായി മൂന്നുപേര്‍ - എന്നിവരാണ് ഈസ്റ്റര്‍ രാത്രിയില്‍ മാര്‍പാപ്പയില്‍നിന്നു കൂദാശകള്‍ സ്വീകരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചത്തെ മങ്ങിയ വെളിച്ചത്തില്‍നിന്നും പൂര്‍ണ്ണപ്രഭയില്‍ ആ രാവില്‍ മന്നിത്തിളങ്ങുന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക, പ്രതീകത്മകമായി മനുഷ്യകുലത്തെ തിന്മയുടെ ഇരുട്ടില്‍നിന്നും നന്മയുടെ വെളിച്ചത്തിലേയ്ക്ക് നയിക്കുന്ന വഴിയും സത്യവുമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം അനുസ്മരിപ്പിക്കും.

ഉയര്‍പ്പുതിരുനാള്‍ പ്രഭാതബലി
ഈസ്റ്റര്‍ പ്രഭാതബലി മാര്‍പാപ്പ റോമിലെ സമയം 10.15-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കും. ദിവ്യബലിയില്‍ ഇപ്രാവശ്യമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനയില്‍ ഹിന്ദി, മലയാളം എന്നീ ഇന്ത്യന്‍ ഭാഷകള്‍കൂടെ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സവിശേഷതയുണ്ട്. ദിവ്യബലിയെ തുടര്‍ന്ന് മാര്‍പാപ്പ Urbi et Orbi ലോകത്തിനും പട്ടണത്തിനുമായി എന്ന സവിശേഷ സന്ദേശം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ പ്രധാന മട്ടുപ്പാവില്‍നിന്നും നല്കും.







All the contents on this site are copyrighted ©.