2010-03-31 18:32:46

ഭീകരാക്രമണത്തില്‍
മാര്‍പാപ്പ ദുഃഖമറിയിച്ചു


31 മാര്‍ച്ച് 2010
റഷ്യയിലെ ഭൂഗര്‍ഭ തീവണ്ടി-സ്റ്റേഷനുകളില്‍ നടന്ന ഭീകരാക്രമണത്തില്‍ മാര്‍പാപ്പ തന്‍റെ ദുഃഖമറിയിച്ചു.
മാര്‍ച്ച് 30, തിങ്കളാഴ്ച രാവിലെ റഷ്യയില്‍ ക്രെംമിലിനു സമീപമുള്ള രണ്ടു ഭൂഗര്‍ഭ തീവണ്ടി സ്റ്റേഷനുകള്‍ക്കുനേരെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 39 പേര്‍ മരിക്കുകയും നൂറിലധികംപേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. റഷ്യയിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷ്പ്പ് അന്തോണിയോ മെന്നീനിവഴി, റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് അനത്തൊലേവ് ദിമീത്രിക്കയച്ച സന്ദേശത്തിലാണ് മാര്‍പാപ്പാ തന്‍റെ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചത്. ഹീനമായ ഈ അതിക്രമത്തെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും, അനേകരുടെ മരണത്തിനിടയാക്കുകയും ധാരാളം പേരെ മുറിപ്പെടുത്തുകയും ചെയ്ത ഈ സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും മാര്‍പാപ്പാ സന്ദേശത്തില്‍ പറഞ്ഞു. മരണമടഞ്ഞവര്‍ക്കുവേണ്ടി പാപ്പാ പ്രാര്‍ത്ഥന നേര്‍ന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും ആത്മീയസാമീപ്യവും വാഗ്ദാനം ചെയ്ത, മാര്‍പാപ്പ ആക്രമണത്തില്‍ മുറിപ്പെട്ടവര്‍ക്ക് ആശിര്‍വ്വാദവും ആശംസകളും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 8 മണിക്ക് സാധാരണ ജനങ്ങള്‍ ജോലിക്കായി യാത്രചെയ്യുന്ന ലൂബിയാങ്കാ സ്റ്റേഷനിലും, തുടര്‍ന്ന് 8.40ന് പാര്‍ക്ക് കള്‍ട്രി സ്റ്റേഷനിലുമാണ് ആക്രമണങ്ങള്‍ ഉണ്ടായത് നാളുകളായി റഷ്യന്‍ ഭരണകൂടവുമായി സംഘര്‍ഷത്തില്‍ കഴിയുന്ന റഷ്യയുടെ വടക്കന്‍ പ്രവിശ്യയിലുള്ള ചേച്ചന്‍ തീവ്രവാദി സംഘമാണ് ഈ ആക്രമണത്തിന്‍റെ പിന്നിലെന്ന് റഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.







All the contents on this site are copyrighted ©.